
നവരാത്രി തപസ്സ് വാഗ്‌ദേവിയുടെ വരദാനത്തിന്
Posted on: 11 Oct 2010
ആചാര്യ എം.ആര്‍. രാജേഷ്
നവരാത്രി ചിന്തകള്‍
സരസ്വതീ ഉപാസന കേവലം ഭാരതത്തില്‍ മാത്രമല്ല ഉണ്ടായിരുന്നത്. ആ സങ്കല്പം ടിബറ്റ്, ജാവ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലേക്കൊക്കെ കടന്നുചെന്നു. വജ്രസരസ്വതി, വജ്രശാരദ തുടങ്ങിയ പേരുകളിലൊക്കെ സരസ്വതിയെ ഇവിടങ്ങളില്‍ ഉപാസിക്കുകയും ചെയ്തു. ഭാരതത്തില്‍ത്തന്നെ ജൈന, ബൗദ്ധ മതങ്ങളിലും സരസ്വതീസങ്കല്പവും ഉപാസനയുമൊക്കെ ശക്തമായിരുന്നു.
ഭാരതത്തില്‍ത്തന്നെ നവരാത്രികാലത്ത് സരസ്വതീസങ്കല്പത്തിന് വിവിധ രൂപഭാവങ്ങള്‍ പ്രാദേശികമായി കല്പിച്ചു നല്‍കാറുണ്ട്. സരസ്വതീ ഉപാസനയിലെ ഉപാസനാമൂര്‍ത്തിയുടെ ഗുണ വൈശിഷ്ട്യങ്ങളനുസരിച്ചാണ് ഈ രൂപഭാവങ്ങള്‍ ഉണ്ടാകുന്നത്. നവരാത്രിയുടെ ആദ്യത്തെ മൂന്ന് ദിനങ്ങള്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗാദേവിയെ ആരാധിക്കുന്നു. തുടര്‍ന്നു വരുന്ന മൂന്നു ദിവസം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ശ്രീ സ്വരൂപമായ ലക്ഷ്മിയെയാണ് ദേവിയായി ഉപാസിക്കുന്നത്. ഒടുവിലത്തെ മൂന്ന് ദിവസങ്ങള്‍ ജ്ഞാനസ്വരൂപിണിയായ സരസ്വതിയായിത്തന്നെ ദേവിയെ പൂജിക്കുന്നു. നവരാത്രികാലത്ത് കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ ബൊമ്മക്കൊലു വെക്കുന്ന സമ്പ്രദായമുണ്ട്. ദേവിയെ ആരാധിക്കുന്ന ഒരു രീതിയാണ് ബൊമ്മക്കൊലു. മൈസൂരില്‍ 'ദസറ' ആഘോഷിക്കുന്നു. ബംഗാളില്‍ ആയുധ പൂജ നടക്കും. വിദ്യാരംഭം നടക്കുന്നതും ഇതേ സമയത്തു തന്നെ.
ഇങ്ങനെ നോക്കുമ്പോള്‍ ദേവ്യുപാസനയ്ക്കായി വിഭിന്നങ്ങളായ ഗുണവൈശിഷ്ട്യങ്ങള്‍ കണക്കിലെടുത്ത് നടത്തുന്ന വ്രതപദ്ധതിയാണ് നവരാത്രിയെന്ന് കാണാം. ദേവീസങ്കല്പം വേദങ്ങളില്‍ നിന്നാണ് ആദ്യമായി ഉണ്ടായത്. അവിടെ സരസ്വതിക്ക് വലിയ പ്രാധാന്യം തന്നെയാണ് കല്പിച്ചു നല്‍കിയിട്ടുള്ളത്. ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതി, മഹാവിദ്യ, വാക്ക്, മഹാവാണി, ആര്യ, ബ്രാഹ്മി, കാമധേനു, ബീജഗര്‍ഭ, ധനേശ്വരി, വാഗ്‌ദേവി, വീണാവാണി, ശാരദ എന്നൊക്കെ സരസ്വതിക്ക് പേരു ലഭിച്ചിട്ടുണ്ട്. ഓരോ ഗുണത്തെയും സാക്ഷാത്കരിക്കാന്‍ നമുക്ക് ലഭിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശമാണ് ഈ പേരുകളെന്നു പറയാം.
അറിവില്‍ രമിക്കുന്നവളാണ് 'സരസ്വതി.' അതിനാല്‍ ഭാരതിയെന്ന പേരുകൂടി ഉണ്ടായി. 'ഭാ' എന്നാല്‍ ജ്ഞാനപ്രകാശം. അതില്‍ രമിക്കുന്നവളാകയാല്‍ ഭാരതി എന്ന പേരുണ്ടായി. നിരവധി വിദ്യകളുടെ അധിപതിയായതുകൊണ്ട് 'മഹാവിദ്യ'യാണ് ദേവി. ഉച്ചാരണത്തിലൂടെ പുറത്തുവരുന്ന അറിവായതിനാല്‍ സരസ്വതിക്ക് 'വാക്ക്' എന്ന പേരു ലഭിച്ചു. ശ്രേഷ്ഠമായ അറിവിന്റെ ദേവതയായതിനാല്‍ 'ആര്യ'യാണ് ഭഗവതി. ജ്ഞാനത്തെ ഗര്‍ഭത്തില്‍ ധരിക്കുന്നതിനാല്‍ ദേവി ബീജഗര്‍ഭയാണ്. വേദത്തെ ഗര്‍ഭത്തില്‍ ധരിക്കുന്ന ബീജഗര്‍ഭയായ സരസ്വതി വാഗ്‌ദേവിയായി ഉപാസകന് സര്‍വ ഐശ്വര്യങ്ങളും നല്‍കുന്നു. ആ സമൃദ്ധിക്ക് വേണ്ടിയാണ് നവരാത്രി ഉത്സവം.
