
ഗീതാദര്‍ശനം - 510
Posted on: 01 Jun 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
ഈ ഉയര്‍ച്ചയും താഴ്ചയും അചിരേണ സംഭവിക്കാവുന്നവയാണെന്നാലും പലപ്പോഴും ഒരു ജീവിതകാലംകൊണ്ടൊന്നും പൂര്‍ത്തിയായില്ലെന്നോ അവസാനിച്ചില്ലെന്നോ വരാം. എവ്വിധമായാലും ബന്ധപ്പെട്ട വാസനകള്‍ രൂപനിര്‍മാണക്ഷേത്രങ്ങളില്‍ ആലേഖനം ചെയ്യപ്പെടുന്നു. ശ്രമത്തിന്റെയും താത്പര്യത്തിന്റെയും അളവും തരവും അനുസരിച്ച് ഒരു ശരീരായുസ്സില്‍ ആകാവുന്നത്ര പരിണമിക്കുന്നു. ശേഷം ജന്മാര്‍ജിതപുണ്യംപോലെ.
നാന്യം ഗുണേഭ്യഃ കര്‍ത്താരം
യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി
മദ്ഭാവം സോശധിഗച്ഛതി
എപ്പോള്‍ (ദേഹത്തിലിരിക്കുന്ന) ദ്രഷ്ടാവ് (പ്രപഞ്ചസംവിധാനത്തിന്) ഗുണങ്ങളില്‍നിന്നന്യമായി ഒരു കര്‍ത്താവ് ഇല്ലെന്നറിയുന്നുവോ, അതോടൊപ്പം, ഗുണങ്ങള്‍ക്കതീതമായ ഒരു പരമസത്യം (എല്ലാറ്റിനും അധിഷ്ഠാനമായി) ഉണ്ടെന്നും അറിയുന്നുവോ (അപ്പോള്‍) എന്റെ ഭാവത്തെ പ്രാപിക്കുന്നു.
ഏകമായ പരംപൊരുളിന്റെ ഭാവാന്തരങ്ങളായി പ്രപഞ്ചത്തിനുള്ള മൂന്ന് തലങ്ങളെക്കുറിച്ച് ഓര്‍ക്കുക. ക്ഷരം, അക്ഷരം, അക്ഷരാതീതം. അക്ഷരാതീതം അക്ഷരത്തില്‍ ബീജസ്പന്ദമാകുന്നതിനെ തുടര്‍ന്ന് അനുരണനസ്പന്ദങ്ങളും അവയുടെ കൂട്ടായ്മകളും രൂപപ്പെട്ട് ക്ഷരപ്രപഞ്ചത്തിലെ ഉരുവങ്ങള്‍ ഉണ്ടാകുന്നു, നിലനില്‍ക്കുന്നു, ഇല്ലാതാകുന്നു. അക്ഷരത്തിലും ക്ഷരത്തിലും സര്‍വവ്യാപിയായി പരംപൊരുളെന്ന ഏകീകൃതബലം വ്യാപിച്ചുമിരിക്കുന്നു. അതായത്, അക്ഷരപ്രപഞ്ചത്തിലെ അഥവാ പരാപ്രകൃതിയിലെ ത്രിഗുണങ്ങളുടെ വകയാണ് ക്ഷരപ്രപഞ്ചനിര്‍മിതി. എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളുടെയും കാരണം പ്രകൃതിയിലെ ഈ ഗുണങ്ങളാണ്. അതിനാല്‍ ക്ഷരപ്രപഞ്ചത്തിന് ഈ ഗുണങ്ങളില്‍നിന്നന്യമായി കര്‍ത്താവില്ല. ഈ അറിവ് അനുഭവമാകണം. അനുപശ്യതി എന്നാണ് പ്രയോഗം. ഒരു സംശയവും ഈ കാര്യത്തില്‍ ഒരിക്കലും ഉണ്ടാകരുത് എന്നര്‍ഥം.
മറ്റൊന്നുകൂടി ഉറയ്ക്കണം. ഉരുവങ്ങളെ ഉണ്ടാക്കിയും ഇല്ലാതാക്കിയും കളിക്കുന്ന ഗുണങ്ങള്‍ക്ക് അടിസ്ഥാനമായി നിത്യമായ ഒരു പരമബലം ഉണ്ടെന്നറിയണം. അതുതന്നെയാണ് നിരുപാധികമായ പരംപൊരുള്‍ എന്നുകൂടി തീര്‍ച്ചപ്പെടണം. ഈ തീര്‍ച്ചയും ഒരു നിസ്സംശയകാര്യമാകണം. അത്രയുമായാല്‍ 'എന്റെ' നിലയില്‍ (ശുദ്ധബോധത്തില്‍) എത്തി. (പരമാത്മസ്വരൂപത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. നമ്മുടെ ചിന്താക്കുഴപ്പത്തിലായ ബുദ്ധിയോട് നമ്മുടെതന്നെ അന്തരാത്മാവ് സംസാരിക്കുന്നു എന്നു ധരിച്ചാല്‍ മതി.)
(തുടരും)
