
ഗീതാദര്‍ശനം - 520
Posted on: 14 Jun 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
പരമാത്മസാരൂപ്യമാണ് മോക്ഷം എന്നു പറഞ്ഞു. പരമാത്മാവിലുള്ള ഇളകാത്ത ഭക്തിയാണ് അതിലേക്കുള്ള ഒരേ ഒരു വഴി എന്നു നിര്‍ദേശിക്കയും ചെയ്തു. നാമരൂപരഹിതമായ പരമാത്മാവിന്റെ സ്വരൂപത്തെ അറിയാന്‍ പ്രപഞ്ചത്തിന്റെ സംവിധാനത്തില്‍ അത് എവ്വിധമിരിക്കുന്നു എന്ന അറിവൊന്നേ ഉതകൂ. അത് 'ഇതല്ല', 'മറ്റേതുമല്ല' എന്നു പറഞ്ഞതുകൊണ്ടായില്ല, അതില്‍നിന്ന് ഏതേത് പ്രതിഭാസങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നു വ്യക്തമാകണം. അതില്‍നിന്നല്ലാതെ ഒന്നുമുണ്ടാകുന്നില്ല എന്നു തെളിയണം. ചുരുക്കത്തില്‍, താരാകദംബം മുതല്‍ പുല്‍ക്കൊടിവരെ എല്ലാറ്റിനും പരുഷോത്തമന്‍ എന്ന അക്ഷരാതീതവുമായി നിലനില്‍ക്കുന്ന ചേര്‍ച്ച അഥവാ യോഗം ഉള്ളില്‍ തെളിമയോടെ ചിത്രിതമായി കിട്ടണം. പുരുഷോത്തമയോഗം എന്ന ഈ അധ്യായം അതാണ് സാധിപ്പിക്കുന്നത്.
അറിവ്, പ്രവൃത്തി എന്നിവ ശരിപ്പെടുത്തി ജീവിതം എങ്ങനെ ധന്യമാക്കാമെന്ന് ആദ്യമേ പറഞ്ഞു. പിന്നെ, പരംപൊരുളിന്റെ മഹിമ അനായാസം അറിയാന്‍ സൃഷ്ടികളില്‍ ഏതേതിനെ ധ്യാനവിഷയമാക്കിയാല്‍ മതി എന്നു ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന്, ഇന്ദ്രിയങ്ങളുടെ പരിമിതികള്‍ക്കു പുറത്തു കടന്ന് (സ്ഥലകാലങ്ങളെ അതിലംഘിച്ച്) നിരീക്ഷിച്ചാല്‍ വിശ്വരൂപം എങ്ങനെ ഇരിക്കുമെന്നതിന്റെ രുചി അനുഭവിപ്പിച്ചു. പരംപൊരുളിന്റെതന്നെ ഭാവാന്തരമായ പ്രകൃതി എന്ന അവ്യക്തത്തില്‍ ഉടലെടുക്കുന്ന മൂന്നു ഗുണങ്ങള്‍ എങ്ങനെ ചരാചരങ്ങളുടെ സൃഷ്ടിയിലേക്കു നയിക്കുന്നു എന്നു വിസ്തരിക്കയും ചെയ്തു. ഇനിയിപ്പോള്‍, ആശയങ്ങളുടെ ഈ ഇഴകളെല്ലാംകൂടി യുക്തിഭദ്രമായ യോഗത്തിലൂടെ അഥവാ ചേര്‍ച്ചയിലൂടെ ഒരു ഏകകമായിരിക്കുന്നതെങ്ങനെ എന്നു പ്രതിപാദിക്കുന്നു. ഈ അധ്യായത്തോടെ ഗീത അവതരിപ്പിക്കുന്ന പ്രപഞ്ചവിജ്ഞാനീയം (Cosmology) പൂര്‍ത്തിയാവുകയാണ്.
(തുടരും)
