githadharsanam

ഗീതാദര്‍ശനം - 617

Posted on: 12 Oct 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ഉപഗ്രഹവാഹിനികളായ റോക്കറ്റുകളുടെ വിക്ഷേപണം നമുക്കിപ്പോള്‍ സുപരിചിതമാണ്. അടിയുറപ്പിച്ചു നിന്നനില്പില്‍ നിലത്തുനിന്ന് പതുക്കെ പൊങ്ങി, പോകെപ്പോകെ ഊക്കേറി, വിവിധഘട്ടങ്ങളില്‍ ആസൂത്രിതമായ വേഗം നേടി, അവസാനം ഉപഗ്രഹത്തെ അതിന്റെ നിശ്ചിതമായ പ്രദക്ഷിണവഴിയില്‍ സ്ഥാപിക്കാന്‍നിര്‍ണായകമായ ഒരു ഉന്തും നല്‍കുന്നു. സുചിന്തിതമായ ആ ഒടുവുന്താണ് പതിനെട്ടാമധ്യായം ഗീതാവിദ്യാര്‍ഥിക്ക് തരുന്നത്. അവിടെനിന്നങ്ങോട്ട് തന്നില്‍ത്തന്നെയുള്ള കോപ്പുകള്‍ ഉപയോഗിച്ചുവേണം ദൗത്യം പൂര്‍ത്തിയാക്കാന്‍ എന്നു സൂചിപ്പിക്കയും ചെയ്യുന്നു.
ലോഞ്ച് വിജയിക്കുന്നതോടെ ഉപഗ്രഹത്തിന് സ്വതന്ത്രമായിവിഹരിക്കാന്‍ ഇടം കിട്ടുന്നു. അവിടെ മഞ്ഞ്, മഴ, ഈര്‍പ്പം, വായു, പൊടി, ശബ്ദം എന്നിവയുടെയൊന്നും ശല്യമില്ല. ഉപഗ്രഹം ഗുരുത്വാകര്‍ഷണബലത്തിന്റെ പിടിയില്‍നിന്നുപോലും ഫലത്തില്‍ മോചിതമാണ്. ഈ വക എല്ലാറ്റില്‍നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ വേഗം ആര്‍ജിച്ചിരിക്കുന്നു. പക്ഷേ, അപൂര്‍വമായ മോചനത്തിന് വിലയായി ഭൂമിയിലെ ഉറച്ചതെന്നു തോന്നിയിരുന്ന ആശ്രയങ്ങളെയെല്ലാം ഉപേക്ഷിച്ചു.
ഒന്നും ഉപേക്ഷിക്കാതെ ഒരു മോചനവും സാധ്യമല്ല. എല്ലാം ഉപേക്ഷിച്ചാലോ, നിലനില്പുതന്നെ അസാധ്യമായിത്തീരുകയും ചെയ്യും. പ്രദക്ഷിണവഴിയിലെ ഉപഗ്രഹം ഗുരുത്വാകര്‍ഷണബലത്തെ ഉപേക്ഷിച്ചിട്ടില്ല, മറ്റൊരു ബലംകൊണ്ട് നിര്‍വീര്യമാക്കിയിട്ടേ ഉള്ളൂ. അതുപോലെ, ഭൂമിയെയും പ്രപഞ്ചത്തെയും ഉപേക്ഷിച്ചിട്ടില്ല. ചുറ്റുപാടുകളുമായി പുതിയൊരു സമതുലനം സാധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ജീവിതത്തില്‍ ഏവര്‍ക്കും പ്രാപ്യവും സമാനവുമായ ഒരു 'ഉയര്‍ന്ന' നിലനില്പിന്റെ സൈദ്ധാന്തിക സാധ്യത വിശദീകരിക്കുകയും അവിടേയ്‌ക്കെത്താനുള്ള സാങ്കേതികവിദ്യ പഠിപ്പിക്കയുമാണ് ഈ അധ്യായത്തില്‍.
(തുടരും)



MathrubhumiMatrimonial