githadharsanam

ഗീതാദര്‍ശനം - 506

Posted on: 26 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


ജീവാത്മാവ് എന്ന രൂപനിര്‍മാണക്ഷേത്രത്തിന്, അതിലും അതിന്റെ ജന്‍മാന്തര പകര്‍പ്പുകളിലും, അതതില്‍ നിലവിലുള്ള വാസനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള രംഗവേദിയാണ് പ്രകൃതി ഒരുക്കുന്നത്. കര്‍മസംഗികള്‍ എന്നാല്‍, ആര്‍ത്തിയാലും ആസക്തിയാലും സദാ അശാന്തരായി അവിഹിതകര്‍മങ്ങളില്‍ മുഴുകുന്നവര്‍. ഇത് മനുഷ്യര്‍ക്കു മാത്രം സംഭവിക്കുന്ന അപചയമാണ്. ഇതരജീവജാലങ്ങള്‍ നിയതകര്‍മങ്ങളേ ചെയ്യാറുള്ളൂ എന്ന് നേരത്തേ കണ്ടു. രജോഗുണസമ്പന്നതയില്‍ ദേഹത്യാഗമുണ്ടായ രൂപനിര്‍മാണക്ഷേത്രങ്ങള്‍ക്ക് പ്രകൃതി ആ ഗുണത്തോടനുബന്ധിച്ച വാസനകള്‍ തെഴുക്കാന്‍ ആവശ്യമായ വളക്കൂറുള്ള ചുറ്റുപാടുകളില്‍ പുനരാവിഷ്‌കാരം ഒരുക്കുന്നു.

ചുരുക്കത്തില്‍, പരമ്പരാഗതവും ആര്‍ജിതവുമായ മൊത്തം വാസനകളുടെ അന്തിമസ്വഭാവം എന്താണോ അതിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും വിനിമയത്തിനും വിനിയോഗത്തിനും സഹായകമായ തരത്തിലായിരിക്കും ദേഹാന്തരപ്രാപ്തിയും പുതുപിറവിയുടെ ചുറ്റുപാടുകളും.

തമോഗുണവാസനകളാല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് സമാനാവസ്ഥയിലേക്കുള്ള ദേഹാന്തരപ്രാപ്തി അനവരതം സംഭവിച്ചുകൊണ്ടേ ഇരിക്കും. മൗഢ്യബാധിതരായ ഇവര്‍ക്ക് വിവേകം അന്യമാണ്. ഇവരുടെ നിദ്രാലസ്യപ്രകൃതം അറിവില്ലായ്മയില്‍ 'സുഖം' കണ്ടെത്തുന്നു. വിദ്യകൊണ്ട് വെളിച്ചം കാണുംവരെ, ഇക്കൂട്ടര്‍ക്ക് തങ്ങളുടെ ഗതി വ്യത്യാസപ്പെടുത്താന്‍ പറ്റില്ല.

ഏതെങ്കിലുമൊരു വശത്തേക്ക് അല്പം ചാഞ്ഞാണ് പിറവി എങ്കില്‍പ്പോലും പ്രയത്‌നംകൊണ്ട് അത് വ്യത്യാസപ്പെടുത്താമെന്ന് ഗീത ഉറപ്പു നല്‍കുന്നു. അഥവാ ഒരു വശത്തേക്ക് വീണുതുടങ്ങിയാലും ശ്രമിച്ചാല്‍ പിടിച്ചു കയറി മറുവശം പോകാം. ഇതാണ് മനുഷ്യജന്‍മത്തില്‍ മാത്രം കിട്ടുന്ന അപൂര്‍വസവിശേഷതയായ മഹാസ്വാതന്ത്ര്യം.

കര്‍മണഃ സുകൃതസ്യാഹുഃ
സാത്വികം നിര്‍മലം ഫലം
രജസസ്തു ഫലം ദുഃഖം
അജ്ഞാനം തമസഃ ഫലം

(തുടരും)



MathrubhumiMatrimonial