githadharsanam

ഗീതാദര്‍ശനം - 691

Posted on: 11 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ഞാന്‍ ചെയ്യുന്നു എന്നു മനസ്സും ഞാന്‍ ഫലം അനുഭവിക്കുന്നു എന്നു ബുദ്ധിയും പുറപ്പെടുന്നു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആഗ്രഹങ്ങളും അവയില്‍നിന്ന് കൊതിപ്പിക്കുന്ന സങ്കല്പങ്ങളും ജനിക്കുന്നു. ഇത്തരം സങ്കല്പങ്ങളുടെ പ്രകടനമാണ് കാമ്യകര്‍മം. സങ്കല്പത്തില്‍നിന്നു വരുന്ന ആഗ്രഹങ്ങളുടെ നിവൃത്തിക്കായുള്ള കര്‍മങ്ങള്‍ ഇല്ലാതാകുന്നതോടെ ഈ പാക്കേജ് അപ്പടി ഒഴിവാകും. (കാമ്യകര്‍മങ്ങളെല്ലാം ഒറ്റയടിക്ക് ബലമായി ഉപേക്ഷിക്കാനല്ല പറയുന്നത്. വാസനകള്‍ അതിനു സമ്മതിക്കില്ല. പകരം, സങ്കല്പങ്ങളില്‍ കുടുങ്ങാതെ കര്‍മം ചെയ്ത് വാസനകള്‍ എരിഞ്ഞടങ്ങുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.) ഇതിന്റെകൂടെ കര്‍മത്തിലെ ഫലത്തിലുള്ള ഇച്ഛകൂടി ഇല്ലാതാകുന്നതോടെ, കര്‍മനിരതനായി ഇരിക്കുമ്പോഴും മനുഷ്യന് കര്‍മനിരപേക്ഷമായ അവസ്ഥ എന്ന സിദ്ധി കൈവരും. നിയതകര്‍മത്തിനുള്ള വാസനകൂടി ഈ ത്യാഗത്തിലൂടെ ക്ഷയിച്ചു തുടങ്ങുന്നു. വാസനാരഹിതമായ സ്വാഭാവികകര്‍മം പിന്നെ വീണക്കമ്പിയുടെ തനതുശ്രുതിപോലെയേ ഇരിക്കൂ.

വൃക്ഷത്തെ നോക്കുക. ഞാന്‍ തളിര്‍ക്കുന്നു, പൂക്കുന്നു, കായ്ക്കുന്നു എന്ന ബോധം അതിനില്ല. ഇതെല്ലാം അതിന്റെ ജീവിതത്തിലെ നിയതപരിണതികളാണ്. സ്വന്തം ഫലം അത് അനുഭവിക്കുന്നില്ല. ആ ഫലം ഭക്ഷിക്കാന്‍ വരുന്ന ജീവികളില്‍ ഒന്നിനോടും അതിന് മമതയോ വിദ്വേഷമോ ഇല്ല. മഹാവൃക്ഷങ്ങളെ മഹേശ്വരരായി കാണാന്‍ നമ്മുടെ പൂര്‍വികര്‍ക്ക് തോന്നിയത് കാര്യമില്ലാതെ അല്ല.

കര്‍മനിരപേക്ഷമായ ഈ സ്വതന്ത്രാവസ്ഥ ഒരു ഇടനിലയാണ്. ഈ നിലയില്‍നിന്ന് പരംപൊരുള്‍സാരൂപ്യത്തിലേക്കു പോകാന്‍ വൃക്ഷത്തിനാവില്ല. ആത്മാവബോധം ഇല്ലാത്തതുതന്നെ കാരണം. മനുഷ്യന് അതുണ്ട്.

കര്‍മബന്ധങ്ങളില്‍നിന്ന് തീര്‍ത്തും സ്വതന്ത്രമായ ഭാവമാണ് പുരുഷോത്തമസ്ഥിതി. അതേ അവസ്ഥയില്‍ എത്തിയവര്‍ക്ക് ആ ഭാവവുമായി താദാത്മ്യം പ്രാപിക്കാം.
അതെങ്ങനെ സാധിക്കാമെന്നു പറയുന്നു -
സിദ്ധിം പ്രാപ്‌തോ യഥാ ബ്രഹ്മ
തഥാപ്‌നോതി നിബോധ മേ
സമാസേനൈവ കൗന്തേയ
നിഷ്ഠാ ജ്ഞാനസ്യ യാ പരാ

ഹേ കുന്തീപുത്രാ, മുന്‍പറഞ്ഞ വഴിയിലൂടെ നൈഷ്‌കര്‍മ്യസിദ്ധി (കര്‍മനിരപേക്ഷത എന്ന സിദ്ധി) ഉണ്ടായാല്‍ (പിന്നെ) എപ്രകാരം, ജ്ഞാനാനുഭവത്തിന്റെ ഏറ്റവും ഉയര്‍ന്നപടിയായ ബ്രഹ്മസാരൂപ്യത്തെ പ്രാപിക്കുന്നു എന്നതിന്റെ രത്‌നച്ചുരുക്കം എന്നില്‍നിന്ന് അറിഞ്ഞോളുക.

(തുടരും)



MathrubhumiMatrimonial