githadharsanam

ഗീതാദര്‍ശനം - 694

Posted on: 14 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


നമ്മുടെ ശരീരവും മനസ്സും ബാഹ്യലോകവും ആ ശുദ്ധബോധത്തില്‍ താത്കാലികമായി ഉള്ള ഏതാനും കാര്യങ്ങള്‍ മാത്രമാണ് എന്ന് നാം തിരിച്ചറിയുന്നില്ല. ശുദ്ധബോധത്തെ കണ്ടെത്തുന്നതിനു പകരം, നാം നമ്മുടെ ശരീരത്തെയും മനസ്സിനെയും അഹംബോധത്തെയും ''ഇതാണ് ഞാന്‍'' എന്ന അഹങ്കാരമാക്കി (വഷ്) വിടാതെ പിടിച്ചുകൊണ്ട്, ഇന്ദ്രിയങ്ങളുടെ മാത്രം വിതാനത്തില്‍ ''ഇതാണ് എന്റെ ലോകം'' എന്നുറപ്പിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ബുദ്ധ്യാ വിശുദ്ധയാ യുക്തഃ
ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീന്‍ വിഷയാംസ്ത്യക്ത്വാ
രാഗദ്വേഷൗ വ്യുദസ്യ ച

(തത്ത്വചിന്തകൊണ്ട് ഭേദചിന്ത നശിച്ച്) ശുദ്ധമായ ബുദ്ധിയോടുകൂടി, സങ്കല്പങ്ങളെ ധീരമായി നിരോധിച്ചിട്ട്, (മനസ്സിനെ) ഏകാഗ്രമാക്കി, ശബ്ദം തുടങ്ങിയ എല്ലാ (ഇന്ദ്രിയ)വിഷയങ്ങളെയും വിട്ട്, രാഗദ്വേഷങ്ങളെ അകറ്റി ....

ധ്യാനം പുരോഗമിക്കേണ്ടതെങ്ങനെ എന്നു വെളിപ്പെടുത്തുന്നു. കര്‍മബന്ധനിരപേക്ഷമായ അവസ്ഥയില്‍ എത്താനും അവിടന്നങ്ങോട്ടും ധ്യാനം എങ്ങനെ വേണം എന്നാണ് പറയുന്നത്. ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്കു വീണ്ടും പോകാന്‍ അനുവദിക്കാതിരിക്കുക. മനസ്സില്‍ രാഗദ്വേഷങ്ങള്‍ വീണ്ടും അടിയാതെ നോക്കുക.

പ്രപഞ്ചം യഥാര്‍ഥമാണ്, പക്ഷേ, നിത്യമല്ല. നിത്യമായതിനോട് താദാത്മ്യം പ്രാപിക്കാനാണല്ലോ ശ്രമം. അതിനാല്‍ അനിത്യമായത് നിത്യമാണെന്ന ധാരണ ആദ്യം പോകണം. ഇന്ദ്രിയങ്ങള്‍ പരമാത്മപ്രകാശസ്ഫുരണങ്ങള്‍തന്നെ ആയതിനാല്‍ ശ്രേഷ്ഠങ്ങളാണ്, പക്ഷേ, അവ തരുന്ന അറിവുകള്‍ കേവലം ആപേക്ഷികങ്ങളാണ്, ആത്യന്തികമല്ല. ലൗകികമായ അനുഭവപരമ്പരയാണ് ആനന്ദമയമായ ബോധത്തെ മറച്ച് അനിത്യം നിത്യമെന്നും ആപേക്ഷികം ആത്യന്തികമെന്നും തോന്നിപ്പിക്കുന്നത്. അതിനാല്‍ മനസ്സ് ശുദ്ധമാകണം. ഭയങ്ങളും കൊതിപ്പിക്കുന്ന സങ്കല്പങ്ങളും അടങ്ങുമ്പോള്‍ അകത്തുനിന്നുള്ള ആഗ്രഹങ്ങള്‍ ആത്മബോധത്തെ മറുവശത്തുനിന്ന് മറയ്ക്കുന്നത് നിലയ്ക്കും. മനസ്സിനെ അടക്കിനിര്‍ത്താന്‍ ശീലിക്കണം. നേടിയ അറിവ് ഉള്ളില്‍ ഉറയ്ക്കുമ്പോള്‍ ഇതു സ്വാഭാവികമായും സാധിക്കും. അങ്ങനെ വരുതിയിലായ മനസ്സിനെ ശുദ്ധബോധത്തില്‍ ഏകാഗ്രമായി നിര്‍ത്താം. ഇന്ദ്രിയചോദനകളും രാഗദ്വേഷങ്ങളും ചിന്താശൈഥില്യം വരുത്തി ഏകാഗ്രതയ്ക്ക് ആദ്യമൊക്കെ ഏടാകൂടമൊരുക്കും. കൂടുതല്‍ അറിയാനും അറിഞ്ഞതിനെപ്പറ്റി മനനം ചെയ്യാനും ശ്രമിക്കാം. ജ്ഞാനം വിജ്ഞാനമാകുമ്പോള്‍ ധ്യാനം പുരോഗമിക്കുകയും രാഗദ്വേഷങ്ങളും മറ്റും ക്രമേണ അടങ്ങിക്കൊള്ളുകയും ചെയ്യും.



MathrubhumiMatrimonial