
ഗീതാദര്‍ശനം - 710
Posted on: 03 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
അതിനെ പരമാശ്രയമായി ശരിയായി അറിയുകയും 'ഞാന്‍' എന്ന എല്ലാ ധാരണയും ക്രമേണ ഒഴിവാക്കി പരമമായ ഭക്തിയോടെ അതുമായി താദാത്മ്യം പ്രാപിക്കാന്‍ എല്ലാ കഴിവുകളും ഉപയോഗിക്കുകയുമാണല്ലോ വേണ്ടത്. പൂര്‍ണമായ ആ സ്വാതന്ത്ര്യവും നിത്യതയും ശക്തിയും സൗന്ദര്യവും ആനന്ദവും നേടാനല്ലേ ഏറ്റവും പ്രധാനമായി മനുഷ്യജന്മം ഉപയോഗിക്കേണ്ടത്? അതെ എന്നല്ലാതെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മറുപടി പറയാനാവില്ല.
എന്നാല്‍, ബുദ്ധികൊണ്ടറിഞ്ഞാല്‍ പോരാ, ഇത് അനുഭവജ്ഞാനം (വിജ്ഞാനം)തന്നെ ആയ ശേഷം, ബുദ്ധിയെയും (കാര്യകാരണവിവേചനത്തെയും) അതിക്രമിച്ച് നില്‍ക്കുന്ന അതിനെ സര്‍വ പ്രകാരത്തിലും ശരണം പ്രാപിച്ച് ഉള്ളില്‍ പ്രതിഷ്ഠിച്ച് ഭക്തികൊണ്ട് ഹൃദയം നിറയണം. വിശ്വാസവും (ദൃഢമായ ധാരണ) ഭക്തിയും മനസ്സിലുറച്ചാല്‍ അവ അഹംബോധത്തില്‍ പതിയുന്നു. അതോടെ വാസനകള്‍ രൂപാന്തരപ്പെടും.
പറഞ്ഞും പഠിപ്പിച്ചും അറിഞ്ഞത് അനുഭവമാകുന്നത് അതിന്റെ രുചികൂടി അറിഞ്ഞ് ഇഷ്ടമാകുമ്പോഴാണ്. അതായത്, ഈ അറിവ് സ്വീകരിക്കുന്ന ആളിന് അതിനോടുള്ള മനോഭാവം പരമപ്രധാനമാണ്. അതിനാല്‍, ഇപ്പറഞ്ഞതൊക്കെ നല്ലപോലെ ആലോചിച്ചതില്‍പ്പിന്നെ, ഇഷ്ടമായെങ്കില്‍ മാത്രം സ്വീകരിക്കുക.
ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈ്യതദശേഷേണ
യഥേച്ഛസി തഥാ കുരു
രഹസ്യങ്ങളില്‍ രഹസ്യമായ, ഇപ്രകാരമുള്ള, അറിവ് ഞാന്‍ നിനക്ക് ഉപദേശിച്ചുകഴിഞ്ഞു. ഇതിനെ അടിമുടി വിമര്‍ശവിചാരം ചെയ്ത് (പിന്നെ) യഥേഷ്ടം പ്രവര്‍ത്തിക്കുക.
ഈ പദ്യം രണ്ട് പ്രസ്താവങ്ങളും രണ്ട് നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ഇപ്പറഞ്ഞതൊക്കെ അറിവാണ് എന്നതാണ് ഒരു പ്രസ്താവം. അറിവ് മൂന്നുതരത്തിലുണ്ട്. ഇന്ദ്രിയങ്ങള്‍കൊണ്ട് കിട്ടുന്നത് ഒന്ന്. പരിസരജ്ഞാനം ഉദാഹരണം. ബുദ്ധികൊണ്ടുരുത്തിരിഞ്ഞുകിട്ടുന്ന അറിവ് രണ്ടാമത്തേത്. സയന്‍സിന്റെ കണ്ടെത്തലുകള്‍ ഈ വകുപ്പില്‍ പെടുന്നു. ബുദ്ധിക്കുമപ്പുറമുള്ള അഹംബോധത്തിനു മാത്രം വെളിപ്പെട്ടുകിട്ടുന്നത് മൂന്നാമത്തെ ഇനം. മൂന്നും ഒരേ വെളിച്ചത്തിന്റെ മൂന്നു തലങ്ങളാണെന്നു കാണാന്‍ വിഷമമില്ല. പക്ഷേ, ഈ അവസാന ഇനം അവനവന്‍തന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ്. അതിലേക്കുള്ള വഴി പറഞ്ഞു തരാനേ അത് കൈവന്നവര്‍ക്ക് കഴിയൂ. ആ അറിവിന്റെ വഴിയാണ് ഇവിടെ ഉപദേശിക്കപ്പെട്ടത്.
(തുടരും)
