githadharsanam

ഗീതാദര്‍ശനം - 634

Posted on: 03 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


അധിഷ്ഠാനം തഥാ കര്‍ത്താ
കരണം ച പൃഥഗ്വിധം
വിവിധാശ്ച പൃഥക് ചേഷ്ടാ
ദൈവം ചൈവാത്ര പഞ്ചമം

(കര്‍മത്തിന് തുടങ്ങാനും തുടരാനും ഒടുങ്ങാനുമുള്ള) അധിഷ്ഠാനം, അതുപോലെ, കര്‍ത്താവ്, (കര്‍മം ചെയ്യാന്‍ കര്‍ത്താവിനാവശ്യമായ) ഉപകരണങ്ങള്‍, വിവിധ തരത്തിലുള്ള ചലനങ്ങള്‍, പിന്നെ ഇക്കാര്യത്തില്‍ അഞ്ചാമതായി, (പ്രസക്തവിഷയത്തില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ബലങ്ങളുടെ അന്തിമോത്പന്നമായ, 'വിധി' എന്നു വിളിക്കപ്പെടുന്ന) ദൈവം എന്നിവയാണ് അഞ്ചു ഹേതുക്കള്‍.
പ്രപഞ്ചത്തിലെ എല്ലാ കര്‍മങ്ങളുടെയും വിശകലനമാണിത്. ('സിദ്ധയേ സര്‍വകര്‍മണാം' എന്ന് മുന്‍ശ്ലോകത്തില്‍ പറഞ്ഞു.) നിലനില്പിന്റെ മുഴുവന്‍ രഹസ്യവും ഇതോടെ തെളിയുന്നു.

കര്‍മത്തിന്റെ സിദ്ധിക്ക് ആദ്യമായി വേണ്ടത് അധിഷ്ഠാനമാണ്. കര്‍മം ആരംഭിക്കുന്നതിനുമുമ്പ് അതിന് വേദിയായിരിക്കേണ്ട ആശ്രയമാണ് ഇത്. കര്‍മം വേദി ഒഴിഞ്ഞാലും അധിഷ്ഠാനം ബാക്കിയാവും; ആവണം. മനുഷ്യരുടെ കര്‍മങ്ങള്‍ക്ക് അധിഷ്ഠാനം ശരീരമല്ലെ എന്നുതോന്നാം. മനുഷ്യരുടെ കര്‍മങ്ങള്‍ മാത്രമല്ല ഇവിടെ പ്രതിപാദ്യം. മനുഷ്യശരീരവും ഒരുപാട് കര്‍മങ്ങളുടെ ഉത്പന്നമാണ്. മരിച്ചാലും ശരീരകോശങ്ങളില്‍ വെറെ തരം ഊര്‍ജസ്​പന്ദങ്ങളായി കര്‍മം സംഭവിച്ചുകൊണ്ടുമിരിക്കും. ചലനമേയില്ലാത്ത ഒന്നിനെ ആശ്രയിച്ചേ ചലനരൂപമായ കര്‍മം സംഭവിക്കൂ. പരംപൊരുളിനേ കര്‍മത്തിന് അധിഷ്ഠാനമായിരിക്കാനാവൂ. കര്‍മത്തില്‍ അകര്‍മത്തെ കാണുകയെന്നാല്‍ ഈ അധിഷ്ഠാനത്തെ കാണുക എന്നാണര്‍ഥം. അങ്ങനെ കാണാന്‍ കഴിയുന്നവനാണ് മനുഷ്യരില്‍ ബുദ്ധിമാന്‍ എന്ന് നാലാമധ്യായം പതിനെട്ടാം ശ്ലോകത്തില്‍ പറയുന്നു.
ഉപാധികളില്ലാതെ കര്‍മം നടക്കില്ല. മനുഷ്യരുടെ കാര്യത്തില്‍ അന്തക്കരണവും ഇന്ദ്രിയങ്ങളും ശരീരവും ഉപാധികളായുണ്ട്. കൂടെ ഉപകരണങ്ങളുമുണ്ട്. കണ്ണും കൈയും മനസ്സും ഒക്കെ ഒത്താലും കോടാലി ഇല്ലാതെ വിറകു കീറാന്‍ പറ്റില്ല.
ഇതൊക്കെ ഉണ്ടായാലും പലവിധം ചലനങ്ങള്‍ കൂടിയേ തീരൂ. ഈ പ്രപഞ്ചത്തില്‍ അനങ്ങാതെ ഇരിക്കുന്ന ഒന്നുമില്ല. ചെറു കണിക മുതല്‍ ഗാലക്‌സികളുടെ മഹാസമൂഹങ്ങള്‍ വരെ, ഒറ്റയ്ക്കും കൂട്ടായും ചലിച്ചുകൊണ്ടേ ഇരിക്കുന്നു. ചലനമില്ലാതെ കര്‍മമില്ല.
(തുടരും)



MathrubhumiMatrimonial