
ഗീതാദര്‍ശനം - 625
Posted on: 23 Oct 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ആരോടെങ്കിലുമൊക്കെ പിണങ്ങി ഞാന്‍ പല്ലു തേയ്ക്കാതെയും കുളിക്കാതെയും ഇരുന്നാല്‍, എനിക്കാരോടുമൊരു കടമയുമില്ലെന്നു നിശ്ചയിച്ചാല്‍, ശീലിച്ച തൊഴില്‍ ഉപേക്ഷിച്ചാല്‍, അയല്‍ക്കാരന്റെ അറ്റ കൈയിന് ഉപ്പുതേയ്ക്കാന്‍പോലും ഓടി ചെല്ലാതിരുന്നാല്‍, ഭാര്യയെയും മക്കളെയും പ്രായമായ അച്ഛനമ്മമാരെയും നിരാലംബരാക്കി ജോലിയും ഉപേക്ഷിച്ച് ഞാന്‍ 'സംന്യസി'ക്കാന്‍ പോയാല്‍, എന്നെ മാതൃകയാക്കി പലരും പെരുമാറിത്തുടങ്ങിയാല്‍, എന്റെയും സമൂഹത്തിന്റെയും കഥയെന്താകും എന്ന് ചിന്തിച്ചു നോക്കുക. കാഴ്ചയില്‍ പ്രാകൃതനായതുകൊണ്ടൊ മനുഷ്യപ്പറ്റില്ലാതായതുകൊണ്ടൊ മാത്രം ആരും സംന്യാസിവര്യനാവില്ല.
അത്രത്തോളം പോയില്ലെങ്കിലും പലരും നിയതകര്‍മങ്ങളില്‍ പലതും ചെയ്യാറില്ല. ഒരുപാട് ന്യായീകരണങ്ങള്‍ നമുക്കുണ്ടാകാം. വണ്ടിയിടിച്ചു വഴിയില്‍ കിടന്നവനെ ആസ്പത്രിയില്‍ കൊണ്ടുപോയാല്‍ ആജീവനാന്തം പോലീസ് സ്റ്റേഷനിലും കോടതിയിലും കഴിയണം, പരിസരത്തുള്ള മാലിന്യവും അനീതിയും എന്റെ മാത്രം ചുമതലയൊന്നും അല്ല, ഒരു കല്യാണം കഴിച്ചെന്നു വെച്ച് ചുമക്കാവുന്ന ഭാരത്തിന് ഒരതിരില്ലെ എന്നു തുടങ്ങി, കൈക്കൂലിയുടെ കാര്യത്തിലായാലും നാടോടുമ്പോള്‍ ഞാനെങ്ങനെ നടുവെ ഓടാതിരിക്കും എന്നു വരെ ഒഴികഴിവുകള്‍ നീളാം. പക്ഷേ, ഇതെല്ലാം തമോഗുണപ്രധാനമാണ്. എന്നു വെച്ചാല്‍ ജീവപരിണാമപരമായി 'അധോഗതി' വരുത്തുന്നതാണ്. സൂക്ഷ്മമായി ആത്മപരിശോധന നടത്തിയാല്‍ അറിയാം, ഈ നിലപാടില്‍ ഓരോ ചുവട് മുന്നേറുമ്പോഴും മനസ്സുഖം കുറഞ്ഞുകൊണ്ടിരിക്കും.
(തുടരും)
