
ശ്യാമലാതാല്‍
Posted on: 01 Jun 2010
text & photos: സദ്ഭവാനന്ദസ്വാമി
ക്യാമറയുമായി ഒരു സംന്യാസി

നോക്കെത്താത്ത ദൂരത്ത് മഞ്ഞുമൂടിയ കൊടുമുടികള്‍. മറുവശത്ത് താഴെ അഗാധതയില്‍ വിശാലമായ സമതലപ്രദേശങ്ങള്‍. അവിടെ തട്ടുതട്ടുകളായി, വിളഞ്ഞുകൊയ്യാറായ മഞ്ഞു പുതച്ച ഗോതമ്പുപാടങ്ങള്‍. വളഞ്ഞു പുളഞ്ഞ് ശാന്തമായി ഒഴുകുന്ന കാളീനദി,. ഗോതമ്പും ഇഞ്ചിയും കൃഷി ചെയ്ത് നിത്യവൃത്തി കഴിക്കുന്ന പഹാഡികള്‍. എവിടെ നോക്കിയാലും പ്രകൃതിരമണീയത നിറഞ്ഞുനില്ക്കുന്ന മനോഹര പ്രദേശമാണ് ശ്യാമലാതല്.
സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് റോഡുവഴി ഏകദേശം 360 കിലോമീറ്റര്‍ ദൂരമുണ്ട്. ഡല്‍ഹിയിലെ അന്തര്‍ സംസ്ഥാന ബസ് ടെര്മിനസില് നിന്നു തനക്പൂര്വരെ ബസ്സ് കിട്ടും. അവിടെ നിന്നും വീണ്ടും 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ശ്യാമലാതാല്‍ എത്തിച്ചേരാം.

സ്വാമി വിവേകാനനന്ദന്റെ പ്രിയ ശ്യഷ്യനായ വിരജാനന്ദസ്വാമികളുടെ അനേകവര്‍ഷം തപസ്സു ചെയ്ത പുണ്യസ്ഥലമാണ് ശ്യാമലതാല്. മായാവതിയില്‍, വിവേകാനന്ദസ്വാമികളുടെ ജീവചരിത്രം തയ്യാറാക്കുന്നതിനും 'പ്രബുദ്ധഭാരതം' മാസികയുടെ ജോലിയിലുമായി അദ്ദേഹം നീണ്ട ഏഴു വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്തു. വിരജാനന്ദസ്വാമികളുടെ മനസ്സ് ഏകാന്തതയ്ക്കും തീവ്ര സാധനയ്ക്കും അതിയായി കൊതിച്ചു. നിഷ്കിഞ്ചനായി ഭിക്ഷാംദേഹിയായി ജപധ്യാനങ്ങളില്‍ മുഴുകിക്കഴിയാന്‍ ആഗ്രഹിച്ചു.
ഇതറിഞ്ഞ മദര്‍ സേവ്യര്‍ ഈ ആഗ്രഹത്തെ ശക്തിയായി എതിര്‍ത്തു. ഏതെങ്കിലും ഒരു ഒഴിഞ്ഞ സ്ഥലത്ത് ചെറിയ കുടില്‍ കെട്ടി സാധാരണ ഭക്ഷണം ലഭ്യമാകുന്ന ഏര്‍പ്പാടുകള്‍ ചെയ്ത് ആദ്ധ്യാത്മികസാധന അനുഷ്ഠിക്കുന്നതാണ് ഉത്തമമെന്ന് അവര്‍ സ്വാമിജിയോട് അഭ്യര്‍ത്ഥിച്ചു.

മദറിന്റെ അഭിപ്രായത്തെ മറികടക്കാന്‍ സ്വാമിജി ഇഷ്ടപ്പെട്ടില്ല. അങ്ങനെ 1914ല്‍ മദര്‍ സേവ്യറും വിരജാനന്ദസ്വാമിജിയും സാധനയ്ക്കുപറ്റിയ ഒരു സ്ഥലം അന്വേഷിക്കുന്നതിനടയില്‍ ഒരു ദിവസം 'ശ്യാന്ലാ' എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കര്ഷകന് തന്റെ കുറച്ചു സ്ഥലം വില്‍ക്കാനുണ്ട് എന്നറിയിച്ചു. അദ്ദേഹത്തിന് കുറച്ചു പണം അത്യാവശ്യമായിരുന്ന സമയമായിരുന്നു അത്. 1914ല്‍ നവംബര്‍ എട്ടാം തീയതി 700 രൂപ കൊടുത്ത് ആ സ്ഥലം വാങ്ങി. മദര്‍ സേവ്യറായിരുന്നു അതിനുള്ള പണം നല്‍കിയത്.
അന്ന് അവിടെയുണ്ടയിരുന്ന പഴയ കാവല്‍ കെട്ടിടം വിരാജാന്ദസ്വാമിജിയുടെ കഠിനപരിശ്രമത്താല്‍ പുതുക്കിയെടുത്തു. മായാവതിയില്‍ നിന്നു വന്ന സീതാരാമന് എന്ന ബ്രഹ്മചാരിയുടെ സഹായത്താല്‍ ആശ്രമനിര്മ്മാണം പൂര്‍ത്തിയാക്കി. സുന്ദരമായ ആ സ്ഥലം കണ്ട് മദര്‍ സേവ്യര്‍ വളരെ സന്തോഷിച്ചു. ആശ്രമത്തിന്റെ ഉദ്ഘാടനദിവസം ഒരു വിശേഷാല്‍ പൂജയും ഹോമവും നടന്നു. സീതാരാമന് ആയിരുന്നു പൂജാരി. വിരാജാനന്ദസ്വാമികള് തന്ത്രധാരകന്റെ സ്ഥാനം വഹിച്ചു. പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം മദര്‍ സേവ്യര്‍ പുതിയ കെട്ടിടകത്തിന് വിവേകാനന്ദ ആശ്രമമെന്ന് നാമകരണം ചെയ്തു. പിന്നീട് എല്ലാവര്ക്കും പ്രസാദം വിതാരണം ചെയ്തു.

1915ല്‍ വിവേകാനന്ദസ്വാമികളുടെ ജന്മദിവസം വിരജാനന്ദസ്വാമികള് ജോലിക്കാര്‍ക്കും ഗ്രാമവാസികള്‍ക്കും നല്ലൊരു സദ്യ കൊടുത്തു. ആശ്രമത്തിന് 300 അടി താഴെ ഒരു നീലത്തടാകമുണ്ട് 'ശ്യാന്ലാ' എന്ന വാക്കിനെ അല്‍പ്പം മാറ്റി സ്വാമികള്‍ തന്റെ ആശ്രമത്തിന് 'ശ്യാമലാതല്' ( നീലത്തടാകം) എന്ന പേര് കൊടുത്തു. ചില ദിവസങ്ങളില്‍ മദര്‍ സേവ്യറും വിരാജനന്ദസ്വാമികളും തടാകത്തിനു താഴെയുള്ള ഗ്രാമണീരുടെ കൊച്ചുകുടിലുകള്‍ നോക്കിക്കാണാന്‍ പോവാറുണ്ട്. പഹാഡികളുടെ നിഷ്ക്കളങ്കമായ പെരുമാറ്റരീതി കണ്ട് മദര്‍ സേവ്യറിന് വളരെ സന്തോഷം തോന്നി. പോകുമ്പോഴെല്ലാം അവര്‍ ഗ്രാമീണരുടെ കുട്ടികള്‍ക്ക് കുറച്ചെന്തെങ്കിലും പണം നല്‍കാറുണ്ട്.
ഡല്‍ഹിയില്‍ നിന്നും രാത്രി 12 മണിക്ക് പുറപ്പെട്ട ഒരു സ്വകാര്യ ബസ്സിലാണ് ഞാന്‍ പുറപ്പെട്ടത് പിറ്റേദിവസം രാവിലെ 10 മണിക്ക് തനക്പൂരില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും മറ്റൊരു ബസ്സില്‍ സുഖിധാം വരെ യാത്ര ചെയ്തു. വഴിയില്‍ വെച്ച് ഫോണില്‍ ആശ്രമാധ്യാക്ഷനായ തന്മയാനന്ദസ്വാമിജിയുമായി ബന്ധപ്പെട്ടതിനാല്‍ സ്വാമിജി ജീപ്പ് ഏര്‍പ്പാടാക്കിയിരുന്നു. സുഖിധാമില് നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു ആശ്രമത്തിലേക്ക്. മുമ്പ് കോയമ്പത്തൂര്‍ ആശ്രമത്തിന്റെ പ്രസിഡന്റായിരുന്നു സ്വാമിജി.

എനിക്ക് അന്നുമുതലുള്ള പരിചയമാണ്. അഞ്ചു ദിവസത്തെ ശ്യാമലതാല് താമസം അവിസ്മരണീയ ദിനങ്ങളായിരുന്നു. ആശ്രമത്തിലെ ഒരു സ്വാമിജിയുടെ കൂടെ വൈകുന്നേരം വളരെ ദൂരം നടക്കാന്‍ പോകാറുണ്ടായിരുന്നു. ആകാശം കുങ്കുമം പൂശിയ മനോഹര അസ്തമയദൃശ്യങ്ങളില് ലയിച്ച് കുന്നിന്മുകളില് ഞങ്ങള്‍ എല്ലാം മറന്നിരുന്നപ്പോള്‍ ഒരു സ്വപ്നലോകത്തെത്തിയ പ്രതീതി.
അടുത്തുള്ള ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ ചെയ്യുന്നതിനായി 'ശ്രീരാമകൃഷ്ണ സേവാശ്രമം' എന്ന പേരില്‍ ഒരു ചെറിയ ഡിസ്പെന്‍സറിയും ആശ്രമത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അന്‍പതിലധികം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമാണ് ഈ പ്രാഥമിക ചികിത്സാ കേന്ദ്രം. സേവാശ്രമത്തിന്റെ ഉത്ഭവം രസകരമാണ്. സാമികളിവിടെ താമസമാക്കിയപ്പോള്‍ ഗ്രാമവാസികള്‍ രോഗശാന്തിക്കായി അദ്ദേഹത്തെ സമീപിച്ച് തുടങ്ങി. തനിക്ക് വൈദ്യശാസ്ത്രം അറിയില്ലെന്നു പറഞ്ഞതു കൊണ്ടൊന്നും ഗ്രാമവാസികള്‍ തൃപ്തിപ്പെട്ടില്ല. അവരുടെ നിസ്സഹായത കണ്ട് സ്വാമികള്‍ ആ പ്രദേശത്തുണ്ടായിരുന്ന ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ചില മരുന്നുകള്‍ ഉണ്ടാക്കി കൊടുത്തു. ഇങ്ങനെയാണ് സേവാശ്രമം നിലവില്‍ വന്നത്. ഇന്നിവിടെ പഠിപ്പുള്ള ഡോക്ടര്‍മാരും നേഴ്സുമാരുമുണ്ട്.

കൂടുതല്‍ വിദഗ്ധചികിത്സ ആവശ്യമുള്ള രോഗികളെ തനക്പൂര്‍, ലക്നൗ എന്നീ സ്ഥലങ്ങളിലേക്കയക്കും. ഇന്നിത് വര്‍ഷത്തില്‍ 8000 പേര്‍ക്ക് സൗജന്യ വൈദ്യസഹായം നല്കുന്ന ഒരു വിശിഷ്ട സ്ഥാപനമായി മാറിയിരിക്കുന്നു. ആശ്രമത്തില്‍ നല്ലൊരു ലൈബ്രറിയുണ്ട്. രാവിലെയും വൈകീട്ടും പ്രാര്ത്ഥനനടക്കുന്ന ഒരു ക്ഷേത്രവും പ്രാര്ത്ഥനാലയവുമുണ്ട്. ആശ്രമം വകയായി ഒരു പഴത്തോട്ടം, പച്ചക്കറിത്തോട്ടം, കൃഷിസ്ഥലം, പുന്തോട്ടം, ചെറിയ ഗോശാല എന്നിവയുമുണ്ട്. ഇവ ഗ്രാമീണര്‍ക്ക് തൊഴില്‍ കൊടുക്കുന്നു. ശാന്തമായ അന്തര്മുഖജീവിതത്തിനും ധ്യാനത്തിനും ഉത്തമമായ സ്ഥാനമാണ് ഹിമാലയത്തിന്റെ തണുപ്പില്‍ സ്ഥിതിചെയ്യുന്ന ശ്യാമലതാല്.
Tags: tourism, travel, blogs, himalaya
