vallarpadam head

ഓര്‍മ്മകളെ പ്രണയിച്ച് ഈ വികസന തുരുത്ത്‌

Posted on: 10 Feb 2011

കെ.പി.പ്രവിത




രക്തധമനി പോലെ നീളുന്ന ഗോശ്രീ പാലങ്ങളും അഴകിന്റെ നീല മേലാപ്പിട്ട റെയില്‍പ്പാതകളും പിന്നിട്ട് ഉള്ളിലേക്കെത്തിയാല്‍ വല്ലാര്‍പാടത്തിന് ഇപ്പോഴും തനി നാടന്‍ മട്ടാണ്. ' ഡൈമണ്‍ കട്ടും ' വഞ്ചിയും ഒരണ ബോട്ട് യാത്രയുമെല്ലാം ഗൃഹാതുരതയോടെ മനസ്സില്‍ സൂക്ഷിക്കുന്ന നാട്.

നഗരവുമായി ദ്വീപിലേക്കെത്തിയ ഗോശ്രീ പാലങ്ങളും വികസനത്തിന്റെ സൈറണ്‍ മുഴക്കുന്ന വല്ലാര്‍പാടവുമൊന്നും ഈ കൊച്ചു തുരുത്തിന്റെ മനസ്സിന് കനം വെപ്പിച്ചിട്ടില്ല. ഇപ്പോഴും സംസാരിച്ചു തുടങ്ങിയാല്‍ പഴമക്കാരുടെ ഓര്‍മ്മകളൊക്കെ ബ്രിസ്‌റേറാ സായിപ്പിന്റെ ദ്വീപ് നിര്‍മ്മാണകഥകളിലും അത്ഭുതം പോലെ അദ്ദേഹം വെള്ളത്തില്‍ നിന്നും ഉയര്‍ത്തിയെടുത്ത രാമന്‍തുരുത്തിലും ഡൈമണ്‍ കട്ട് ദ്വീപിലുമൊക്കെ തന്നെ എത്തും. രാമന്‍തുരുത്തില്‍ പതിയെ ആള്‍താമസം എത്തി. പക്ഷേ ഡയമണ്ട് പോലെ സുന്ദരമായ ഡൈമണ്‍ കട്ട് വല്ലാര്‍പാടത്തുകാരുടെ പശുക്കള്‍ക്കുള്ള തുരുത്തായിരുന്നു. കഴുത്തില്‍ ഉടമസ്ഥന്റെ പേര് എഴുതിയ ബെല്‍റ്റുമായി പശുക്കിടാങ്ങളെ വഞ്ചിയില്‍ ഡൈമണ്‍ കട്ടില്‍ കൊണ്ടിറക്കി. തുരുത്തിലെ പുല്ലൊക്കെ തിന്ന് തടിച്ചുകൊഴുത്ത് ഒത്ത പശുവായി കഴിയുമ്പോള്‍ പിന്നെ തിരിച്ചു കൊണ്ടുപോക്ക്. ഡൈമണ്‍ കട്ട് ഇപ്പോള്‍ വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി മാറിക്കഴിഞ്ഞു.

ഡൈമണ്‍ കട്ട് പഴയ തലമുറയുടെ മാത്രം ഓര്‍മ്മയാണെങ്കില്‍ വല്ലാര്‍പാടം പള്ളി പുതു തലമുറയ്ക്കും ഭക്തിയുടെ ചരിത്രമാണ്. പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച വല്ലാര്‍പാടത്തമ്മയുടെ ചിത്രവും പിന്നീട് വെള്ളപ്പൊക്കത്തില്‍ അത് നഷ്ടമായതും പാലിയത്ത് രാമന്‍ വലിയച്ചന്‍ അത് വീണ്ടെടുത്ത് പള്ളിക്ക് നല്‍കിയതുമെല്ലാം ചരിത്രമായി ഇളമുറക്കാര്‍ പഠിച്ചു വച്ചിട്ടുണ്ട്. അതു പോലെ തന്നെ വല്ലാര്‍പാടംകാര് ഹൃദയത്തോട് ചേര്‍ക്കുന്നതാണ് ദ്വീപിന്റെ സ്വന്തമായിരുന്ന രാമന്‍കുട്ടിയച്ചനെ.

നഗരത്തില്‍ നിന്ന് രണ്ടാമത്തെ ഗോശ്രീ പാലമിറങ്ങി അല്‍പ്പം മുന്നോട്ട് ചെന്ന് വലത്തേ നാട്ടുവഴിയിലേക്ക് കടന്നാല്‍ വല്ലാര്‍പാടമായി. മരങ്ങള്‍ തണല്‍ വിരിക്കുന്ന, വീടുകള്‍ അതിരിടുന്ന ടാര്‍ വഴിയിലൂടെ തന്നെ മുന്നോട്ട് നടന്നാല്‍ വല്ലാര്‍പാടത്തിന്റെ ഹൃദയം പങ്കിടുന്ന പനമ്പുകാടായി. രണ്ട് പേരുണ്ടെങ്കിലും വല്ലാര്‍പാടത്തിനും പനമ്പുകാടിനും ഇപ്പോഴും ഒരേ മനസ്സാണെന്നാണ് ഇരുകരകളിലെയും ആദ്യകാല സാമൂഹ്യപരിഷ്‌ക്കര്‍ത്താവായിരുന്ന രാമന്‍കുട്ടിയച്ചന്റെ പരമ്പരയിലെ ഇളമുറക്കാരന്‍ വേണു അച്ചന്റെ പക്ഷം. രാമന്‍കുട്ടിയച്ചന്റെ സഹോദരി കല്യാണിക്കുട്ടിയമ്മയുടെ മകനാണ് നായ്ക്കര വീട്ടില്‍ വേണുഗോപാലന്‍ എന്ന വേണു അച്ചന്‍. രാമന്‍കുട്ടിയച്ചന്‍ ജനിച്ചുവളര്‍ന്ന വീട് ദ്വീപിന് നഷ്ടമായെങ്കിലും വേണുഅച്ചനിലൂടെ അവര്‍ ഇപ്പോഴും പ്രിയ നേതാവിനെ ഓര്‍ക്കുന്നു.

നന്‍മ മാത്രം വിളയുന്ന നാട്ടുവഴികള്‍ക്ക് മുന്‍പ് നഗരമെന്നത് , കാല് തേയുംവണ്ണം ആഞ്ഞുവലിഞ്ഞുള്ള നടത്തവും പിന്നെ പുഴയുടെ താളത്തിനൊപ്പം ആടി വഞ്ചിയിലേറിയുള്ള യാത്രയുമായിരുന്നു. മിടുക്കന്‍മാരായ വൈദ്യന്‍മാരും വിഷ ചികിത്സകരുമൊക്കെ ഏറെയുള്ള നാടായിരുന്നുവെങ്കിലും ഇരുട്ട് പരന്നു തുടങ്ങിയാല്‍ വല്ലാര്‍പാടത്തിന്റെ ഹൃദയമിടിപ്പ് കൂടും. അസുഖവും അപകടവും ഇരുട്ടില്‍ പതുങ്ങിയെത്തല്ലേ എന്ന പ്രാര്‍ത്ഥനയോടെ ഓരോ കുടുംബവും പായിലേക്ക് ചുരുണ്ട് കൂടും. പിന്നെ നഗരം വെറും അരമണിക്കൂറിന്റെ അകലത്തിലാക്കി ബോട്ടെത്തിയപ്പോള്‍ അവസാന ബോട്ടിന്റെ സമയം വരെ വല്ലാര്‍പാടം ടെന്‍ഷന്‍ മറന്നു.

ഒടുവില്‍ നഗരവുമായി ഗോശ്രീ പാലങ്ങളെത്തി. ഇപ്പോഴിതാ, വന്‍ നഗരങ്ങള്‍ക്ക് മാത്രം സ്വന്തമായ കണ്ടെയ്‌നര്‍ ടെര്‍മിനലും. വിളിപ്പാടകലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ . കണ്ണെത്തും അകലത്ത് അന്താരാഷ്ട്ര മറീന. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി മാറിയ വല്ലാര്‍പാടം പള്ളി. പണ്ടത്തെ വല്ലാര്‍പാടത്തിന്റെ സ്വപ്നങ്ങള്‍ക്ക് പോലുമില്ലായിരുന്നു ഇത്ര വലിപ്പം.
വികസനം ഇങ്ങനെ പാലം കയറി ഒന്നിനുപുറകെ ഒന്നായി എത്തുമ്പോഴും വേണു അച്ചനെ പോലെ ചിലരൊക്കെ ആശങ്കയിലാണ്. ഇനി വല്ലാര്‍പാടത്തെയും പനമ്പുകാട്ടെയും ജീവിതം പണ്ടത്തെ പോലെ രസകരമാകുമോ എന്നാണ് ഇവരുടെ ഭയം. വിഷം നിറഞ്ഞ പുകയും മാലിന്യവുമെല്ലാം ഏറ്റുവാങ്ങി കായല്‍ നശിക്കുമോ എന്നും അദ്ദേഹം ആശങ്കപ്പെടുന്നു.പണച്ചാക്കുകള്‍ക്ക് മാത്രമുള്ള കരയായി വല്ലാര്‍പാടം മാറല്ലേ എന്ന പ്രാര്‍ത്ഥനയും ഇവരെല്ലാം പങ്കു വെയ്ക്കുന്നു.




MathrubhumiMatrimonial