githadharsanam

ഗീതാദര്‍ശനം - 680

Posted on: 30 Dec 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ഒരു തൊഴിലും മോക്ഷത്തിന് തടസ്സമല്ല. വാസനാസഞ്ചയമാണ് ആത്മാവബോധത്തിന് മറയാകുന്നത്. വാസനാമയമായ ഈ മൂടുപടം വകതിരിവുകൊണ്ട് നീക്കാമെങ്കില്‍, സ്ഥൂലശരീരം ഈ വാസനകളുടെതന്നെ ഫലമായി ചെയ്തുകൊണ്ടിരുന്ന ഏതു പണി തുടര്‍ന്നാലും, സത്യാനുഭവത്തിന് വഴി തെളിയും. നല്ല പണി, മോശം പണി എന്ന തരംതിരിവേ പ്രസക്തമല്ല. നന്നായി ചെയ്യാനായില്ലെങ്കില്‍ ഏതു പണിയും മോശം പണി. ഭാരതകഥയില്‍ ധര്‍മവ്യാധന്‍ ആത്മസാരൂപ്യം ലഭിച്ചിട്ടും ഇറച്ചിവെട്ടുകാരനായി തുടരുന്നു. ആ ജോലി ഈശ്വരാര്‍പ്പണമായും നൈപുണ്യത്തോടെയും തുടരുന്നു.

ഇത്തരമൊരു സ്ഥിതി ഇന്നത്തെ സമൂഹത്തില്‍ എങ്ങനെ കൊണ്ടുവരാന്‍ കഴിയും? ഉത്പന്നങ്ങളുടെ ക്രയവിക്രയത്തില്‍ പണം നിര്‍ണായകസ്വാധീനം ചെലുത്തുമ്പോള്‍ ഉത്പന്നം-പണം-ഉത്പന്നം എന്ന പഴയ ക്രയവിക്രയരീതി പണം-ഉത്പന്നം-ലാഭം എന്നായി മാറുന്നു. പണമുള്ളവന്‍ വലിയവന്‍ എന്നായിത്തീരുന്നു. ജീവിതത്തിനു വേണ്ടി പണം എന്നല്ല, പണത്തിനു വേണ്ടി ജീവിതം എന്നാവുന്നു മുറ. അന്യന്റെ അധ്വാനത്തിന്റെ യഥാര്‍ഥമൂല്യത്തില്‍ ഒരംശം അവനില്‍നിന്ന് എടുക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ അയാള്‍ക്ക് പണക്കാരനാകാം. അല്പം 'മുതല്‍' പരമ്പരാഗതമായി കൈവശമുണ്ടെങ്കില്‍ എളുപ്പമായി.

എന്റെ-നിന്റെ എന്ന ചിന്തയാണ് സ്വകാര്യസ്വത്തിനാധാരം. ഹിംസയുടെ കാതലാണ് ഈ വിചാരം. മറ്റുള്ളവരെയും മറ്റുള്ളവയെയുമെല്ലാം അന്യരായി കണ്ട് അവര്‍ക്കര്‍ഹതപ്പെട്ടത് അടങ്ങറെ വാരിക്കൂട്ടാന്‍ തത്രപ്പെടുന്നവന്‍ പ്രകൃതിയില്‍നിന്ന് സ്വയം അന്യവത്കരിക്കുന്നു. അന്യവത്കരണം ദുഃഖകാരണമാണ്.



MathrubhumiMatrimonial