
ഗീതാദര്‍ശനം - 683
Posted on: 02 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
രാഗദ്വേഷങ്ങള്‍ക്കതീതമായ, എല്ലാ ജീവജാലങ്ങളും ഉള്‍പ്പെടുന്ന പ്രകൃതിയോട് ഇണങ്ങിയുള്ള, പാരിസ്ഥിതികമായി സംശുദ്ധമായ ജീവിതമാണ് മനുഷ്യന്‍ ആശിക്കേണ്ടതും മനുഷ്യന് നല്ലതും. ഇങ്ങനെ അല്ലെങ്കില്‍ വ്യവസ്ഥിതിയെ ആശാസ്യമായി മാറ്റാനോ ആ മാറ്റത്തെ നിലനിര്‍ത്താനോ കഴിയില്ല. കാരണം, സമൂഹമധ്യത്തില്‍ എത്ര സമ്പത്തുണ്ടായാലും അസമത്വം വാഴും. അതിനെതിരെ എത്ര വിപ്ലവങ്ങള്‍ കഴിഞ്ഞാലും ചൂഷണം തിരികെ വരും, പ്രതിവിപ്ലവങ്ങളുടെ അവസാനിക്കാത്ത ഘോഷയാത്ര അരങ്ങേറും.
ക്രയവിക്രയങ്ങളുടെ നിയാമകാടിത്തറയാകേണ്ടത് ലാഭനഷ്ടങ്ങളല്ല, ചാരിതാര്‍ഥ്യമാണ്. എടുക്കുന്നതിലേറെ കൊടുക്കുന്നു എന്ന തിരിച്ചറിവ് സുഖകരവും സ്ഥായിയുമായ ശാന്തി നല്‍കാന്‍ ഉതകുന്ന തരമാകണം ഭൂരിപക്ഷത്തിന്റെ മനഃസ്ഥിതി. ഈ മനഃസ്ഥിതിയുടെ ഇച്ഛാശക്തിക്ക് ശേഷംപേരെ നയിക്കാനുള്ള ബലം കൈവരികയും വേണം. ലോകഹിതത്തിനായി സോത്സാഹം കൈയേല്‍ക്കുന്ന ഭൗതികനഷ്ടത്തില്‍ സന്തോഷിക്കാന്‍ കഴിയുമ്പോഴേ മനുഷ്യജീവിതം ധന്യമാകുന്നുള്ളൂ. ഒരാള്‍ക്ക് തൊഴില്‍ അങ്ങനെ സ്വാഭാവികകര്‍മമാകുമ്പോള്‍ അതുതന്നെ ലയത്തിന് കാരണമാകുന്നു. പിന്നെ, മടുപ്പില്ല, മടിയില്ല, ഫലത്തിന്റെ ഏറ്റക്കുറവില്‍ ആശങ്കയും ഇല്ല. ഇതാണ് സമൂഹത്തിലെ സുസ്ഥിതി. ഇങ്ങനെ അവനവന്റെ ബുദ്ധിക്കും മെയ്‌വഴക്കത്തിനും ഇഷ്ടത്തിനും ഇണങ്ങിയ ഏതു ജോലി ചെയ്യുന്ന ആരും, പരമമായ സിദ്ധിക്ക് അര്‍ഹരാവും. എപ്രകാരമെന്ന് വിസ്തരിക്കുന്നു -
യതഃ പ്രവൃത്തിര്‍ഭൂതാനാം
യേന സര്‍വമിദം തതം
സ്വകര്‍മണാ തമഭ്യര്‍ച്ച്യ
സിദ്ധിം വിന്ദതി മാനവഃ
ഏതൊന്നില്‍നിന്നാണോ ചരാചരങ്ങളുടെ കര്‍മം ഉത്ഭവിക്കുന്നത്, ഏതൊന്നിനാലാണോ ഇക്കാണായതെല്ലാമെല്ലാം നിറഞ്ഞിരിക്കുന്നത്, അതിന് സ്വകര്‍മത്തിലൂടെ ആത്മസമര്‍പ്പണം ചെയ്താല്‍ മനുഷ്യന് സിദ്ധിയുടെ പാത കണ്ടുകിട്ടുന്നു.
(തുടരും)
