githadharsanam

ഗീതാദര്‍ശനം - 590

Posted on: 08 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


കര്‍ശയന്തഃ ശരീരസ്ഥം
ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃശരീരസ്ഥം
താന്‍ വിധ്യാസുരനിശ്ചയാന്‍

ദംഭം, അഹങ്കാരം എന്നിവയോടു ചേര്‍ന്നവരും കാമം, രാഗം, ബലം എന്നിവയുള്ളവരും ശരീരത്തിലെ ഇന്ദ്രിയങ്ങളെയും അന്തര്യാമിയായ എന്നെത്തന്നെയും ശോഷിപ്പിക്കുന്നവരും അവിവേകികളുമായ ആരെല്ലാം അശാസ്ത്രീയവും ഘോരവുമായ തപസ്സാചരിക്കുന്നുവോ അവര്‍ അസുരപ്രകൃതികളാണെന്നറിയുക.

തപസ്സ് എന്നതിന് ഇവിടെ കിണഞ്ഞ പരിശ്രമം എന്നു സാരം. ഈ രണ്ടു ശ്ലോകങ്ങളില്‍ പറഞ്ഞ വിധം പരിശ്രമിക്കുന്നവരുടെ ശ്രദ്ധ ഫലത്തിലാണ്. അവനവന്റെ ആശകള്‍ നിറവേറിക്കിട്ടാനായാലും മറ്റുള്ളവരെ ആകര്‍ഷിച്ച് അവരില്‍നിന്ന് സ്ഥാനധനാദികള്‍ നേടാനായാലും ഇത്തരം കഠിനപരിശ്രമം അശാസ്ത്രീയമാണ്. കാരണം, അത് പരമാത്മസ്വരൂപത്തിലേക്കുള്ള വഴിയല്ല. അതിന്റെ പിന്നിലെ വാസന ഉടലെടുക്കുന്നത് രജസ്തമോഗുണങ്ങളില്‍നിന്നാണ്.

അറിയപ്പെടുന്ന മുറകളിലൂടെ അല്ലാതെ ഈശ്വരസാക്ഷാത്കാരത്തിനു പരിശ്രമിക്കുന്നവരുടെ ഗതിയെന്തെന്നാണല്ലോ അര്‍ജുനന്‍ ചോദിച്ചത്. ലക്ഷ്യം ശരിയാണെങ്കില്‍ ഗതികേട് വരില്ല എന്നാണ് മറുപടി. മാര്‍ഗമൊക്കെ ചിട്ടപ്പടിയായാലും ലക്ഷ്യം പിഴച്ചാല്‍ കുഴഞ്ഞതുതന്നെ. ആത്മനാശവും ലോകനാശവും ഫലം.

അനുകമ്പാര്‍ദ്രമായ മൂന്ന് ചിരിത്തിരികള്‍ ഈ പദ്യത്തിലുണ്ട്. ഉടലോടെ സ്വര്‍ഗത്തില്‍ പോകുമെന്ന ഹുങ്കോടെ ഒറ്റക്കാലില്‍ പഞ്ചാഗ്‌നിനടുവില്‍ തപസ്സു ചെയ്യുന്നവരുടെ നേര്‍ക്കാണ് ചിരിയുടെ ഒന്നാംതിരി തെളിയുന്നത്. ആര്‍ത്തിയും സംഗദോഷവും ഉള്ള ഇത്തരം ബലവാന്‍മാര്‍ തന്‍പ്രമാണിത്തവും അഹങ്കാരവും കാരണം ഹിംസാപരമായ തപസ്സനുഷ്ഠിക്കുന്നു. അവിവേകികളായ ഇവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് തങ്ങളുടെ ഇന്ദ്രിയങ്ങളെയും ആത്മസ്വരൂപത്തെത്തന്നെയും ശോഷിപ്പിക്കുകയാണ്. (ആത്മസ്വരൂപത്തില്‍നിന്ന് അജ്ഞാനത്താല്‍ അകലുകയാണ്.)






MathrubhumiMatrimonial