
ഗീതാദര്‍ശനം - 566
Posted on: 10 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
മനുഷ്യരെ മൊത്തമായി വിവേകികളെന്നും അവിവേകികളെന്നും തിരിക്കുകയല്ല ഇവിടെ. വിവേകത്തിന്റെ വര്‍ണരാജിയില്‍ ഇടനിലക്കാരാണ് മഹാഭൂരിഭാഗവും. ഒരറ്റത്ത് ഹിറ്റ്‌ലറെയും മറ്റേ അറ്റത്ത് മദര്‍ തെരേസയെയും കാണാം. മൊത്തം മനുഷ്യരാശിയുടെ തൂക്കം വിവേകത്തിന്റെ ഭാഗത്തേക്കാണെന്നും കാണാം. അതിനാലാണല്ലോ ലോകം ഇപ്പോഴും ഇത്രയെങ്കിലും പച്ചപിടിച്ചുതന്നെ നില്‍ക്കുന്നത്. വിവേകം എപ്പോഴും ആര്‍ക്കും ആര്‍ജിക്കാവുന്ന ഒന്നായതിനാല്‍ ശുഭപ്രതീക്ഷയ്‌ക്കേ വകയുമുള്ളൂ. നല്ലതു വരട്ടെ എന്നുദ്ദേശിച്ച് വിവേകശൂന്യതയുടെ ദൂഷ്യഫലങ്ങള്‍ കുറച്ചുകൂടി വിശദീകരിക്കയാണ് ഇനി ഗീത.
ചിന്താമപരിമേയാം ച
പ്രലയാന്താമുപാശ്രിതാഃ
കാമോപഭോഗപരമാഃ
ഏതാവതിദി നിശ്ചിതാഃ
ആശാപാശശതൈര്‍ബദ്ധാഃ
കാമക്രോധപരായണാഃ
ഈഹന്തേ കാമഭോഗാര്‍ഥം
അന്യായേനാര്‍ഥസഞ്ചയാന്‍
എന്നുതന്നെയല്ല, പ്രളയകാലംവരെ അവസാനിക്കാത്ത(തെന്നു തോന്നിപ്പിക്കുന്ന)ത്ര അളവറ്റ വേവലാതികളുടെ അടിസ്ഥാനത്തില്‍, ലൗകികകാമങ്ങളെ മാത്രം ലക്ഷ്യമിട്ട്, അതില്‍ക്കവിഞ്ഞ് ഒന്നും നേടാനില്ലെന്നു തീരുമാനിച്ച്, ആശകളുടെ നൂറുകണക്കിന് കയറുകളാല്‍ ബന്ധിതരായി, കാമക്രോധങ്ങളില്‍ മുഴുകിയവര്‍, ഇന്ദ്രിയസുഖാനുഭവങ്ങള്‍ ഒരുക്കുന്നതിന് അന്യായമായി സമ്പത്തു ശേഖരിക്കാന്‍ വെപ്രാളപ്പെടുന്നു.
''മുന്നില്‍ കാണുന്ന ഭോഗവിഷയത്തിലേക്ക് ഇരുമ്പ് കാന്തത്തിലേക്കെന്നപോലെ ആകൃഷ്ടനാകുമ്പോള്‍, തന്റെ ആത്മസ്വരൂപമായ ആനന്ദത്തെയാണ് അതില്‍ അധ്യാരോപിക്കുന്നതെന്നറിയാതെ സുഖം തരുന്നതിനെയെല്ലാം ഉപഭോഗമാക്കുന്നു'' - ഗുരു നിത്യചൈതന്യയതി.
(തുടരും)
