githadharsanam

ഗീതാദര്‍ശനം - 582

Posted on: 30 Aug 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


മുന്‍പേ പോയവരില്‍നിന്നു കിട്ടാവുന്ന അറിവ് വാഹനം മാത്രമാണെന്നര്‍ഥം. ദിശാബോധവും നിശ്ചയബുദ്ധിയും തുഴയാനുള്ള ശേഷിയുമാണ് പ്രധാനകാര്യങ്ങള്‍. തോണിയൊന്നും കണ്ടുകിട്ടിയില്ലെങ്കിലും വാസനയുള്ളവര്‍ ഏതു പ്രളയവും നീന്തി അക്കരെ എത്തുകതന്നെ ചെയ്യും.

ഈ വാസന അല്പമാത്രമെങ്കില്‍ വികസിപ്പിക്കാന്‍ സാധിക്കും. ഒട്ടുമില്ലെങ്കില്‍ പുതുതായി നട്ടു മുളപ്പിക്കാനും പറ്റും എന്നതാണ് ഗീത നല്‍കുന്ന സാന്ത്വനം. സ്വന്തം വാസനകളെ തിരിച്ചറിയാനും അറിവിന്റെ വെളിച്ചത്തില്‍ അതിനെ രൂപാന്തരപ്പെടുത്താനുമുള്ള മാര്‍ഗങ്ങള്‍ ഈ അധ്യായത്തില്‍ വിവരിക്കുന്നു.

നന്മ പുലരാന്‍ കര്‍ശനനിയമങ്ങള്‍ ഒട്ടൊക്കെ ഉതകുമെങ്കിലും ഏതു നിയമാവലിയും അക്ഷരാര്‍ഥത്തില്‍ പാലിച്ചുകൊണ്ടുതന്നെ അതിന്റെ അന്തഃസത്തയെ അവഗണിക്കാമല്ലോ. ഇങ്ങനെ ചെയ്യുന്നവര്‍ എല്ലാ നിയമാവലികളെയും നിഷ്പ്രയോജനമാക്കുന്നു. അതിനാല്‍, നന്മയുടെ സംസ്ഥാപനം രാജശാസനങ്ങളിലൂടെയോ മതപരങ്ങളായ നിബന്ധനകളിലൂടെയോ സാധിക്കാവുന്നതല്ല എന്നാണ് ഗീതാസാരം. അറിവുകൊണ്ട്, ജീവിതത്തിന്റെ ആണിവേരില്‍നിന്ന് സ്വാഭാവികമായി കിളിര്‍ത്തു വരണം നന്മ. എന്നിട്ടത് ജീവിതത്തിനും ലോകത്തിനും മൊത്തമായി തണലാകണം.ഇന്നത്തെ ലോകാവസ്ഥയില്‍ അപരാവിദ്യകളിലെ അറിവുകള്‍പോലും വിനാശകരമായി ഭവിക്കുന്നതു കാണാം. സയന്റിസ്റ്റുകള്‍ പലരും നിത്യജീവിതത്തില്‍ അന്ധവിശ്വാസികള്‍ ആകുന്നതും മോഡേണ്‍ സയന്‍സിലെ വെളിപാടുകള്‍ മാരകായുധങ്ങളായി മാറുന്നതും പതിവല്ലെ?

നമ്മുടെ കരണങ്ങളുടെ അന്തഃസത്തയാണ് ശ്രദ്ധ. നമ്മെ ലക്ഷ്യോന്മുഖമായി മുന്നോട്ടു നയിക്കുന്നത് അതാണ്. അത് ശരിയായില്ലെങ്കില്‍, ഭൗതികവിഷയങ്ങളെ സംബന്ധിക്കുന്ന എല്ലാ അറിവുകളും കുടം കമഴ്ത്തിവെച്ച് വെള്ളമൊഴിച്ചപോലെയോ, കുടത്തിലെ ഭൂതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിതന്നെയോ ആയി കലാശിക്കാം.



MathrubhumiMatrimonial