
ആനന്ദനടനം
Posted on: 20 Jan 2011

പ്രേമത്തിനും പ്രണയഭാവത്തിനും പ്രാധാന്യം നല്‍കുന്ന വിഷയങ്ങളായിരുന്നു അധികംപേരും ആടിത്തീര്‍ത്തത്. കൃഷ്ണനും രാധയും, കൃഷ്ണനും രുമ്മിണിയും, ഗോപികമാരും കാര്‍വര്‍ണനും വേദിയില്‍ നിറഞ്ഞുനിന്നു. ഇവരുടെ പ്രണയചേഷ്ടകള്‍, ഹൃദയതാളങ്ങള്‍ എന്നിവ ഓരോമുദ്രയിലും അവതരിപ്പിച്ച് കൗമാര കലാകാരികള്‍ കൈയടി നേടി.
കൃഷ്ണനെ അന്വേഷിക്കുന്ന രാധയുടെയും ഗോപികമാരുടെയും വിരഹവും ഭാവതീവ്രതയോടെ നവരസങ്ങളിലൂടെ വേദിയില്‍ മിന്നിത്തെളിഞ്ഞു.
സ്ഥിരം മാതൃകയിലല്ലാതെ പുതിയ പരീക്ഷണങ്ങള്‍ക്കും മോഹിനിയാട്ടവേദി സാക്ഷ്യംവഹിച്ചു. പറയിപെറ്റ പന്തിരുകുലത്തിലെ അമ്മയായ പഞ്ചമിയുടെ ദുഃഖവും 101 മക്കളെ യുദ്ധത്തില്‍ നഷ്ടപ്പെട്ട ഗാന്ധാരിയുടെ വിലാപവും, പരിത്യജിക്കപ്പെട്ട സീതയുടെ വേദനയും നാട്യഭംഗിയുടെ പകര്‍ന്നാട്ടത്തിലൂടെ അനുവാചക ഹൃദയം കവര്‍ന്നു.10 അപ്പീലുകാരുള്‍പ്പെടെ 24 പേര്‍ മത്സരിച്ച ഇനത്തില്‍ 18 പേര്‍ക്കും 'എ' ഗ്രേഡ് നേടാനായി. അഞ്ചുപേര്‍ക്ക് ബി ഗ്രേഡും ഒരാള്‍ക്ക് സി ഗ്രേഡുമാണ് ലഭിച്ചത്. മോഹിനിയാട്ടത്തില്‍ ഭരതനാട്യത്തിന്റെ അതിപ്രസരം കടന്നുവരുന്നതായും മേയ്ക്കപ്പ് കൂടുതല്‍ ഉപയോഗിച്ച് അഭിനയം കുറയ്ക്കുന്നതായും ജഡ്ജസ് അഭിപ്രായപ്പെട്ടു.
കണ്ണൂരിലെ കടമ്പൂര്‍ ഗവ. എച്ച്.എസ്.എസ്സിലെ അര്‍ച്ചിത അനീഷ്‌കുമാര്‍ ഒന്നാം സ്ഥാനവും തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് എച്ച്.എസ്.എസ്സിലെ മീരാ ശ്രീനാരായണന്‍ രണ്ടാം സ്ഥാനവും കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്.എസ്.എസ്സിലെ നിഘ്‌ന അനില്‍ മൂന്നാം സ്ഥാനവും നേടി.
