
ഗീതാദര്‍ശനം - 578
Posted on: 25 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
ഈ തത്ത്വങ്ങള്‍ എവിടന്നാണറിയേണ്ടത്? ശ്രുതിയില്‍നിന്നേ അറിയാനാവൂ. ശ്രുതി എന്നാല്‍ ഇമ്മാനുവല്‍ കാന്റിന്റെ ഭാഷയില്‍ പ്രാഗനുഭവനിര്‍ദേശങ്ങളാണ് (a priori). അത് കാലാതിവര്‍ത്തിയാണ്. (അനുഭവത്തിന്റെ വെളിച്ചത്തില്‍ തിരികെ ഓര്‍മിക്കുന്നത് സ്മൃതി - (a posteriori). അത് കാലദേശനിബദ്ധമാണ്.) രണ്ടിലും സ്വന്തം നിശ്ചയമേ സ്വീകരിക്കാവൂ. പക്ഷേ, ആ നിശ്ചയം അഹങ്കാരഫലമല്ലെന്ന് ഉറപ്പുണ്ടാകാന്‍ അത് ഗുരൂപദേശത്തോടും വിമര്‍ശനബുദ്ധിക്കു സ്വീകാര്യമായ അടിസ്ഥാനദര്‍ശനത്തോടും പൊരുത്തപ്പെട്ടു വരണം.
എങ്ങനെയാണ് ശ്രുതി കാലാതിവര്‍ത്തിയാവുന്നത്? പ്രത്യക്ഷംകൊണ്ടും യുക്തികൊണ്ടും അറിയാന്‍ സാധിക്കാത്ത വിഷയത്തെ ബോധിപ്പിക്കുന്നതാണ് ശ്രുതി. അതേസമയം ആ ബോധനം പ്രത്യക്ഷാനുമാനങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല. ഏതൊരു വസ്തുവിന്റെയും യഥാര്‍ഥജ്ഞാനം കൊണ്ട് അതിനെക്കുറിച്ചുള്ള അയഥാര്‍ഥജ്ഞാനം നശിക്കുന്നത് നമ്മുടെ നിത്യാനുഭവമാണ്. ഉദാഹരണത്തിന്, ഞാന്‍ എന്റെ ദേഹം മാത്രമാണെന്ന തെറ്റായ ധാരണയെ യഥാര്‍ഥമായ ആത്മജ്ഞാനം തിരുത്തുന്നു. ഈ തിരിച്ചറിവ് ശ്രുതിയില്‍നിന്നും ഗുരുമുഖത്തുനിന്നും കിട്ടിയാല്‍ അതിനെ സ്വാനുഭവങ്ങളുമായി തട്ടിച്ചു നോക്കി സാത്മീകരിക്കുകയാണ് വിദ്യാര്‍ഥി ചെയ്യുന്നത്.
ചിട്ടപ്പെടുത്തിയ ജീവിതചര്യയും സ്വാധ്യായവും ശീലിച്ച് ധ്യാനയോഗത്തിലൂടെയാണ് സത്യബോധത്തിലെത്തേണ്ടത്. മുന്‍പേ പോയവരെല്ലാം ഇങ്ങനെ ചെന്നാണ് അറിഞ്ഞത്. അവരാണ് വിശിഷ്ടരായ ഗുരുനാഥര്‍. അവരുടെ ഉപദേശങ്ങളെ ധ്യാനസ്ഫുടം ചെയ്തുണ്ടാവുന്ന തികഞ്ഞ അനുഭവജ്ഞാനംതന്നെയാണ് പരമാത്മസ്വരൂപം എന്നാണ് ശ്രുതിവാക്യം. ('പ്രജ്ഞാനം ബ്രഹ്മഃ'). അത് നിത്യവും അവ്യയവുമാണ്. അതിനാലത് എന്നുണ്ടായി എന്നോ ആര്‍ക്കാണ് ആദ്യം വെളിപ്പെട്ടു കിട്ടിയത് എന്നോ ഒന്നും അന്വേഷിക്കേണ്ടതില്ല. കുഴിയെണ്ണാന്‍ പുറപ്പെടാതെ അപ്പം തിന്നുക. തിന്നു നോക്കിയാലല്ലേ അപ്പത്തിന്റെ ഗുണമറിയൂ? നന്നെന്നുതോന്നിയാല്‍ മതിയാവോളമാവാം!
പരമമായ അറിവുതന്നെ ആയിത്തീരലാണ് ബ്രഹ്മവിദ്യയിലെ വെല്ലുവിളി. വാസനയും സാധനയും അനുസരിച്ചിരിക്കും ആ രൂപാന്തരം. അഥവാ, ശ്രദ്ധയുടെ തരമനുസരിച്ചാണ് നേട്ടം. ജീവിതത്തില്‍ കൃതകൃത്യത കൈവരണമെങ്കില്‍ മറ്റൊരാലംബമില്ല.
