മഴയും സാഹിത്യവും

Posted on: 11 Jul 2013

മഴയില്‍ കുതിര്‍ന്ന് നില്ക്കുന്ന ഒരു പാട് രചനകള്‍ മലയാളത്തിലും വിശ്വസാഹിത്യത്തിലുമുണ്ടായിട്ടുണ്ട്, ഉണ്ടായിക്കൊണ്ടിരിക്കുന്നു. സര്‍ഗ്ഗാത്മകതയുടെ വേരുകള്‍ പടര്‍ന്നവര്‍ക്ക് മഴ മാറ്റിനിര്‍ത്തി ഒരെഴുത്ത് സാദ്ധ്യമാവില്ല എന്നാണ് തോന്നുന്നത്.

മഴക്കാലത്താണ് സര്‍ഗ്ഗാത്മകപ്രവൃത്തിയിലേര്‍പ്പെടാന്‍ ഏറെ പ്രേരണ തോന്നുന്നത് എന്ന് പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. എഴുത്തിന്റെ പുതുമുളകള്‍ തെഴുക്കുന്ന സമയമാകുന്നൂ മഴക്കാലം. തകര്‍ത്ത് പെയ്യുന്ന മഴയും നോക്കി കഥാപാത്രങ്ങളെ കൂട്ടിന് വിളിക്കുന്നൂ അവര്‍. നോബല്‍ സമ്മാനജേതാവും ലോകപ്രശസ്ത എഴുത്തുകാരനുമായ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന നോവലിലെ മക്കോണ്ടയില്‍ മഴ പെയ്യുന്നത് നാലുവര്‍ഷവും പതിനൊന്നു മാസവും രണ്ടു ദിവസവും..!!

കാളിദാസന്റെ മേഘസന്ദേശത്തില്‍ പ്രണയദൂതനായെത്തുന്നത് മേഘമാണ്. മഴയായിപ്പെയ്യേണ്ട ഒന്നിനെയാണ് പ്രണയം എന്ന് വിളിക്കുന്നത് എന്ന തീര്‍പ്പ് കല്പിക്കുന്നൂ മേഘസന്ദേശം. കുമാരനാശാന്റെ പ്രരോദനത്തില്‍ മഴയുണ്ട്, ചെറുശ്ശേരിയുടെ കുചേലസദ്ഗതിയിലും മഴ രൂപവും ഭാവവുമായിയെത്തുന്നു. കവിത തുളുമ്പുന്ന വാക്കുകളില്‍ എഴുതുന്ന ഉറൂബിന്റെ മിക്ക രചനകളിലും മഴ അടിയാധാരമായി വര്‍ത്തിക്കുന്നു.

കുട്ടനാടിന്റെ കഥാകാരന്‍ തകഴിയുടെ രചനകളില്‍ മഴ വലുതായി പെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ എന്ന തകഴിയുടെ ഏറെ പ്രശസ്തമായ കഥയിലെ ഒറ്റയ്ക്കാവുന്ന നായയുടെ ദീര്‍ഘമായ മോങ്ങല്‍ വായനക്കാരില്‍ ഇന്നും മായാതെ നില്പ്പുണ്ട്. ഭ്രാന്തിയായ യുവതിയെ വര്‍ണ്ണിക്കുന്ന സുഗതകുമാരിയുടെ രാത്രിമഴ മലയാളിയുടെ പ്രിയപ്പെട്ട മഴക്കവിതയും മലയാളത്തിലെ അതിഗംഭീരമായ കവിതകളിലൊന്നുമാണ്. മഴയുടെ അടുത്ത ബന്ധുവായ പത്മരാജന്റെ മിക്ക രചനകളിലും മഴ ഒരു കഥാപാത്രമായി തന്നെ കടന്നുവരുന്നു. മഴയോടുള്ള ഒടുങ്ങാത്ത പ്രണയമാവാം മഴ എന്ന പേരില്‍ മരണവുമായി ബന്ധപ്പെട്ട് ഒരു കഥ എഴുതുക പോലുമുണ്ടായിട്ടുണ്ട് പത്മരാജന്‍ . സക്കറിയയും മഴ എന്ന പേരില്‍ കഥയെഴുതി. ചരല് വാരിയെറിയുന്ന രൗദ്രമായ മഴ കാണും സക്കറിയയുടെ ആ കഥ വായിക്കുമ്പോള്‍.
കഥയുടെ കാലഭൈരവന്‍ ടി.പത്മനാഭന്റെ കഥകളില്‍ മഴ വിങ്ങലായി കടന്നുവരുന്നു. മഴയോടുള്ള പ്രണയം കഥകളിലൂടെയും അഭിമുഖങ്ങളിലും പ്രകടിപ്പിക്കാറുണ്ട് പത്മനാഭന്‍. വിവിധ രാജ്യങ്ങളിലെ മഴകളുടെ വീഡിയോകാസറ്റുകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പത്മനാഭന്‍ പറയുകയുണ്ടായിട്ടുണ്ട്. കാലവര്‍ഷം എന്ന കഥാസമാഹാരം തന്നെ പത്മനാഭന്റേതായിട്ടുണ്ട്. എംടിയുടെ രചനകളിലും മഴ ചാഞ്ഞും ചെരിഞ്ഞും പെയ്യുന്നു. കര്‍ക്കിടകം എന്ന ഏറെ പ്രശസ്തമായ കഥ ഒരു കര്‍ക്കിടകമഴകൊള്ളലാണ്. അമ്മയും കര്‍ക്കിടകവും ഒരു പോലെയാണ് എന്ന വരികളില്‍ തുടങ്ങുന്ന കര്‍ക്കിടകം വായിച്ച് തീരുമ്പോള്‍ ഒരു മഴ നനഞ്ഞ സ്‌നേഹം വായനക്കാരനില്‍. മാധവിക്കുട്ടിയുടെ രചനകളില്‍ വിഷാദം നിറഞ്ഞ മഴ പെയ്യുന്നു. നഷ്ടത്തിന്റെ ഓര്‍മ്മയാണ് നീര്‍മാതളത്തിന്റെ കഥാകാരിക്ക് മഴ. ഒ.വി.വിജയന്റെ പ്രശ്‌സതമായ ഖസാക്കിന്റെ ഇതിഹാസം തസ്രാക്കിലെ വന്യമായ മഴയുടെ തുടിപ്പാണ്.

എത്ര നോക്കിയാലും തീരില്ല എഴുത്തിലെ ഈ മഴക്കാലം. മഴ അവസാനിക്കാത്തിടത്തോളം സര്‍ഗ്ഗാത്മകതയുടെ ഇടങ്ങളില്‍ മഴ പെയ്തുകൊണ്ടിരിക്കുക തന്നെ ചെയ്യും. അത് തീരുകയില്ല തന്നെ.


മഴയുമായി ബന്ധപ്പെട്ട ചില രചനകളില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം


മുട്ടിയപ്പോളൊന്നൊട്ടു
ചൊല്ലിയില്ലൊന്നുമെന്‍ വശം
ഇരക്കാനിടയാകാതെ
തന്നൂ നീ കാലവര്‍ഷമേ.. പി.കുഞ്ഞിരാമന്‍ നായര്‍

രാത്രിമഴ,
ചുമ്മാതെ കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം
ഭ്രാന്തിയെപ്പോലെ
രാത്രിമഴ,
പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ
ചിരിപ്പിച്ച ,
കുളിര്‍ കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍ പ്രിയം
തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി
രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ, നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും,
ഇരുട്ടത്ത് വരവും,
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ തിടുക്കവും
കള്ളച്ചിരിയും, നാട്യവും ഞാനറിയും ....
അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
ഞാനുമിതു പോലെ...രാത്രിമഴപോലെ.....
രാത്രിമഴപോലെ....രാത്രിമഴപോലെ...... സുഗതകുമാരി


സ്‌കൂള്‍ തുറക്കുന്നതോടെ തന്നെ മുടങ്ങാതെ കാലവര്‍ഷവും തുടങ്ങും. മിക്ക ദിവസവും സ്‌കൂളിലെത്തുമ്പോഴേക്കും പകുതി നനഞ്ഞിരിക്കും. നാലുമണിക്ക് സ്‌കൂള്‍ വിട്ട് മടങ്ങുമ്പോഴാണ് മഴ ഘോഷം കൂട്ടിപെയ്യുന്നത്. പറക്കുളം കുന്നുകഴിഞ്ഞു മലമക്കാവിലെ മേച്ചില്‍ പുറത്തെത്തുമ്പോഴാണ് രാവിലെ കളിയായി വെള്ളം കുടഞ്ഞുപോയ കാലവര്‍ഷം ഈറയോടെ ശരിക്കും നനയ്ക്കുന്നത്. കുട ചെരിച്ചുപിടിക്കാന്‍ കൂടെ വരുന്ന കാറ്റ് സമ്മതിക്കില്ലല്ലോ. പെരുമഴ വരുന്നത് കാണാം. അകലത്തെ താഴ് വാരത്തില്‍ നിന്നുകയറി മേച്ചില്‍പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്‍പനിമിഷങ്ങള്‍ അതു നില്‍ക്കുന്നു. മേയുന്ന കാലികള്‍ അപ്പോഴേക്കും കൂട്ടംകൂടി കഴിഞ്ഞിരിക്കും. അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പുതാഴ്ത്തിപ്പിടിക്കുകയും ചെയ്യുന്നത് കണ്ടാല്‍ ഉറപ്പിക്കാം, വരുന്നത് പേമഴയാണ്. ആകെ നനച്ചിട്ടേ കിഴക്കേ ചെരുവിലിറങ്ങി, പാടം കടന്നുപുഴയ്ക്കു മുകളിലെത്തൂ. വരുന്നത് പോലെ മഴ പോകുന്നതും ഞങ്ങള്‍ക്കു കാണാം. പുസ്തകക്കെട്ടു നനയാതിരിക്കാന്‍ ഷര്‍ട്ടിനകത്ത് നെഞ്ചിന്‍കൂടോടപ്പിച്ച്, കുട കാറ്റില്‍ പിടിവിട്ടുപോകാതെ പതുക്കെപ്പതുക്കെ നടക്കണം. ഞങ്ങള്‍ക്കതു ശീലമായിരുന്നു. എം.ടി.

അമ്മേ വരൂ വരൂ വെക്കം വെളിയിലേ
യ്ക്കല്ലെങ്കെലീമഴ തോര്‍ന്നുപോമേ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍ ! ബാലമണിയമ്മ

അല്ലല്ല! നീരാട്ടുകഴിഞ്ഞുതോര്‍ത്തി
യാശാംഗനത്തയ്യലഴിച്ചുലയ്‌ക്കെ
കോടക്കരിങ്കാര്‍ക്കുഴലില്‍ നിന്നു ചെറ്റിറ്റു വീഴും ചെറുനീര്‍ക്കണം നീ ഉള്ളൂര്‍

മഴ പെയ്യുന്നു. മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാള്‍ ചിരിച്ചു. അനാദിയായി മഴ വെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി. ബസ് വരാനായി രവി കാത്തു കിടന്നു ഒ. വി. വിജയന്‍

ചൂടേറുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്
ന്നിമ്മട്ടു വന്‍സൃഷ്ടിയാല്‍
പാടേ കേരളഭൂമി കേണൂ ഭുവനം
കണ്ണീരില്‍ മുക്കുന്നിതേ... കുമാരാനാശാന്‍

മിഴിക്ക് നിലാഞ്ജന പുഞ്ജമായും
ചെവിക്കു സംഗീതക സാരമായും
മെയ്യിന് കര്‍പ്പൂരക പൂരമായും
പുലര്‍ന്നവല്ലോ പുതുവര്‍ഷകാലം വൈലോപ്പിള്ളി

പെട്ടെന്ന് വീണ്ടും മഴ. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഇറയില്‍നിന്നു വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നു. മണ്ണില്‍നിന്ന് ആവി പൊങ്ങിയിരുന്നു. ആവിയെ മഴ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. മഴ, നല്ല മഴ, മഴ, മഴ, എന്റെ മഴ. എന്‍ . പി. മുഹമ്മദ്

ഇടവപ്പാതിരയാ
ണിടിയും മഴയും പൊടിപൂരം
പുരനുറ്റത്തെപ്പുള്യന്‍മാവിന്മേ
ലൊരു ഗന്ധര്‍വ്വന്‍ പാടുന്നൂ
അറബിക്കടലിന്‍ മുറുകും തന്ത്രിക
ളാരോ മീട്ടുവതോടൊപ്പം ഇടശ്ശേരി

തുലാക്കോളിലൂഴി വാനങ്ങളെ
തുണ്ടുതുണ്ടാക്കുമിടിമഴ ചിതറവേ
മാറില്‍ മയങ്ങുമെന്‍ കാന്തയെച്ചുണ്ടിനാല്‍, നേരിയ
വേര്‍പ്പണിക്കയ്യാല്‍ തഴുകവെ
എന്തിന് മിന്നല്‍ പോലങ്ങുനിന്നിന്നലെ
വന്നു നീയുള്ളില്‍ തെളിഞ്ഞു ഞൊടിയിട.?' വിഷ്ണുനാരായണന്‍ നമ്പൂതിരി

'കരിമ്പനകളുടെ കാനലുകള്‍ ഉടിലുപോലെ പൊട്ടിവീണു..പിന്നെ മഴ തുളിച്ചു..മഴ കനത്തു പിടിച്ചു.കനക്കുന്നമഴയിലൂടെ രവി നടന്നു. .ഇടിയും മഴയുമില്ലാതെ കാലവര്‍ഷത്തിന്റെ വെളുത്ത മഴമാത്രം നിന്നു പെയ്തു..കൂമന്‍കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ മാത്രം നിന്നു പെയ്തു...' ഒ.വി.വിജയന്‍

കൊട്ടിപ്പാടുന്നൂ മഴ!
നടവരമ്പത്തൊരു
കുട്ടിയുണ്ടതിന്‍ , കൈയ്യില്‍ പൊതിച്ചോറും കുടയായൊരു തൂശ
നിലയും, അതുകൊത്തി
ക്കുടയുന്നുവോ മഴ
ക്കാറ്റിന്റെ കാക്കക്കൂട്ടം? ഒ.എന്‍ .വി

മഴയും വേണം കുടയും വേണം
കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതമെന്നാല്‍ പരമാനന്ദം കുഞ്ഞുണ്ണി




Photogallery

 

ga