
ഗീതാദര്‍ശനം - 676
Posted on: 22 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
അടുത്ത കാലത്ത് ജനായത്തം വന്നപ്പോഴും അതിന്റെ പ്രണേതാക്കള്‍ എബ്രഹാം ലിങ്കണെപ്പോലെയുള്ള സ്വാഭാവികനേതാക്കളായിരുന്നു. താമസിയാതെ, കള്ളനും കൊള്ളക്കാരനും കൊള്ളരുതാത്തവനും നേതാവാകാം എന്ന സ്ഥിതിയായി. മനുഷ്യരുടെ കാര്യത്തിലേ ഈ അപചയം വന്നിട്ടുമുള്ളൂ. ആനക്കൂട്ടത്തെ നയിക്കുന്നത് ഇപ്പോഴും സ്വാഭാവികമായി ഉരുത്തിരിയുന്ന ആനനേതാവാണല്ലോ. ഇവിടെ പറയുന്ന നേതൃത്വഗുണങ്ങള്‍ ഒന്നുമേ ഇല്ലാത്തവരാല്‍ നയിക്കപ്പെടുന്ന മനുഷ്യസമൂഹത്തിന്റെ ഗതി അധോഗതി അല്ലാതെ എന്താകാന്‍! ഇത്തരം സ്ഥിതിവിശേഷത്തിന്റെ കാരണം രജോഗുണപ്രധാനമായ, അജ്ഞാനമുള്ള സമൂഹമാണ്.
സമൂഹത്തിന് ഒരു 'പൊതു മനസ്സ്' ഉണ്ട്. അതില്‍ ചീത്തത്തങ്ങളും കണ്ടേക്കാം, ദുശ്ചിന്തകളുടെ രൂപത്തില്‍. അറിവില്ലാത്തൊരു സമൂഹത്തില്‍ ഒട്ടേറെ മതങ്ങളും നിയമങ്ങളും പോലീസും നീതിന്യായക്രമീകരണങ്ങളും പട്ടാളംപോലും, അതിനും പുറമെ, കര്‍ക്കശങ്ങളായ ശിക്ഷാവിധികളും ഉണ്ടാകാം. ഇവയൊന്നും അവമതിക്കപ്പെടാവുന്നവയല്ല. നിയമങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനു ശ്രമിക്കാം. അപ്പോഴും അടിസ്ഥാനതത്ത്വം 'ആദ്യം നിയമം അനുസരിക്കുക, പിന്നെ മെച്ചപ്പെടുത്താന്‍ നോക്കുക' എന്നതുതന്നെ. ഒരു കാര്യത്തിലും ദുര്‍വാശി ആവശ്യമില്ല. നിലവിലുള്ള എല്ലാ മതങ്ങളും നിയമങ്ങളും അപൂര്‍ണതകള്‍ ഉള്ളതാകാം. ഈ പോരായ്മകളെല്ലാം വിരല്‍ ചൂണ്ടുക പുതിയ ബാഹ്യനിയമങ്ങള്‍ എന്നതിലേറെ വ്യക്തിയുടെ തലത്തില്‍ സ്വയം മെച്ചപ്പെടുക എന്നതിലേക്കാണ്.
ഏതൊരു അറിവില്ലാസമൂഹവും അതിലെ അംഗങ്ങളിലേക്കുള്ള ഈ ചൂണ്ടുവിരല്‍ തിരസ്‌കരിച്ച്, കൂടുതല്‍ക്കൂടുതല്‍ ബാഹ്യനിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതില്‍ ഓരോന്നും അതിനെത്തന്നെ മറികടക്കാനുള്ള പഴുതുകള്‍കൂടി ഒരുക്കുന്നു എന്നതാണ് തമാശ. അറിവുള്ള ഒരു സമൂഹത്തിനും ബാഹ്യനിയമങ്ങളോ ആയുധങ്ങളോ ഒന്നും ആവശ്യമില്ല. പുരാതനമായ സിന്ധുഗംഗാസമതലസംസ്‌കാരം ഉദാഹരണം.
(തുടരും)
