
ഗീതാദര്‍ശനം - 584
Posted on: 01 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
ശ്രീഭഗവാനുവാച:
ത്രിവിധാ ഭവതി ശ്രദ്ധാ
ദേഹിനാം സാ സ്വഭാവജാ
സാത്വികീ രാജസീ ചൈവ
താമസീചേശതി താംശൃണു
ശ്രീ ഭഗവാന്‍ പറഞ്ഞു:
(നീ പറഞ്ഞ) ആ ശ്രദ്ധ പ്രാണികള്‍ക്ക്, സ്വഭാവസിദ്ധമായി, സാത്ത്വികപ്രധാനം, രാജസപ്രധാനം, താമസപ്രധാനം എന്നിങ്ങനെ മൂന്നു വിധം സംഭവിക്കുന്നു. അതിനെക്കുറിച്ച് പറയാം, കേട്ടോളുക.
ഓരോ വ്യക്തിക്കും സ്വന്തമായ തനിമയുണ്ട്. തനതായ ആ പ്രകൃതമാണ് ജന്‍മം സാര്‍ഥകമാക്കുന്നത്. ഓരോ പ്രാണിവര്‍ഗത്തിനുമുള്ള പൊതുവായ സ്വഭാവത്തിന് പുറമേയാണ് ഈ വ്യക്തിപരമായ വ്യതിരിക്തത. പ്രകൃതിയിലെ മൂന്നു ഗുണങ്ങള്‍, പ്രപഞ്ചനിര്‍മിതിക്കടിസ്ഥാനമായ സ്പന്ദനക്രിയയിലെ മൂന്നവസ്ഥകളുടെ പ്രതിഫലനങ്ങളാണെന്ന് മുന്‍പെ നാം കണ്ടു. അക്ഷരമാധ്യമത്തില്‍ നിലനില്‍ക്കുന്ന സ്പന്ദനക്രിയകളുടെ കൂട്ടായ്മകള്‍ക്കു തമ്മില്‍ ചേരാന്‍ അനന്തസാധ്യതകളുണ്ടെന്നും അതിനാല്‍, ഓരോ ശരീരക്ഷേത്രത്തിന്റെയും സൂക്ഷ്മപ്രകൃതം ഓരോവിധമായിരിക്കും എന്നുകൂടി കാണുകയുണ്ടായി.
മനുഷ്യന്‍ ഒഴികെയുള്ള പ്രാണികള്‍ക്ക് ആത്മബോധം എന്ന ഉപാധി ഇല്ലാത്തതുകൊണ്ട്, സ്വന്തം സൂക്ഷ്മപ്രകൃതം സ്വേച്ഛയാ മാറ്റാന്‍ ആവില്ല. അവയില്‍ പ്രകൃതമാറ്റം വരുത്തുന്നത് ബാഹ്യോപാധികള്‍ മാത്രമാണ്. മനുഷ്യനില്‍ ഈ ഉപാധി ഉണ്ട്.
മനുഷ്യന്റെ മുന്നില്‍ രണ്ടു സാധ്യതകള്‍ പ്രകടമായിരിക്കുന്നു. ഒന്നുകില്‍ ജന്മസ്വഭാവമായ വാസന അഥവാ താത്പര്യം മാറ്റമില്ലാതെ തുടരാം, അല്ലെങ്കില്‍ അതില്‍ ബോധപൂര്‍വം മാറ്റം വരുത്താം. ഈ മാറ്റം ശാന്തിയിലേക്കോ മറുവശത്തേക്കോ ആവാം. അതിനാല്‍ അവനവനിലുള്ള സൂക്ഷ്മപ്രകൃതത്തിന്റെ പ്രകടനമായ ശ്രദ്ധയുടെ സവിശേഷതകള്‍ ആദ്യമേ തിരിച്ചറിയേണ്ടിയിരിക്കുന്നു.
