githadharsanam

ഗീതാദര്‍ശനം - 565

Posted on: 08 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


കാമമാശ്രിത്യ ദുഷ്പൂരം
ദംഭമാനമദാന്വിതാഃ
മോഹാത് ഗൃഹീത്വാ/സദ്ഗ്രാഹാന്‍
പ്രവര്‍ത്തന്തേ/ശുചിവ്രതാഃ


തീര്‍ത്താല്‍ തീരാത്ത ആര്‍ത്തിക്കടിമപ്പെട്ട ഇവര്‍ അഹങ്കാരം, ദുരഭിമാനം, മദം എന്നിവയുടെ വിളനിലങ്ങളായി, നല്ല വഴിക്കു നേടാനാവാത്ത കാര്യങ്ങളെ അവിവേകത്താല്‍ ലക്ഷ്യമാക്കിയും (അതിനാല്‍) ദുര്‍വൃത്തികള്‍ ജീവിതവ്രതമാക്കിയും പ്രവൃത്തിച്ചുകൊണ്ടേ ഇരിക്കുന്നു.
ശാന്തിയും നീതിയും അന്യമായിക്കൊണ്ടിരിക്കുന്ന, പരിഷ്‌കൃതമെന്നു നാം വിളിക്കുന്ന, ആധുനികലോകത്തിലെ ദുരിതങ്ങളുടെ പൊരുളാണ് ഈ പദ്യത്തില്‍ ചുരുളഴിയുന്നത്. തീരാത്ത ആര്‍ത്തികള്‍ക്ക് അടിമകളാണ് പലരും. കടലിലെ ഓളവും കരളിലെ മോഹവും ഒടുങ്ങുകില്ലെന്ന് നാം പരസ്യമായി പാടി ആടുന്നുവല്ലോ. ആര്‍ത്തിക്കു വളമിടുന്ന പരസ്യങ്ങളുംഅന്യരുടെ ആര്‍ത്തികള്‍ വളരുന്തോറും തങ്ങളുടെ ആര്‍ത്തികള്‍ നിറവേറുമെന്ന് കരുതുന്ന സുഖഭോഗവിഭവക്കമ്പനിക്കാരും പരിലസിക്കെ, നേടിയതില്‍ ദുരഭിമാനവും അഹങ്കാരവും മദവുമായി വിഷത്തിലെ കൃമികളെപ്പോലെ മനുഷ്യകുലം നരകിക്കുന്നു. ആര്‍ത്തികള്‍ നിറവേറ്റിത്തരാമെന്ന പൊള്ളയായ വാഗ്ദാനം നല്‍കി ദുര്‍വൃത്തര്‍ അധികാരം കൈയാളുന്നു.
ഭൂമിയിലെ വായുവും വെള്ളവും നാം മലിനമാക്കിക്കഴിഞ്ഞു. സ്വന്തം ജീവമണ്ഡലം നശകുശയാക്കുന്ന ഏകജീവി എന്ന ബഹുമതി മനുഷ്യന് സ്വന്തമായിരിക്കുന്നു. ഹിമാലയത്തിന്റെ കൊടുമുടികളും ശാന്തസമുദ്രത്തിന്റെ അടിത്തട്ടും ബഹിരാകാശവും വരെ കുപ്പകൊണ്ടു നിറഞ്ഞു. മനസ്സ് മലിനമായതുകൊണ്ടാണ് പരിഃസ്ഥിതി മലിനമായതെന്നു തീര്‍ച്ചയല്ലേ? പ്രപഞ്ചത്തിന് എന്തുതന്നെ സംഭവിച്ചാലും എന്റെ കാര്യം തരപ്പെട്ടാല്‍ മതി എന്ന് പലരും കരുതുന്നതല്ലേ ഇക്കാണായ എല്ലാ അശുചിത്വങ്ങള്‍ക്കും കാരണം? സാമ്പത്തികത്തകര്‍ച്ച, സാമൂഹികമായ അഴിമതികള്‍, ആയുധക്കച്ചവടം, തീവ്രവാദം, ലഹരിവിപണി, കൊലകള്‍, കൊള്ളകള്‍, യുദ്ധങ്ങള്‍ എന്നു തുടങ്ങിയ അഹിതങ്ങളില്‍ ഏതെടുത്താലും അതിനടിയില്‍ കാണുക, വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാന്‍ കഴിവില്ലായ്മയല്ലേ?

(തുടരും)






MathrubhumiMatrimonial