
ഗീതാദര്‍ശനം - 670
Posted on: 16 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ദൃശ്യപ്രപഞ്ചം രൂപം കൊള്ളുന്നതും പരിണമിക്കുന്നതും തിരികെ ലയിച്ചില്ലാതാകുന്നതും എങ്ങനെയെന്ന് വിശ്വരൂപദര്‍ശനത്തില്‍ കണ്ടു. ഏകീകൃതബലത്തിന്റെതന്നെ ഭാവാന്തരമായ അക്ഷരമാധ്യമത്തില്‍ സംഭവിക്കുന്ന ആദ്യസ്പന്ദത്തില്നിന്നാണ് തുടക്കം. അക്ഷരത്തില്‍ ആ സ്പന്ദത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. വികാസം, സങ്കോചം, സമം. ആദിസ്പന്ദത്തിന്റെ അനുരണനങ്ങളായി സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ അനേകം സ്പന്ദങ്ങള്‍ ഉണ്ടാകുന്നു. ഇവയുടെ നിലനില്പ് ഓരോന്നിന്റെയും ആവര്‍ത്തികാലവും ഊര്‍ജമൂല്യവും അനുസരിച്ചാണ്. നീണ്ട നിലനില്പിന് ആവശ്യമായതില്‍ കുറവോ കൂടുതലോ ആയിപ്പോകുന്നു, മിക്ക സ്പന്ദങ്ങളുടെയും ഈ 'കൈയിലിരിപ്പു'കള്‍. ഈ പോരായ്മ കാരണം, ഇവയിലോരോന്നും മറ്റേതെങ്കിലും സ്പന്ദമൊ സ്പന്ദങ്ങളോ ആയി, ഈ പോരായ്മ നികത്താനുള്ള, 'സംബന്ധങ്ങ'ളില്‍ ഏര്‍പ്പെടുന്നു. അങ്ങനെ ദ്രവ്യം ഉണ്ടാകുന്നു. പൂര്‍ണമായ നികവ് ഒന്നിനും ഒരിക്കലും സാധ്യമാകുന്നുമില്ല. കാരണം, ആദ്യസ്പന്ദത്തിന്റെ തുടര്‍ച്ചയുടെ ഭാഗമായി, അക്ഷരത്തിന്റെ 'സാന്ദ്രത' വ്യത്യാസപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. ഒരിടത്ത് ഉറച്ചു നില്‍ക്കാനുള്ള മിനിമം യോഗ്യതപോലും ജന്മനാ ഇല്ലാത്ത അര്ധസ്പന്ദങ്ങള് ശക്തിപ്രസര അലകളായി, ഏതെങ്കിലും ദ്രവ്യസംഘാതത്താല്‍ ആഗിരണം ചെയ്യപ്പെടുവോളം, സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു. കുറയുന്ന അക്ഷരസാന്ദ്രതയുടെ ഫലമായി സ്പന്ദസംഘാതങ്ങള് പരസ്പരം ആകര്‍ഷിക്കാനും ഇട വരുന്നു, ഇത് ഗുരുത്വാകര്‍ഷണ അലകള്‍ക്ക് ജന്മം നല്‍കുന്നു. സയന്‍സിന്റെ വിശ്വദര്‍ശനം ഇപ്പോള്‍ മിക്കവാറും ഇപ്പറഞ്ഞതുതന്നെയാണ്. അക്ഷരമെന്ന ഇടനിലയ്ക്ക് ഇനിയും സ്വീകാരം ലഭിച്ചിട്ടില്ല എന്നേ ഉള്ളൂ.
