
ഗീതാദര്‍ശനം - 577
Posted on: 24 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
ജീവസന്ധാരണത്തിനും വംശവര്‍ധനയ്ക്കും വേണ്ടി പ്രയത്‌നിക്കുന്നതും നാളത്തെ ഉപജീവനത്തിനുള്ള മാര്‍ഗം ഉറപ്പുവരുത്തുന്നതും കര്‍ത്തവ്യങ്ങളാണ്. ശരീരക്ഷേത്രത്തിലെ അംഗോപാംഗങ്ങള്‍ ഈ കര്‍ത്തവ്യപൂരണങ്ങള്‍ നല്‍കുന്ന ഐന്ദ്രിയസുഖങ്ങള്‍ സങ്കല്പത്താല്‍ ബന്ധിതങ്ങളാകരുതെന്നേയുള്ളൂ. ഈ ബന്ധനം സംഭവിക്കാതിരിക്കാനും സംഭവിച്ചിരിക്കുന്നെങ്കില്‍ അതിന് അറുതി വരുത്താനുമുള്ള അറിവും ഉപാധിയും ചര്യയുമാണ് ഗീത ആദ്യവസാനം ഉപദേശിക്കുന്നത്. അങ്ങനെ പറഞ്ഞ കാര്യങ്ങള്‍ക്കനുസരിച്ച ജീവിതത്തെ 'ആചരത്യാത്മനഃ ശ്രേയഃ' എന്നു ചിമിഴിലൊതുക്കി അവതരിപ്പിക്കുന്നു.
മനുഷ്യജന്മത്തില്‍ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാന്‍ കഴിയുന്നത് മഹാഭാഗ്യം. ആ തിരിച്ചറിവുപയോഗിച്ച് സുകൃതിയായി ജീവിച്ച് പരമാത്മസാരൂപ്യം സാധിക്കുന്നത് പരമമായ ഭാഗ്യം.
യഃ ശാസ്ത്രവിധിമുത്സൃജ്യ
വര്‍ത്തന്തേ കാമകാരതഃ
ന സ സിദ്ധിമവാപ്‌നോതി
ന സുഖം ന പരാം ഗതിം
ആരാണോ സത്യദര്‍ശികളുടെ വ്യക്തമായ നിര്‍ദേശങ്ങളെ (ശാസ്ത്രങ്ങളെ) പുറന്തള്ളിയിട്ട് താന്തോന്നിയായി നടക്കുന്നത് അയാള്‍ ജീവിതസാഫല്യം നേടുന്നില്ല, സുഖം നേടുന്നില്ല, പരമാത്മസാരൂപ്യം കൈവരിക്കുന്നുമില്ല.
മൃഗപരിപാലനം മുതല്‍ തച്ചുശാസ്ത്രം വരെ എല്ലാ അപരാവിദ്യകള്‍ക്കും അവയുടേതായ വിധികളുണ്ട്, സൂത്രവാക്യങ്ങളും കണക്കുകളുമുണ്ട്. സദ്ഗുരുനാഥര്‍ പറഞ്ഞുതന്നുതന്നെയാണ് ഇവയും ശരിയായി പഠിയുന്നത്. പക്ഷേ, ഇവിടെ ശാസ്ത്രം എന്നു പറയപ്പെട്ടിരിക്കുന്നത് നമുക്കു സുപരിചിതമായ ഈ അര്‍ഥത്തിലല്ല. (ഇതും സയന്‍സുതന്നെ എങ്കിലും ഇത് ആ സയന്‍സ് അല്ല.) പിന്നെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് രണ്ടാംപാദംകൊണ്ട് വെളിപ്പെടുന്നു. ഈ ശാസ്ത്രത്തിന്റെ വിധികള്‍ അനുസരിക്കാഞ്ഞാല്‍ ജീവിതം സഫലമാവുകയോ ജിവിതസുഖമുണ്ടാവുകയോ പരമഗതി പ്രാപിക്കുകയോ ഇല്ല. ഇവിടെ പറയുന്നത് പരാവിദ്യ എന്ന ശാസ്ത്രത്തെപ്പറ്റിയാണെന്ന് വ്യക്തം.
