
ഗീതാദര്‍ശനം - 705
Posted on: 29 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
യദഹങ്കാരമാശ്രിത്യ
ന യോത്സ്യ ഇതി മന്യസേ
മിഥൈ്യഷ വ്യവസായസ്‌തേ
പ്രകൃതിസ്ത്വാം നിയോക്ഷ്യതി
അഹങ്കാരത്തെ (കര്‍ത്തൃത്വാഭിമാനത്തെ) ആശ്രയിച്ച് നീ ''ഞാന്‍ യുദ്ധം ചെയ്യില്ല'' എന്നു വിചാരിക്കുന്നെങ്കില്‍ നിന്റെ ആ തീരുമാനം നടപ്പില്ലാത്തതാണ്. നിന്നെ പ്രകൃതി അതിനായി നിയോഗിക്കുകതന്നെ ചെയ്യും.
ഈശ്വരാര്‍പ്പണമായി കര്‍മം ചെയ്താലേ വാസനകളെ ക്ഷയിപ്പിച്ച് പ്രകൃതിയിലെ താളത്തില്‍ ലയമാകാന്‍ പറ്റൂ, അഹങ്കാരംകൊണ്ട് കഴിയില്ല. ഞാന്‍ ഇതു ചെയ്യും എന്ന് അഹങ്കാരത്തോടെ നിശ്ചയിക്കുന്ന കാര്യങ്ങളില്‍ മഹാഭൂരിഭാഗവും നടപ്പിലാക്കാന്‍ മനുഷ്യരില്‍ മിക്കവര്‍ക്കും ഒക്കാറില്ല. ഞാന്‍ ചെയ്യില്ല എന്ന് അഹങ്കാരപൂര്‍വം പലരും തീരുമാനിക്കുന്ന കാര്യങ്ങള്‍ അവര്‍തന്നെ അവശരായി ചെയ്യേണ്ടിവരാറുമുണ്ട്.
പ്രകൃതിയുടെ സ്വഭാവം സൃഷ്ടിസ്ഥിതിലയങ്ങളുടെ ചാക്രികതയാണല്ലോ. ഒരുപാട് ഘടകങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ചിരപരിണാമികളായ ഫലങ്ങളാണ് നിമിഷംപ്രതി അരങ്ങേറുന്നത്. ഈ ഘടകങ്ങളില്‍ മനുഷ്യനുമാത്രമാണ് സ്വന്തം കര്‍മങ്ങളെ അവയില്‍നിന്നു മാറിനിന്ന് നോക്കിക്കാണാന്‍ കഴിവുള്ളത്. കര്‍മങ്ങളില്‍നിന്ന് മാറി നില്‍ക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ, അപ്പോഴും ഇല്ല. ഞാന്‍ ശ്വാസം കഴിക്കുന്നതിനെ എനിക്ക് നിരീക്ഷിക്കാം, നിയന്ത്രിക്കാം. പക്ഷേ, ശ്വാസം കഴിക്കാതിരിക്കാന്‍ പറ്റില്ല. ഇങ്ങനെ ഒരു അടിമത്തം എനിക്കു വേണ്ട, ഞാന്‍ ഇനി മേലില്‍ ശ്വാസം കഴിക്കില്ല എന്നു നിശ്ചയിക്കാന്‍ ആര്‍ക്കും കഴിയും. എന്നാലത് ഒരിക്കലും നടപ്പിലാക്കാനാവാത്ത സംഗതിയാണ്. ഏതാനും മിനിറ്റുകള്‍ക്കകം പ്രകൃതി എന്നെക്കൊണ്ട് ശ്വസിപ്പിക്കും.
മറ്റു കര്‍മങ്ങളുടെ കാര്യത്തില്‍ ഇത്രയും പ്രത്യക്ഷമല്ല ഈ ബന്ധനം എന്നേ ഉള്ളൂ. ഗുണച്ചേരുവകളുടെ പ്രത്യേകത കാരണം ഉടലെടുക്കുന്ന എല്ലാ കര്‍മവാസനകളുടെയും കാര്യത്തില്‍ ഈ കെട്ടുപാട് പ്രവര്‍ത്തിക്കുന്നു.
സ്വഭാവജേന കൗന്തേയ
നിബദ്ധഃ സ്വേന കര്‍മണാ
കര്‍ത്തും നേച്ഛസി യന്മോഹാത്
കരിഷ്യസ്യവശോfപി തത് കാര്യ
(തുടരും)
