
ഗീതാദര്‍ശനം - 649
Posted on: 22 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
മുക്തസംഗോ f നഹംവാദീ
ധൃത്യുത്സാഹസമന്വിത ഃ
സിദ്ധ്യസിദ്ധ്യോര്‍നിര്‍വികാര ഃ
കര്‍ത്താ സാത്വിക ഉച്യതേ
ആസക്തിയില്‍നിന്നും കെട്ടുപാടുകളില്‍നിന്നും മുക്തനായി, അഹങ്കാരമില്ലാതെ, പ്രതിജ്ഞാബദ്ധമായ ഉത്സാഹത്തോടെ, ജയമോ തോല്‍വിയോ എന്തു വന്നാലും വികാരപ്പെടാതെ, കര്‍മം ചെയ്യുന്നവന്‍ സാത്വികനത്രെ.
വാസനകളാണ് കര്‍ത്താവിന് പ്രേരണകള്‍. പക്ഷേ, ഈ വാസനകളെ മാറ്റിത്തീര്‍ക്കാന്‍ കര്‍ത്താവിന് കഴിയും. ആ മാറ്റം വരുത്താന്‍ അതിനായുള്ള വാസനയുടെ ഒരു ചെറിയ വേരെങ്കിലും വേണമെന്നു മാത്രം. ഇത് അഥവാ, ജന്മനാ ഇല്ലെങ്കിലും ദൈവാധീനംകൊണ്ടും ഗുരുകൃപകൊണ്ടും ഉണ്ടായിക്കിട്ടാം. ജ്ഞാനകര്‍മങ്ങള്‍ കര്‍ത്താവിനെ ഭേദപ്പെടുത്തുന്നു. കര്‍ത്താവ് ദേഹജീവിതകാലത്ത് ജ്ഞാനകര്‍മങ്ങളെ തിരികെ ഭേദപ്പെടുത്തുകയും ചെയ്യുന്നു.
കറ പോയ പരമാത്മബോധമാണ് സാത്വികമായ അറിവ്. അതുള്ള ആള്‍ ദ്വന്ദ്വങ്ങളുടെ മറുകര കാണുന്നു. സമാവസ്ഥയുടെ ആ കാഴ്ചപ്പാടില്‍ കര്‍മം നിഷ്‌കളങ്കമാവുന്നു. കര്‍മം ചെയ്യുന്നത് താനാണ് എന്ന വിചാരമില്ല. നിസ്സംഗനാണെന്നാലും അയാള്‍ക്ക് തന്റെ നിയതമായ പണിയില്‍ അനാസ്ഥയുണ്ടാകുമോ ? ഒരിക്കലുമില്ല. ലക്ഷ്യബോധത്തില്‍ ശ്രദ്ധ ഉറച്ചുനില്‍ക്കും. അതിലേക്കുള്ള ഉത്സാഹം നൂറുമേനിതന്നെ വിളയും. ജയിച്ചാലും തോറ്റാലും പതറില്ല. താനല്ല ചെയ്യുന്നതെങ്കില്‍പ്പിന്നെ ജയമോ തോല്‍വിയോ തന്റേതല്ലല്ലോ. വിജയിക്കാതെ പോയ ഒരു പ്രയത്‌നത്തെക്കുറിച്ചുള്ള നിരാശതയോ വിജയിച്ചതിനെ സംബന്ധിച്ചുണ്ടാകാവുന്ന അമിതമായ ആത്മവിശ്വാസമോ അടുത്ത പ്രയത്‌നത്തെ ഒരു തരത്തിലും ബാധിക്കില്ല.
മഹാത്മാക്കളുടെ ജീവിതപ്പാതകള്‍ പരിശോധിച്ചാല്‍ ഈ അടയാളങ്ങള്‍ തെളിഞ്ഞുകാണാം. അത്രയും പോകേണ്ട കാര്യവുമില്ല. ഒരു മാതൃകാ ഡോക്ടറെ നോക്കുക. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു രോഗിയോടും വിശേഷമായ അടുപ്പമോ അകലമോ ഉണ്ടാവില്ല. എത്ര ഫീസ് കിട്ടുമെന്ന ചിന്തയില്ല. താനാണ് കുറിപ്പടി എഴുതുന്നതെന്നോ ശസ്ത്രക്രിയ ചെയ്യുന്നത് എന്നോ ഭാവമില്ല. വൃത്തിയായി കഴുകിയ കൈകള്‍ കൂപ്പി പ്രാര്‍ഥിച്ചാണ് കീറാന്‍ കത്തി എടുക്കുന്നത്. രോഗിയുടെ അസുഖം മാറുകയെന്നതാണ് ഫലം. അത് ഉണ്ടായേ തീരൂ എന്ന ശാഠ്യം ഡോക്ടര്‍ക്കില്ല. താന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുക എന്നതാണ് മുറ. എന്നുവെച്ച് ചികിത്സയില്‍ അലംഭാവം വരുമോ? ഇല്ല. കൃത്യമായും മുറപോലെയും എല്ലാം ശ്രദ്ധയോടെ ചെയ്യും. മുന്‍പ് നടത്തിയ ചികിത്സകളിലെ ജയാപജയങ്ങള്‍ അന്നേരം അദ്ദേഹത്തിന് പ്രശ്‌നമേ അല്ല. അവയില്‍നിന്ന് പഠിക്കാനുള്ളതത്രയും പഠിക്കും.
(തുടരും)
