vallarpadam head



കെ.കെ.കൃഷ്ണദാസ്
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
ഡിപി വേള്‍ഡ് കൊച്ചി

ഡിപി വേള്‍ഡ് കൊച്ചിയുടെ ചീഫ് എക്‌സിക്യൂട്ടീവാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാട് സ്വദേശിയായ കെ.കെ. കൃഷ്ണദാസ്. ബ്രിട്ടീഷ് കമ്പനിയായ പി ആന്‍ഡ് ഒ പോര്‍ട്‌സിലും പി ആന്‍ഡ് ഒ ലൈനറിലും പ്രവര്‍ത്തിച്ച ശേഷം 2006 മാര്‍ച്ചില്‍ ദുബായ് പോര്‍ട്‌സ് വേള്‍ഡ് ആ കമ്പനിയെ ഏറ്റെടുത്തതോടെയാണ് കൃഷ്ണദാസ് ഡിപി വേള്‍ഡിലെത്തിയത്. 2010 ജൂലായ് 16ന് കൊച്ചിയിലെത്തുന്നതിന് മുമ്പ് ഏഴുവര്‍ഷം ഗുജറാത്തിലെ മുണ്‍ദ്ര തുറമുഖത്തായിരുന്നു. മൊത്തം 26 വര്‍ഷമായി കപ്പല്‍-തുറമുഖ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്ണദാസ് വല്ലാര്‍പാടത്തിന്റെ ഭാവി സാധ്യതകള്‍ സംബന്ധിച്ച് സംസാരിക്കുന്നു.

? വല്ലാര്‍പാടം ഇപ്പോള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായോ

= ആദ്യഘട്ടമായ 600 മീറ്റര്‍ ബെര്‍ത്ത് സജ്ജമായി. മണ്ണുമാന്തലിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം 350 മീറ്ററില്‍ ഇപ്പോള്‍ 13 മീറ്റര്‍ മുതല്‍ 14.5 മീറ്റര്‍ വരെ ആഴമുണ്ട്. ഒരു മാസത്തിനകം 16 മീറ്ററിലെത്തിക്കാനാണ് പദ്ധതി. നിലവിലുള്ള ആഴത്തില്‍ 5000 കണ്ടെയ്‌നറുകള്‍ വരെ കയറ്റാനാവുന്ന ഇടത്തരം കപ്പലുകള്‍ക്ക് കടന്നുവരാനാവും. ഇപ്പോള്‍ 14,000 കണ്ടെയ്‌നറുകള്‍ വരെ കയറ്റാവുന്ന ഭീമന്‍ കപ്പലുകളുണ്ട്. ഇവിടെ 600 മീറ്റര്‍ ബെര്‍ത്തില്‍ രണ്ട് കപ്പലുകള്‍ക്ക് നങ്കൂരമിടാനാവും.
വല്ലാര്‍പാടത്ത് 2011-ല്‍ ഏഴുലക്ഷം ടിഇയു (20 അടി) കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാവുമെന്നാണ് കണക്കാക്കുന്നത്. 2012-ല്‍ ഇത് 10 ലക്ഷമാവും. കൊച്ചി തുറമുഖത്തെ കണ്ടെയ്‌നര്‍ വരവില്‍ 2005 മുതല്‍ വര്‍ഷാവര്‍ഷം 14 ശതമാനം വര്‍ധനയുണ്ട്. ഇനി മെയിന്‍ ലൈന്‍ വെസ്സലുകളിലേക്ക് നേരിട്ട് കയറ്റാമെന്നതിനാല്‍ കണ്ടെയ്‌നര്‍ വരവില്‍ വന്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.

? ബെര്‍ത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിശദീകരിക്കാമോ

= നാല് സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ട്വിന്‍ ലിഫ്റ്റ് ക്വേ ക്രെയിനുകളും രണ്ട് മൊബൈല്‍ ഹാര്‍ബര്‍ ക്രെയിനുകളും റബ്ബര്‍ ടയറോടുകൂടിയ 15 ഗ്യാന്‍ട്രി ക്രെയിനുകളുമാണ് ഒരുക്കിയിരിക്കുന്നത്. സമുദ്രോല്പന്നം, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കായുള്ള റഫ്രിജറേറ്റു ചെയ്ത കണ്ടെയ്‌നറുകള്‍ വരുമ്പോള്‍ അവയ്ക്കായി 450 പ്ലഗ് പോയിന്‍റുകളും ഘടിപ്പിച്ചിട്ടുണ്ട്.


റെയില്‍വഴിയുള്ള കണ്ടെയ്‌നറുകള്‍ കൈകാര്യംചെയ്യാന്‍ രണ്ട് റീച്ച് സ്റ്റാക്കറുകളും സജ്ജമായി. ചൈനയിലെ ഇസഡ്പിഎംസി കമ്പനിയില്‍നിന്നുള്ള സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനുകള്‍ക്ക് ഓരോന്നിനും 50 കോടിയോളം രൂപ വില വരും. റെയിലിലൂടെ നീങ്ങുന്ന ഇവയ്ക്ക് 117 മീറ്റര്‍ ഉയരമുണ്ട്. ഇവയ്ക്ക് ഒരേസമയം രണ്ട് ഇരുപതടി കണ്ടെയ്‌നറുകള്‍ കൈകാര്യംചെയ്യാനാവുമെന്നതാണ് സവിശേഷത. ഗള്‍ഫ് പോര്‍ട്ട് ക്രെയിന്‍സില്‍നിന്നുള്ള റബ്ബര്‍ടയറോടുകൂടിയ ഗ്യാന്‍ട്രി ക്രെയിനുകള്‍ക്ക് ഓരോന്നിനും എട്ടുകോടി രൂപയ്ക്കും 10 കോടിക്കുമിടയില്‍ വിലവരും.

കപ്പലില്‍നിന്നെടുക്കുന്ന കണ്ടെയ്‌നറുകള്‍ യാര്‍ഡിലേക്ക് കൊണ്ടുപോവാന്‍ ഇന്‍റര്‍ ടെര്‍മിനല്‍ വെഹിക്കിളുണ്ട്. ഒരു കണ്ടെയ്‌നറിനു മുകളില്‍ നാലെണ്ണം അട്ടിയിടാനാവും. റബ്ബര്‍ടയറുള്ള ഗ്യാന്‍ട്രി ക്രെയിനുകള്‍ പുറത്തുനിന്നുവരുന്ന കണ്ടെയ്‌നറുകള്‍ എടുത്ത് യാര്‍ഡില്‍ വെക്കുകയും യാര്‍ഡില്‍നിന്ന് കപ്പലിലേക്ക് കയറ്റാനായി ഇന്‍റര്‍ ടെര്‍മിനല്‍ വെഹിക്കിളിലേക്ക് എടുത്തുവെക്കുകയുംചെയ്യും. 20 അടി കണ്ടെയ്‌നറിന് 30-35 ടണ്‍ ഭാരമുണ്ടാകും.

ട്രെയിനില്‍ വരുന്ന കണ്ടെയ്‌നറുകള്‍ റീച്ച് സ്റ്റാക്കര്‍ ഉപയോഗിച്ചാണ് ഇന്‍റര്‍ ടെര്‍മിനല്‍ വെഹിക്കിളിലേക്ക് എടുത്തുവെക്കുക. ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോയും വല്ലാര്‍പാടത്തുണ്ട്.

വെസല്‍ പ്ലാനിങ്ങും യാര്‍ഡ് പ്ലാനിങ്ങും നവിസ് സ്​പാര്‍ക്ക്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടവര്‍ കണ്‍ട്രോളില്‍നിന്ന് നിയന്ത്രിക്കാനാവും. തുടക്കത്തില്‍ പ്രതിദിനം 700-800 ട്രക്കുകള്‍ വല്ലാര്‍പാടത്തെത്തും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ട്രെയിനുകളാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 15 ട്രെയിനുകള്‍ കൈകാര്യംചെയ്യാനുള്ള ശേഷി റെയില്‍വേ ലൈനിനുണ്ട്. കൂടുതല്‍ കപ്പലുകള്‍ അടുക്കുന്നതോടെ റെയില്‍കടത്തില്‍ ഭീമമായ വര്‍ധനയുണ്ടാകും.

? ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ കണ്ടെയ്‌നറുകള്‍ പ്രതീക്ഷിക്കുന്നുണ്ടോ

= വല്ലാര്‍പാടത്ത് ഭീമന്‍കപ്പലുകള്‍ വരുന്നതോടെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, കരൂര്‍, ബാംഗ്ലൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. കാരണം, മെയിന്‍ലൈന്‍ വെസലുകള്‍ നേരിട്ട് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനാല്‍ കയറ്റിറക്കുമതിക്കാര്‍ക്ക് ചെലവും സമയവും കുറയ്ക്കാനാവും. ടെര്‍മിനലിന്റെ ഓഹരിയുടമ കൂടിയായ കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രാജ്യത്തെ പ്രമുഖ ഇന്‍ലാന്‍റ് കണ്ടെയ്‌നര്‍ ഡിപ്പോകളുമായി കൊച്ചിയെ ബന്ധിപ്പിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. കൊച്ചിയെ ഗേറ്റ്‌വേ തുറമുഖമായി പരിഗണിക്കാന്‍ ഇത് കയറ്റിറക്കുമതിക്കാര്‍ക്ക് പ്രോത്സാഹനമാകും.

? വല്ലാര്‍പാടത്തെ തൊഴില്‍സാധ്യത

= നിലവില്‍ 300 പേരുണ്ട്. കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍, വെയര്‍ഹൗസുകള്‍, ട്രക്ക് ഗതാഗതം എന്നീ അനുബന്ധമേഖലകളിലും തൊഴിലവസരം വര്‍ധിക്കും.

? ഭാവി വികസനം

= വല്ലാര്‍പാടത്തിന്റെ വികസനം കണ്ടെയ്‌നര്‍ കടത്തിലെ വര്‍ധനയ്ക്ക് അനുസൃതമായിരിക്കും. അന്തിമഘട്ടത്തില്‍ 1800 മീറ്റര്‍ ബെര്‍ത്ത് ആവുന്നതോടെ ഒറ്റ ഓപ്പറേറ്റര്‍ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ടെര്‍മിനലാവും ഇ ത്. കൈകാര്യംചെയ്യുന്ന കണ്ടെയ്‌നറുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലെ നവഷേവയാണ് മുമ്പില്‍. എന്നാല്‍, വല്ലാര്‍പാടം അന്തിമഘട്ടത്തില്‍ ലക്ഷ്യമിടുന്നത് പ്രതിവര്‍ഷം 55 ലക്ഷം കണ്ടെയ്‌നറുകളാണ്. കാരണം, പൂര്‍വേഷ്യയില്‍നിന്ന് പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പ്-അമേരിക്ക എന്നിവിടങ്ങളിലേക്കുമുള്ള റൂട്ടാണിത്.


രാധാകൃഷ്ണന്‍ നരിപ്പറ്റ
Tags:   expecting seven lakh containers left



MathrubhumiMatrimonial