githadharsanam

ഗീതാദര്‍ശനം - 564

Posted on: 08 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ആത്മാവ് നിത്യമാണെന്നും മരണാനന്തരം നിത്യജീവിതത്തിന് മനുഷ്യന്‍ അര്‍ഹനാണെന്നും വിശ്വസിക്കുന്നവര്‍പോലും ആ വിശ്വാസത്തിന്റെ ആഴവും പരപ്പും ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതിനാല്‍, സ്വന്തമെന്നു കരുതുന്ന മതത്തില്‍ പെടാത്ത നിരവധി പേരെ തല തല്ലിയുടച്ചും പച്ചയായി ചുട്ടും കൊന്നിട്ടുണ്ട്. വിശുദ്ധസഭയില്‍ പെട്ടവരായിട്ടുപോലും ആവിലായിലെ തെരീസാമ്മയും കുരിശിന്റെ യോഹന്നാനും ക്രൂരദണ്ഡനത്തിനു വിധേയരായി. മതവിരോധത്തിന്റെ പേരില്‍ നാസികള്‍ ലക്ഷക്കണക്കിനു ജൂതരെ ഗ്യാസ് ചേംബറുകളില്‍ കൊന്നു. സ്‌നേഹനിധിയായ യേശുവിന്റെയും ദയാപരനായ അല്ലാഹുവിന്റെയും പേരില്‍ അരങ്ങേറിയ കുരിശുയുദ്ധങ്ങളില്‍ അനേകലക്ഷം നിരപരാധികള്‍ മരിച്ചു. ഓരോ മതത്തിലെയും അവാന്തരവിഭാഗങ്ങള്‍ തമ്മില്‍ നടന്ന കൂട്ടക്കൊലകള്‍ക്ക് കൈയും കണക്കുമില്ല. അമേരിക്കയിലെ ഉന്നതരായ പുരോഹിതര്‍ വാഴ്ത്തിയിട്ടാണ് അണുബോംബുകള്‍ ഹിരോഷിമയിലേക്കും നാഗസാക്കിയിലേക്കും അയച്ചത്.

തങ്ങളുടെ വിശ്വാസത്തിന്റെ ശരിയായ പ്രസക്തി തിരിച്ചറിയാത്തവര്‍ ഇത്രയൊക്കെ അപകടക്കാരാകാമെങ്കില്‍, ഈശ്വരനോ പ്രപഞ്ചത്തിന് അവ്യയമായ അസ്തിത്വമോ ഇല്ലെന്നു കരുതുന്നവരുടെ കാര്യം എന്തു പറയാന്‍! താന്‍ പിടിച്ച മുയലിന് കൊമ്പില്ലെന്നു പറയുന്നവരെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയം ഈ ജനാധിപത്യരാജ്യത്തുപോലും ഇപ്പോഴും നിലനില്ക്കുകയല്ലേ?
(തുടരും)



MathrubhumiMatrimonial