
ഗീതാദര്‍ശനം - 591
Posted on: 09 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
രണ്ടാം ചിരിത്തിരിയുടെ വെട്ടത്തില്‍ തെളിയുന്നത്, താന്‍ തന്ത്രമന്ത്രങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അധികാരിയും അവസാനവാക്കുമാണെന്ന് അഹങ്കരിക്കുകയും രാജപ്രീതിക്കും ദക്ഷിണയ്ക്കുമായി, വന്‍തോതില്‍ വിഭവധൂര്‍ത്തോടെ, യാഗയജ്ഞാദികള്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്നവരാണ്. ഇത്തരക്കാരെപ്പറ്റി നേരത്തേ വിസ്തരിച്ചിട്ടുമുണ്ട്. ('യാമിമാം പുഷ്പിതാം വാചം .... സമാധൗ ന വിധീയതേ' - 2. 42-44).
മൂന്നാമത്തെ തിരിവെട്ടം പതിയുന്നത് അജ്ഞാനം കാരണം ആഭിചാരക്കാരുടെ വലയില്‍ വീഴുന്ന പാവങ്ങളിലാണ്. സ്വന്തദേഹത്തെ പീഡിപ്പിക്കുന്നതു മുതല്‍ നരബലി വരെ മനുഷ്യരുടെ മഹാമണ്ടത്തം നീളുന്നുണ്ട്. വന്‍തുക പറ്റി ചെകുത്താനെ അകറ്റാന്‍ കരാറെടുക്കുന്നവര്‍ അശരണരായ മനോരോഗികളെ ക്രൂരമായി മര്‍ദിക്കുന്ന 'ചികിത്സ' ഇന്നും നടപ്പിലാക്കുന്നു. ചുട്ടു പഴുത്ത കരിങ്കല്ലില്‍ അര്‍ധനഗ്‌നരായി ഉരുണ്ടാല്‍ ദുരിതം നീങ്ങി നേട്ടങ്ങള്‍ ഉണ്ടാകുമെന്നുതന്നെ പലരും കരുതുന്നു. വ്രതങ്ങളുടെ പേരില്‍ എത്ര കഷ്ടതകളാണ് ആളുകള്‍ അനുഭവിക്കുന്നത് എന്നതിന് കൈയും കണക്കുമില്ല. 'പ്രശ്‌നം' വെച്ച് പരിഹാരം നിര്‍ദേശിക്കുന്ന ചാര്‍ട്ടിന് കമ്മീഷന്‍ വാങ്ങുന്നവരും പരിഹാരക്രിയയ്ക്ക് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നവരും ഏതു തരം ശ്രദ്ധയുള്ളവരാണെന്ന ചോദ്യത്തിന് ഇതിലേറെ നന്നായി എങ്ങനെ മറുപടി പറയും?
അസുരപ്രകൃതി എന്നാല്‍ ജീവപരിണാമത്തില്‍ അധോഗതി വരുത്തുന്ന പ്രകൃതി. ('ഊര്‍ധ്വം ഗച്ഛന്തി സത്വസ്ഥാഃ .... 14. 18') സ്വന്തം ആസുരപ്രകൃതി തിരിച്ചറിയാന്‍ നില്‍ക്കാതെ മറ്റുള്ളവരിലെ അസുരപ്രകൃതം അന്വേഷിക്കുന്നത് തനിക്ക് ആസുരപ്രകൃതം ഉള്ളതിന് തെളിവാണ്. സ്വന്തം ശ്രദ്ധയുടെ വേരുകള്‍ ചികഞ്ഞു നോക്കിയാല്‍ അറിയാം. ഭീതിയാണ് ശ്രദ്ധയുടെ ഉറവിടമെങ്കില്‍ ആ ശ്രദ്ധ ആശാസ്യമല്ല. രജസ്തമോഗുണങ്ങളില്‍നിന്നു പിറക്കുന്ന ശ്രദ്ധയാണ് അത്. ഇല്ലായ്മയെ ഭയക്കുന്നതാണ് ആര്‍ത്തിയുടെ കാരണം. അറിവില്ലായ്മയാണ് സംഗദോഷത്തിന്റെ തായ്ത്തടി. ഭൂതപ്രേതാദികളെ സങ്കല്പിക്കുന്നതും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതും ഭീതി കാരണമുള്ള വിഭ്രാന്തിയാലാണ്. പേടിക്കാതെയും പേടിപ്പിക്കാതെയും പുലരാന്‍ ശേഷിയുള്ള അന്തഃകരണമേ ആശാസ്യമായ ശ്രദ്ധ കിളിര്‍ക്കാനുള്ള കൃഷിയിടമാകൂ.
(തുടരും)
