
ഗീതാദര്‍ശനം - 608
Posted on: 01 Oct 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയ വിഭാഗയോഗം
പ്രത്യുപകാരം ചെയ്യാന്‍ കഴിവുള്ളവര്‍ക്കോ മുന്‍പ് ഉപകാരം ചെയ്തവര്‍ക്കോ ദാനം ചെയ്താല്‍, ഫലകാംക്ഷ ദാനത്തെ മലിനമാക്കുന്നു. ആ ദാനം ദാനമല്ല, കച്ചവടമാണ്. തിരികെ ഉപകാരം ചെയ്യാന്‍ ഇടയോ കഴിവോ ഇല്ലാത്തവരായാല്‍ മാത്രം പോരാ, ദാനം സ്വീകരിക്കുന്ന ആള്‍ അന്യഥാ ദാനത്തിന് അര്‍ഹനായിരിക്കുകകൂടി വേണം. അനര്‍ഹര്‍ക്ക് ദാനം ചെയ്യുന്നത് അതിനര്‍ഹതയുള്ളവര്‍ക്ക് അത് നിഷേധിക്കലാണല്ലോ. ഒച്ച വെച്ച് കൈനീട്ടിയവന്‍ തനിക്കു കിട്ടിയ ദാനവുമായി കള്ളുഷാപ്പില്‍ പോകുമ്പോള്‍, പട്ടിണികൊണ്ട് മരിക്കാറായവന്‍ ഉറക്കെയൊന്നു കരയാന്‍പോലും ശേഷിയില്ലാതെ അപ്പുറത്തെ വഴിവക്കത്ത് കിടപ്പുണ്ടാകരുത്. ക്ഷാമമുള്ള നാട്ടില്‍ കഴിയുന്നവര്‍ സമൃദ്ധിയുള്ള നാട്ടില്‍ കൊണ്ടുചെന്ന് ദാനം ചെയ്യുന്നത് സാത്ത്വികമല്ല. മൂക്കറ്റം ഉണ്ടെണീറ്റവന് അല്ലല്ലോ കഞ്ഞി വിളമ്പേണ്ടത്.
യത് തു പ്രത്യുപകാരാര്‍ഥം
ഫലമുദ്ദിശ്യ വാ പുനഃ
ദീയതേ ച പരിക്‌ളിഷ്ടം
തദ്ദാനം രാജസം സ്മൃതം
എന്നാല്‍, യാതൊരു ദാനമാണോ പ്രത്യുപകാരം ആഗ്രഹിച്ചോ സ്വാര്‍ഥത്തെ ഉദ്ദേശിച്ചോ മനസ്സില്ലാമനസ്സോടെ, വിഷമിച്ചു നല്‍കപ്പെടുന്നത് ആ ദാനം രാജസമെന്നു പറയുന്നു.
പ്രതിഫലേച്ഛയില്ലാത്ത ദാനത്തിനു പിന്നിലെ മനോവൃത്തി പരസ്പരസഹായസന്നദ്ധതയല്ല, പരമാത്മസ്വരൂപപ്രഭാവമാണ്.ദാനം ചെയ്യുമ്പോഴും കഴിഞ്ഞാലും നമുക്ക് എന്തു തോന്നുന്നു എന്നു നോക്കുക. കൊടുക്കേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെയാണോ കൊടുത്തത്? അയാളെക്കൊണ്ടുള്ള ശല്യം തീരട്ടെ എന്ന് ശപിക്കുകയുണ്ടായോ? നാളെ വല്ല ജോലിയും ചെയ്യിക്കാം എന്നു കണക്കു കൂട്ടിയോ? ''കൊടുത്താല്‍ കൊല്ലത്തും (എനിക്കു തിരികെ) കിട്ടും'' എന്ന തോന്നലുണ്ടായൊ? സ്വര്‍ഗത്തിലേക്കൊരു പാസ്‌പോര്‍ട്ടായി എന്നു കരുതുന്നുവോ? ഈ വക വികാരങ്ങളാണോ വെറും നഷ്ടബോധമാണോ ശേഷിക്കുന്നത്, അതോ കറയറ്റ സന്തോഷമാണോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
(തുടരും)
