
ഗീതാദര്‍ശനം - 576
Posted on: 22 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുരസമ്പദ്‌വിഭാഗയോഗം
വിവേകമെന്ന ആത്മസ്വരൂപപ്രകാശം കിട്ടിയാല്‍ ഈ വാതിലുകള്‍ എങ്ങോട്ടാണ് തുറക്കുന്നതെന്ന് തിരിച്ചറിയും. പക്ഷേ, ഈ വാതിലുകളുടെ പ്രത്യേകത ഇവ ആ പ്രകാശത്തെ മറയ്ക്കുന്നു എന്നതാണ്. വാസനകള്‍ കളങ്കപ്പെടുന്ന മുറയ്ക്ക് ഈ മറയ്ക്ക് കട്ടി കൂടുന്നു.
നമ്മില്‍ മൂന്ന് അടിസ്ഥാനചോദനകളുണ്ട്. ജീവസന്ധാരണത്വര (the instinct of self preservation), വംശവര്‍ധനത്വര (the instinct of self propagation), സുരക്ഷിതത്വത്വര(the instinct of security). ഇതു മൂന്നും കാമക്രോധലോഭങ്ങളില്‍ അധിഷ്ഠിതങ്ങളാണ്. ഈ വന്യമൃഗങ്ങളാണ് ജീവിതവണ്ടി വലിക്കുന്നതെന്ന് ഓര്‍മിക്കുകയും അവയുടെ കടിഞ്ഞാണ്‍ ഒരിക്കലും കൈവിടാതിരിക്കയും വേണം. ഇവയുടെ പോക്ക് ധര്‍മത്തിനു വിരുദ്ധമല്ലാതെ നിലനിര്‍ത്താന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയും. തിന്നാന്‍ വായും പിളര്‍ന്നു വരുന്ന പുലിയെ ബുദ്ധപ്രതിമപോലുമെടുത്ത് തലയ്ക്കടിച്ചു കൊല്ലുമ്പോഴും നമുക്കതിനെ ദ്വേഷിക്കാതിരിക്കാം. കടിഞ്ഞാണിട്ടു പിടിച്ചാല്‍ നില്‍ക്കാത്ത കുതിരയല്ല ലൈംഗികാസക്തി. നാളേക്കു വേണ്ടി വല്ലതും കരുതി വെക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്നത്തേക്കുള്ളത് നിഷേധിച്ചുകൊണ്ടോ കൃത്രിമക്ഷാമുണ്ടാക്കാനോ ആകാതിരിക്കാന്‍ ശ്രദ്ധിക്കാമല്ലോ. ശേഖരിക്കുന്നതിന് പരിധി നിശ്ചയിക്കുകയുമാവാം. ഇത്രയൊക്കെയേ വേണ്ടൂ. എല്ലാരുമെല്ലാതും പരമാത്മപ്രഭാവംതന്നെ എന്ന തിരച്ചറിവു മതി ഈ നിയന്ത്രണങ്ങള്‍ സാധിപ്പിക്കാന്‍.
ഏതൈര്‍വിമുക്തഃ കൗന്തേയ
തമോദ്വാരൈസ്ത്രിഭിര്‍നരഃ
ആചരത്യാത്മനഃ ശ്രേയഃ
തതോ യാതി പരാം ഗതിം
ഹേ അര്‍ജുനാ, ഇതില്‍ (ഈ മൂന്ന് നരകവാതിലുകളില്‍)നിന്നു രക്ഷപ്പെട്ട മനുഷ്യന്‍ ആത്മശ്രേയസ്സിനിണങ്ങിയ (യജ്ഞഭാവനയോടെയുള്ള) കര്‍മങ്ങള്‍ ചെയ്യുന്നു, അതു വഴി (പരമാത്മസാരൂപ്യമെന്ന) ഏറ്റവും ഉല്‍കൃഷ്ഠമായ ഗതിയെ പ്രാപിക്കുന്നു.
സര്‍വസംഗപരിത്യാഗവും കര്‍മവൈമുഖ്യവുമല്ല ജീവിതചര്യയായി ഉദ്ദേശിക്കുന്നതെന്ന് വീണ്ടും വ്യക്തമാക്കുന്നു.
കര്‍മം ശ്രേയസ്സിന് അനുപേക്ഷണീയമാണ്. വ്യക്തിക്കും സമൂഹത്തിനും പ്രപഞ്ചത്തിനും ഒരുപോലെ നന്മ വരുത്തുന്നത് എന്തോ അതത്രെ ശ്രേയസ്സ്.
(തുടരും)
