
ഗീതാദര്‍ശനം - 549
Posted on: 19 Jul 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
ഇതുവരെ പറഞ്ഞത് പരമരഹസ്യമാണ്. എന്നു വെച്ചാല്‍ ''ആരോടും പോയ് പറയരുതിക്കഥ'' എന്നല്ല താത്പര്യം. ഒളിഞ്ഞിരിക്കുന്നതാണ്, അറിയാന്‍ പ്രയാസമുള്ളതാണ്. നന്നായി അറിഞ്ഞ ഗുരുവിനേ ഇതു പറഞ്ഞുതരാന്‍ പറ്റൂ. പാപരഹിതനായ ആള്‍ക്കേ മനസ്സിലാകൂ. തികഞ്ഞ അര്‍പ്പണബോധം ഉണ്ടെങ്കിലേ പ്രയോഗത്തില്‍ കൊണ്ടുവരാനാവൂ.
പ്രത്യക്ഷംകൊണ്ടും അനുമാനംകൊണ്ടും അറിയാനാവാത്ത വിഷയം പഠിപ്പിക്കുന്നതിനെയാണ് ഭാരതീയതത്ത്വവിചാരത്തില്‍ ശാസ്‌ത്രോപദേശം എന്നു പറയുക. ഗുരു സ്വാനുഭവംകൊണ്ട് സ്വരൂപിച്ച അറിവാണ് ഇങ്ങനെ കൈമാറപ്പെടുന്നത്. ആ അറിവിന്റെ വെളിച്ചത്തിലാകട്ടെ, പ്രപഞ്ചത്തെയും ജീവിതത്തെയും കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉരുത്തിരിച്ചെടുക്കാം. അതു ചെയ്ത് ഈ അറിവിനെ സ്വാംശീകരിക്കേണ്ടത് ശിഷ്യന്റെ ചുമതലയാണ്. ഇപ്പറഞ്ഞ ദര്‍ശനം അത്തരത്തില്‍ സ്വായത്തമായാല്‍ അവന്‍ എല്ലാം അറിഞ്ഞവനായി. ആ സര്‍വജ്ഞതയുടെ സ്വഭാവം കഴിഞ്ഞ ശ്ലോകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്തവന്‍, ചെയ്യേണ്ടതായി ഒന്നും ശേഷിച്ചിട്ടില്ലാത്തവന്‍ എന്നാണ് 'കൃതകൃത്യ'പദത്തിന് അര്‍ഥം. അതായത്, ഈ പരമാത്മതത്ത്വം അറിയുക എന്നതാണ് മനുഷ്യജീവിതത്തില്‍ പരമപ്രധാനമായ കൃത്യം. മനുഷ്യജന്മംകൊണ്ട് നേടേണ്ടവയില്‍ ഈ തത്ത്വജ്ഞാനമാണ് പരമപുരുഷാര്‍ഥം.
സമവസ്ഥിതമായ ഏകീകൃതബലമാണ് പരമാത്മസ്വരൂപം. വികാരങ്ങളും വിചാരങ്ങളും ഒഴിഞ്ഞ മനസ്സില്‍ അതു താനേ പ്രത്യക്ഷമാകും. മനസ്സ് ഇങ്ങനെ ആകാന്‍ ആത്മനിയന്ത്രണം ശീലിച്ചാല്‍ മതി. അതു ശീലിക്കാന്‍ മനസ്സ് ശുദ്ധമായിക്കിട്ടുകയും വേണം.
പരിണാമഗതിയില്‍ മനുഷ്യന് ഇതു ചെയ്യാനുള്ള കഴിവുണ്ടായിരിക്കുന്നു. പക്ഷേ, ഇത് എല്ലാവരാലും ഒരുപോലെ സാധ്യമാണോ എന്നു ചോദിച്ചാല്‍, അല്ല. വാസനാവ്യത്യാസം തീര്‍ച്ചയായുമുണ്ട്. ചെയ്തിയിലെ അഭിരുചിയും സാമര്‍ഥ്യവും ആള്‍ത്തരംപോലെ മാറും. പക്ഷേ, ഇതു ചെയ്യാനുള്ള സ്വാതന്ത്ര്യവും അവസരവും ഏവര്‍ക്കും ലഭ്യമാണ്.
ചെയ്തു തുടങ്ങിയാല്‍ അതിന്റെ സംസ്‌കാരം രൂപനിര്‍മാണക്ഷേത്രത്തില്‍ വാസനയായി പതിയുന്നു. ഏതളവില്‍ എന്നത് മുന്‍വാസന അനുസരിച്ചാവും. പക്ഷേ, ഒരിക്കല്‍ നാമ്പെടുത്താല്‍ ഈ വാസനയ്ക്ക് പിന്നെ നാശമില്ല എന്ന വിശേഷമുണ്ട്. ഇത്തരക്കാരെ ദൈവീസമ്പത്തിനെ ആശ്രയിച്ച് ജനിച്ചവരെന്നു പറയുന്നു. മറിച്ചുള്ള വാസനാഗതി ആസുരീസമ്പത്തിന്റെ ഫലമായും പറയപ്പെടുന്നു. മാറ്റിമറിക്കാവുന്ന ഈ തരംതിരിവിന്റെ വിശദീകരണമാണ് അടുത്ത അധ്യായം.
ഇതി പുരുഷോത്തമയോഗോ നാമ പഞ്ചദശോ ശധ്യായഃ
പുരുഷോത്തമയോഗമെന്ന പതിനഞ്ചാമധ്യായം സമാപിച്ചു.
