
ഗീതാദര്‍ശനം - 657
Posted on: 01 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
നമുക്കു നാംതന്നെ പണിയുന്ന ദുരിതങ്ങള്‍ മിക്കതും സംഭവിക്കുന്നത് നാം കാര്യങ്ങള്‍ തലകീഴായി കാണുന്നതിനാലാണല്ലൊ. ജാതിയുടെയൊ മതത്തിന്റെയൊ കക്ഷിയുടെയൊ മറ്റെന്തിന്റെയെങ്കിലുമൊ പേരില്‍ ഹാലിളക്കുന്നത് ഉദാഹരണം. രോഗം വരുമ്പോള്‍ ഭൂതപ്രേതപിശാചുക്കളാണ് കാരണമെന്നു കരുതി ഭയപ്പെട്ട് ദുര്‍മന്ത്രവാദികളുടെ വലയില്‍ കുരുങ്ങുന്നതും സത്യാവസ്ഥ നേര്‍വിപരീതമായി അറിയുന്നതുകൊണ്ടുതന്നെ.
ലോകത്ത് മറ്റാര്‍ക്കും സുഖമില്ലാതിരിക്കയാണ് എനിക്കു സുഖമുണ്ടാകാന്‍ വേണ്ടതെന്ന ധാരണയും ലോകം അശാന്തികൊണ്ട് വേവുമ്പോള്‍ എനിക്ക് ശാന്തിയുടെ ഒരു തുരുത്തില്‍ ഇരിക്കാന്‍ കഴിയുമെന്ന മൂഢവിശ്വാസവും ജനിക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല.കൊടിയ തെറ്റുകള്‍ ചെയ്യുന്ന പലരും ആ തെറ്റുകള്‍ ന്യായീകരിക്കുന്ന എന്തെങ്കിലും അറിവില്‍ വിശ്വസിച്ച് അതില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്.
അചരങ്ങള്‍ക്കും ഇതരജീവികള്‍ക്കും ബോധപൂര്‍വമുള്ള തിരിച്ചറിവു നേടാന്‍ കഴിവില്ല. അതിനാല്‍, ആ തലത്തില്‍ ഈ വിവേകം ഇല്ലാത്തത് ഒരു പിഴയല്ല. പക്ഷേ, മനുഷ്യന് തെറ്റായ തിരിച്ചറിവുണ്ടാകുന്നതു പിഴയാണ്. കാരണം, ആശാവഹമായ തിരിച്ചറിവുണ്ടാകാന്‍ ഉതകുമായിരുന്ന ബുദ്ധിയുടെ നിരുപയോഗമൊ ദുരുപയോഗമൊ ആണ് അതിനു കാരണം. ഫലം ഭീകരമാണ്, തനിക്കും ലോകത്തിനും. വിപരീതബുദ്ധിയാല്‍ പരമാബദ്ധം ധരിച്ചുവശായ ഒരു ഹിറ്റ്‌ലര്‍ തനിക്കും മാലോകര്‍ക്കും വരുത്തിവെച്ച ദുരിതം മനുഷ്യരാശിക്ക് എന്നെങ്കിലും മറക്കാനാകുമൊ ? എന്നാലോ, ഇങ്ങനെയുള്ളവര്‍ ചെയ്യുന്നതു മുഴുവന്‍ അവര്‍ക്ക് അക്ഷരംപ്രതി ശരിയാണുതാനും.ഈ വഴിയില്‍ ചരിക്കുന്ന ബുദ്ധി അതിന്റെതന്നെ ജീവപരിണാമപരമായ അധോഗതിക്കു കളമൊരുക്കുക കൂടി ചെയ്യുന്നു. കാരണം, ഉറച്ചുപോയ ചിന്താഗതി വാസനകളായി മനുഷ്യനില്‍ മുദ്രിതങ്ങളാവുന്നു. ഈ വാസനകള്‍ കൂടുതല്‍ പിഴച്ച ബുദ്ധിയുടെ വെളിച്ചത്തില്‍ കര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരണയായിത്തീരുന്നു. 'താഴോട്ടു' പോകാന്‍ ഇത്രയേ വേണ്ടൂ. ഇതിനാലാണ്, സത്വഗുണമുള്ളവര്‍ കര്‍മങ്ങളുടെ പരിപാകത്തിലൂടെ പടിപടിയായി അഭ്യുന്നതിയിലേക്ക് പോകയും രജോഗുണമുള്ളവര്‍ അനേകം തലമുറകളോളം ഇടനിലയില്‍ തങ്ങിക്കിടക്കുകയും തമോഗുണമുള്ളവര്‍ കീഴോട്ടു പോകയും ചെയ്യുന്നതായി നേരത്തേ പറഞ്ഞത് ('ഊര്‍ധ്വം ഗച്ഛന്തി സത്വസ്ഥാഃ ....' - 14, 18).
(തുടരും)
