githadharsanam

ഗീതാദര്‍ശനം - 562

Posted on: 05 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


രണ്ടാമധ്യായത്തില്‍ 'ബുദ്ധിയുറച്ചവ'രെ (സ്ഥിതപ്രജ്ഞര്‍) വിവരിച്ചതിന്റെ തുടര്‍ച്ചയായി ആ ഭാഗ്യമുണ്ടായിട്ടില്ലാത്ത ആളുകളെ പരാമര്‍ശിച്ചതിനു സമാന്തരമാണിത്. ബുദ്ധിയില്ലായ്മയല്ല, ഉള്ള ബുദ്ധി നേരേയാകായ്കയാണ് പ്രശ്‌നം. പ്രപഞ്ചത്തെ ഇന്ദ്രിയാനുഭവത്തിലൂടെ മാത്രം നിരീക്ഷിക്കുന്നവരും എല്ലാമെല്ലാം പരിണമിക്കുന്നതായി അറിയുന്നു. പക്ഷേ, ആ അറിവിന്റെ പൂവ് കാപിടിക്കുന്നില്ല. കാരണം, ഇവര്‍ക്ക് അടിസ്ഥാനപരമായ ഒരു തെറ്റു പറ്റുന്നു. ചിരപരിണാമിയായ ഏതിനും നിലനില്ക്കാന്‍ അവ്യയമായ ഒരു അടിത്തറ കൂടാതെ കഴിയില്ല എന്ന ലളിതസത്യം മനസ്സിലാകാത്തതാണ് ആ തെറ്റ്. എന്നിട്ടോ, സത്തയില്ലാത്തതാണ് (അസത്യം) ജഗത്ത് എന്ന് കരുതാനിടയാവുന്നു. പ്രാഥമികമായ ഈ കാഴ്ചദോഷത്തിന്റെ ഫലമാണ് പിന്നീടു പറ്റുന്ന എല്ലാ പ്രമാദങ്ങളും. പ്രപഞ്ചം അധിഷ്ഠാനമില്ലാത്തതാണ് (അപ്രതിഷ്ഠം) എന്ന നിഗമനം ഉദാഹരണം. നാഥനില്ലാക്കളരിയാണ് (അനീശ്വരം) എന്നത് അതിന്റെ തുടര്‍ച്ച.
മാറ്റമില്ലാത്ത ഒന്നും അതിന്റെതന്നെ ഭാവാന്തരമായ മാറ്റമുള്ള ഒന്നും തമ്മില്‍ നില നില്ക്കുന്ന പാരസ്​പര്യത്തിന്റെ ഫലമല്ല പ്രപഞ്ചം എന്ന് ഇവര്‍ക്ക് കരുതേണ്ടി വരുന്നു. എങ്കില്‍പ്പിന്നെ സൃഷ്ടിയുടെ രഹസ്യമെന്ത് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ വിഷമിച്ച്, ഇണ ചേരാനുള്ള ചോദന പ്രപഞ്ചത്തില്‍ സാര്‍വത്രികമായി കാണുന്നതിനാല്‍ അതിന്റെ മാത്രം ഫലങ്ങളാണ് ഇക്കാണായതെല്ലാം എന്നു പറയേണ്ടിയും വരുന്നു.
പണ്ടേ ഉള്ളതും സാര്‍വലൗകികവുമാണ് ഈ അപഭ്രംശം. വൈദികകാലത്തുതന്നെ ഇവിടെ ചാര്‍വായതന്‍മാരായ ലോകായതികന്മാര്‍ (നിരീശ്വരവാദികള്‍) ഉണ്ടായിരുന്നു. പുരാതനഗ്രീസില്‍ ഡെമോക്ലിസും ശിഷ്യരും പ്രത്യക്ഷവാദികളായിരുന്നു. പാശ്ചാത്യദാര്‍ശനികരില്‍ ലോക്കിനെപ്പോലുള്ളവര്‍ ഐന്ദ്രിയവാദികളാണല്ലോ. ഇവരോ പിന്നീടു വന്ന ഭൗതികവാദികളോ ഒന്നും ആലോചനാശേഷി കുറഞ്ഞവരല്ല. അവരുടെ ശ്രദ്ധ തെറ്റായ ലോകവീക്ഷണത്തിന്റെ കെട്ടുകുറ്റിയില്‍ കുരുങ്ങിപ്പോയി എന്നു മാത്രം. മനുഷ്യനാണ് ലോകരചനയുടെ മുഖ്യ വിധാതാവ് എന്നും കാമനകള്‍ നേടലാണ് ജീവിതലക്ഷ്യം എന്നുമുള്ള ധാരണ വരെ (പ്രയോജനവാദം) ഈ വിവരക്കേട് നീളുന്നു. മുയലിന് നീണ്ട ചെവികളുണ്ടായത് വേട്ടക്കാര്‍ക്ക് ഉന്നംപിടിക്കാന്‍ സൗകര്യത്തിനാണ് എന്ന പക്ഷക്കാരെ ബര്‍ട്രന്റ് റസ്സല്‍ പിശുക്കില്ലാതെ കളിയാക്കുന്നുണ്ടല്ലോ.
(തുടരും)



MathrubhumiMatrimonial