
ഗീതാദര്‍ശനം - 684
Posted on: 03 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
സത്യം അറിയുന്നതോടെ സംശയങ്ങള്‍ നീങ്ങും. എന്താണ് സത്യം? സര്‍വവ്യാപിയായ പുരുഷോത്തമന്റെ പ്രകൃതിസ്പന്ദനമാണ് കര്‍മമയമായ ഈ പ്രപഞ്ചം എന്നതുതന്നെ. ആര്‍ എവിടെ എപ്പോള്‍ ചെയ്യുന്ന ഏതു കര്‍മവും അപ്പോള്‍ ആ ഏകീകൃതവും സമീകൃതവുമായ മഹാബലത്തിന്റെ പ്രകൃതിസ്പന്ദാംശമാണ്. തന്റെ കര്‍മം ആ മഹാശക്തിയെ ആരാധിക്കാനുള്ള ഉപാധിയാക്കുകയാണ് അപ്പോള്‍ ചെയ്യാനുള്ളത്. ഈ ആരാധന പുരോഗമിക്കുന്ന മുറയ്ക്ക് 'ഞാന്‍' ഇതുവരെ കരുതിയ ഒറ്റപ്പെട്ട ഈ ഞാനല്ല എന്ന ധാരണ വേരു പിടിക്കുന്നു.
സ്വകര്‍മത്തെ, അത് ഏതായിരുന്നാലും, മോക്ഷസാധനമാക്കി മാറ്റുന്ന ഈ വിദ്യ ഗീതയുടെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശമാണ്. അച്ഛനമ്മമാരെയും ബന്ധുക്കളെയും തന്നെ സ്‌നേഹിക്കുന്നവരെയും ആശ്രയിക്കുന്നവരെയും എല്ലാം ഉപേക്ഷിച്ച് കാട്ടിലേക്കു പോകുകയോ, മുറ്റത്തെ ചെടിക്ക് വെള്ളമൊഴിക്കുകപോലും ചെയ്യാതെ മടി പിടിച്ച് തിണ്ണപ്പുറത്തു കയറി ഇരുന്ന് സ്‌തോത്രങ്ങള്‍ പാടുകയോ ഒന്നുമല്ല വേണ്ടത് എന്ന് തെളിച്ചു പറയുന്നു. മോക്ഷത്തിനുള്ള സന്ന്യാസമെന്നാല്‍ ഇതാണ്. സ്വധര്‍മത്തെ ഈശ്വരാരാധനയായി കാണുകയും ആവതുള്ള കാലംവരെ അത് കഴിയുന്നത്ര കൗശലപൂര്‍വം ആത്മാര്‍ഥമായി ചെയ്യുകയുമാണ് വഴി.
