
ഗീതാദര്‍ശനം - 703
Posted on: 27 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
അറിവ് വിജ്ഞാനമാകണം. അതായത്, കര്‍മം ചെയ്യുമ്പോള്‍ സ്വാഭാവികമായി ഉള്ളില്‍നിന്നുവരണം. അതിന് ഭക്തിയും പുനര്‍വായനയും മനനവും കര്‍മയോഗമെന്ന പരിശീലനവും വേണം. അവനവനുതന്നെ അറിയാം, എത്ര മുന്നേറി എന്ന്. വിവേകി എത്ര ക്ലേശകരമായ കര്‍മം ചെയ്യുമ്പോഴും ഈശ്വരവിചാരം കൂടെയുണ്ടാവുന്നു.
കര്‍ത്തൃത്വവിചാരം തീരേ ഇല്ലാതിരിക്കയും അതിന്റെ പാര്‍ശ്വഫലമായി ഭോക്തൃത്വവിചാരം നീങ്ങിക്കിട്ടുകയും കര്‍മത്തിലെ കൗശലവും അധ്യാത്മവിദ്യയും അനിച്ഛാപ്രതികരണമെന്നോണം ലഭ്യമാകുകയും ചെയ്യുന്ന അവസ്ഥ മനസ്സിന് സ്വായത്തമാകണം. അപ്പോള്‍ എത്ര ഭീകരമായ കഷ്ടപ്പാടിലും സംശയലേശമെന്യേ ഈശ്വരാഭിമുഖമായിത്തന്നെ നില്‍ക്കാന്‍ കരുത്തു കിട്ടുന്നു.
കര്‍ത്തൃത്വവിചാരം തീരെ നീങ്ങണമെങ്കില്‍ സ്വന്തം വാസനയല്ല, പ്രകൃതിയാണ് കര്‍മത്തിന് ആസ്പദം എന്നു മനസ്സിലാവണം. അപ്പോള്‍ കര്‍മഫലങ്ങളെയും പുനര്‍ജന്മങ്ങളെയും പറ്റി പൂര്‍ണമായി മറക്കാം. അതുപോലെ, ഞാനും പ്രപഞ്ചവും വെവ്വേറെ അല്ല, എനിക്കുമാത്രമായി ഒന്നും കിട്ടാനില്ല, എന്നു തീര്‍ച്ചയായാലേ ഭോക്തൃത്വവിചാരം പോകൂ. പ്രപഞ്ചമനസ്സുമായി നമ്മുടെ മനസ്സിന്റെ ട്യൂണിങ് ശരിയായാലേ ഇതു രണ്ടും ഒക്കൂ. അഥവാ, ഇത് രണ്ടും ഒപ്പിക്കാന്‍ ശീലിച്ചാലേ ആ ട്യൂണിങ് ശരിയാവൂ.
ആ ശീലമുണ്ടാകാന്‍ കര്‍മങ്ങളെല്ലാം ഈശ്വരാരാധനയാക്കുകയാണ് ഏറ്റവും എളുപ്പമുള്ള വഴി. മറ്റെന്തില്‍ നിക്ഷേപിച്ചാലും കര്‍ത്തൃത്വബോധം, വളഞ്ഞുതിരിഞ്ഞാണെങ്കിലും, വന്ന് നമ്മുടെ മൂക്കില്‍ത്തന്നെ പിടിക്കും. കര്‍മങ്ങള്‍ ഈശ്വരനില്‍ നിക്ഷേപിക്കാന്‍ ഒക്കണമെങ്കില്‍ ഈശ്വരനാണ് സര്‍വശ്രേഷ്ഠമായത് എന്ന ഉറച്ച ധാരണ കൈവരണം. അതുണ്ടാകാന്‍ വിവേകം ഉദിക്കണം. ബുദ്ധിയിലെ ഈ ധാരണ അഹംബോധത്തെ സ്വാധീനിച്ച് വാസനയെ രൂപാന്തരപ്പെടുത്താന്‍ ഉതകണം. വിവേകപൂര്‍വം കര്‍മം ചെയ്യുന്നതിന് വ്യാസര്‍ നല്‍കുന്ന പേരാണ് ബുദ്ധിയോഗം. (അതെങ്ങനെ എന്ന് രണ്ടാമധ്യായം മുപ്പത്തിയൊമ്പതാം പദ്യത്തില്‍ പറഞ്ഞിട്ടുണ്ട്.) സ്വഭാവനിയതമായ കര്‍മം ചെയ്യുമ്പോള്‍ മനസ്സിനെ സ്ഥിരമായി ഈശ്വരനില്‍ നിര്‍ത്താം.
ഇതു സാധിച്ചാലുള്ള മെച്ചവും ഇല്ലെങ്കിലുള്ള അപകടവും പറയുന്നു.
(തുടരും)
