വനവൃക്ഷങ്ങള്‍ മുടിയഴിച്ചാടുന്നേരം ആരാണ് എന്റെ വീടിനുമുമ്പിലെ പാടവരമ്പത്തൂടെ, വെളുത്ത ഉടുമുണ്ട് കാറ്റിലുലച്ച് നടന്നുവരുന്നത്. കാടും മലയും ഇറങ്ങി, തോട് കടന്ന്, വീതികുറഞ്ഞ വരമ്പിന്റെ മൂക്കു പാലത്തിലൂടെ. തുണിയേ ഇളകി വീശുന്നുള്ളൂ. അതിന്റെ തുമ്പ് അച്ഛന്റെ കൈയില്‍ ഉടക്കിയിരിക്കുന്നു.
എന്റെ അച്ഛന്‍! രണ്ടര ദശവര്‍ഷത്തിനുശേഷം, എന്റെയീ ഇടത്താവളത്തിലേക്ക്!
ആകാശ വാതിലുകള്‍ തുറന്ന് മഴക്കാറുകള്‍ മിന്നല്‍ക്കണ്ണുകളുമായി എത്തിനോക്കുന്നു.
ഞാന്‍ ഒറ്റമുറി വീടിന്റെ വരാന്തയിറങ്ങി, ചെറിയ കോലായില്‍ ഇരിക്കുന്നു. മഴപ്പൊടി എന്റെ തലയിലും മുഖത്തും ചുവന്ന ഇഷ്ടിക പതിച്ച കോലായിലും വീണപ്പോള്‍ ഞാന്‍ എണീറ്റു നിന്നു. നടന്നെത്തിയ അച്ഛന്‍ എവിടെ കയറിപ്പോയി. അതാ വീണ്ടും വരുന്നു; വീണ്ടും വീണ്ടും. ഇപ്പോള്‍ അച്ഛന്റെ രൂപം മങ്ങുകയും അല്പം കനത്ത കാറ്റില്‍ വെളുത്ത പുടവത്തുമ്പുപോലെ മഴത്തുണി ശക്തിയായി ഉലയുകയും ചെയ്യുന്നു.
ഞാന്‍ അകത്തുകയറി. ജനലുകള്‍ തുറന്നിട്ടു.
ഞാന്‍ മാത്രം. അച്ഛനില്ല. അപ്പോള്‍ ഞാന്‍ അച്ഛനെ തെരഞ്ഞ് ഒരുപാടു ദൂരം, വന്ന വഴിക്കു തിരിച്ചുപോയി.
അമ്മ, വീടിന്റെ മുമ്പിലെ വിശാലമായ മുറ്റത്ത് ഉണക്കാനിട്ടിരുന്ന നെല്ല് വാരി ചാക്കില്‍ നിറയ്ക്കുന്നു; വേലക്കാരി ഓടിനടക്കുന്നു. ചിറക് കൂമ്പിയ കാക്കയും വണ്ണാത്തിപ്പുള്ളും, പുരകെട്ടിയോ എന്ന് ആവര്‍ത്തിച്ച് ആരായുന്ന വേനല്‍ മൈനയും സ്വരം മാറ്റി മഴയ്ക്ക് തോറ്റം ചൊല്ലുന്നു. വലിയ ചെമ്പോത്തുകള്‍ പടര്‍മാവിന്റെ ഇലക്കൂട്ടിലൊളിച്ചു
അന്വേഷണത്തിലാണ്.
നെല്ല് നീങ്ങിയ മുറ്റത്ത് മഴയുടെ മുല്ലപ്പൂവര്‍ഷം. അത് നനഞ്ഞ മണ്ണ് മണക്കുന്നു. വറമണ്ണിന്റെ ആശ്വാസ നിശ്വാസം. വാതിലുകളും ജന്നലുകളും തുറന്നിട്ട് മണ്ണിന്റെ മണത്തെ, അകത്തളങ്ങളിലേക്ക് ആവാഹിക്കുന്നു. നനഞ്ഞ മണ്ണിന്റെ പുതുഗന്ധം, കുടിയിരിപ്പിനു വന്ന ഒരു പുത്തന്‍ പെണ്ണിനെപ്പോലെ അകത്ത് പരുങ്ങിക്കളിക്കുന്നു. എവിടെയിരിക്കണം? എങ്ങനെ നില്ക്കണം? എങ്ങനെ മിണ്ടണം? ആരോട്?
അപ്പോഴേയ്ക്കും മഴ ആര്‍ത്താര്‍ത്ത് പെയ്യുകയും കിഴക്കന്‍ മലയുടെ പന്തലിനു മീതെ തീക്കണ്ണു മിഴിച്ചും ദംഷ്ട്ര വളച്ചും വെള്ളിവാല്‍ കിലുക്കിയും ആടിത്തിമര്‍ത്തിരുന്ന ഇടിമിന്നലുകള്‍ പിന്‍വാങ്ങി.
താഴ്‌വരയില്‍ ഒരു തെങ്ങിന്റെ തുമ്പ് പന്തം കത്തിച്ചു.
ഇതാണ് മുറ്റത്തിറങ്ങി, മഴനനയാനുള്ള അവസരം. ഇനി ഇടിയും മിന്നലും ഇല്ല. ഞങ്ങള്‍ പല കുട്ടികളുണ്ട്. വീട് നിറയെ കുട്ടികള്‍ പൂത്തുനിന്നിരുന്ന കാലം. എല്ലാവരുടേയും ദേഹത്ത് മാങ്ങാച്ചുന പൊള്ളിച്ച പാടും പുറമെ പൂഴിത്തരി പോലെ വേനല്‍ക്കുരുക്കളും ഉണ്ടായിരുന്നു. മഴയാണ് ഔഷധം.
മുത്തശ്ശി ഉമ്മറത്തു കാത്തുനിന്ന്,
'മതി മഴയില്‍ കുളിച്ചത്. തോര്‍ത്തി ഉടുപ്പു മാറ്റുവിന്‍'.
മുത്തശ്ശിയുടെ കല്പനയെ മഴയെടുത്തു കുടഞ്ഞു. അവസാനം മുത്തശ്ശി മുറ്റത്തിറങ്ങുമെന്നായി.
ഞങ്ങള്‍ കേറിപ്പോന്നു.
നടുമുറ്റത്തെ മഴ, ഭൂമിയുടെ ദാഹം തീര്‍ക്കാന്‍ പെയ്തുകൊണ്ടേയിരുന്നു. മഴക്കുഴലുകളിലൂടെ, ഓടുകള്‍ പൂത്തുണങ്ങിപ്പൊടിഞ്ഞ കറുപ്പ് കലങ്ങിയൊഴുകി. കുഴലുകളുടെ ഗദം മാറ്റാന്‍ ആരോ ഒരു കമ്പെടുത്തു. പിന്നെ ശാന്തം. തെളിനീര്‍ പറമ്പിലേക്കു കടന്നുപോയി.
പണിക്കാരി അമ്മയോടു പറഞ്ഞു.
'നമുക്കിന്ന് മങ്കുരുപ്പലാരം ഉണ്ടാക്കാം'.
അവള്‍ മണ്ണെണ്ണ വിളക്കു കൊളുത്തി, കലവറയുടെ ഇരുട്ടിലേക്കു നടന്നു. ഒരു നരിച്ചീറ് എതിരെ പാറിപ്പോയി.
പാവം!
'അതെന്താ?, അതിന്റെ വീടല്ലല്ലോ ഇത്?'
'അതെ, കല്ല്യാണീ. എന്നും അത് ഇതിന്നകത്താ കെടന്നുറങ്ങുന്നത്!' ഞാന്‍ പറഞ്ഞു.
'അങ്ങനെയിപ്പം മടിപിടിച്ചു പകലുറങ്ങേണ്ട.'
അവള്‍ ഒരു കോരികയും കിണ്ണവുമായി, കലവറ മുറിയുടെ കോണിലെ കൊച്ചുമണ്‍കുന്നിനടുത്തേക്കു നടന്നു.
മണ്ണു പുതച്ചുറങ്ങുന്ന ചക്കക്കുരുമകള്‍ പിടഞ്ഞെണീറ്റു. അവ കിണ്ണത്തില്‍ക്കേറി.
ചക്കക്കുരു വറുത്തുപൊടിച്ചു, ചക്കരയും തേങ്ങയും ചേര്‍ത്തിടിച്ചുണ്ടാക്കിയ പലഹാരത്തോട് കുട്ടികള്‍ക്ക് വലിയ ആര്‍ത്തിയൊന്നും ഉണ്ടായിരുന്നില്ല.
പകരം കശുവണ്ടി വറുത്തുതല്ലി, പരിപ്പെടുത്തിരുന്നെങ്കില്‍ എന്നു വാസുദേവേട്ടന്‍ പറഞ്ഞു.
'വടക്ക്വൊറത്തെ മുറ്റത്ത് കശുവണ്ടി വറക്കുന്നതെങ്ങനെയാ? മഴ നിന്നിട്ടുവേണ്ടേ!'
പിന്നെ മഴനിന്നത്, മൂന്നു രാവും രണ്ടു പകലും മുഴുക്കെ നിരങ്ങനെ പെയ്തുകൂട്ടിയതിന്നു ശേഷമാണ്.
പുലരാന്‍ കാത്തിരുന്നു, ഞങ്ങള്‍.
ഇന്നെന്തായാലും പാതാളക്കിണറ്റില്‍ വെള്ളം നികന്നിരിക്കും. കുറെ പൊന്തിയുമിരിക്കും. കിണറ് ദാരിദ്ര്യം ബാധിച്ച് മൂന്നുമാസമായി പട്ടിണിയായിരുന്നു. കൊട്ടക്കോരിയും എമ്പാടും നീണ്ട കയറും ചുരുണ്ടു മടങ്ങി, കുളിമുറിയുടെ
മേലെ മച്ചില്‍ വിശ്രമത്തിലായിരുന്നു. അച്ഛന്‍ അവനെ തട്ടിയുണര്‍ത്തി, കഴുത്തില്‍ വടം കെട്ടിക്കൊടുത്തു. നനഞ്ഞ കപ്പി പഴന്തുണിയില്‍ തോര്‍ത്തി, നല്ല കൊഴുത്ത നല്ലെണ്ണ കുടിപ്പിച്ചു.
തൊട്ടി ശരോ...ന്ന് പാതാളത്തിലേക്കു കൂപ്പുകുത്തി. ഏറെ താഴും മുമ്പ് ജലവിതാനത്തില്‍ ശ്വാസം കഴിച്ചു നിന്നു.
ഞങ്ങള്‍ മുത്തശ്ശിയും അച്ഛനും കാണാതെ എത്തിനോക്കി.
കിണര്‍, മുപ്പത്തിനാല് കോലാഴം ഉള്ള കുന്നുമ്പുറത്തെ പറമ്പിലെ കിണര്‍, അരയ്ക്കു മേല്‍ നീലപ്പൂവാട ധരിച്ച് ഗമയിലങ്ങനെ നില്ക്കുന്നു. പാതാളത്തിലെ നീര്‍ക്കുഴി ഇനി അടുത്ത വേനലിലേ ആകാശം കാണൂ.
'ഇതാണ് ദൈവത്തിന്റെ ഒരു കളി!'
കുളിമുറിയില്‍ വലിയ ചെമ്പുകള്‍ രണ്ടെണ്ണം നിരത്തി മുത്തശ്ശി കല്ല്യാണിയോടു പറഞ്ഞു.
വെള്ളം കോരി നിറച്ചോ! ചൂടു പൊങ്ങി ചൊറിഞ്ഞുകൊണ്ടു നില്ക്കുന്ന കുട്ട്യോളെല്ലാം ഒന്നു കുളുര്‍ക്കെ കുളിക്കട്ടെ! അവര്‍ വാതംകൊല്ലി ഇലപറിക്കാന്‍ നനഞ്ഞുകുതിര്‍ന്ന പറമ്പിലേയ്ക്കിറങ്ങി. അപ്പോഴും മരം പെയ്തു. മഴക്കാറ്റ് ചുറ്റിക്കളി തുടര്‍ന്നു. മാമ്പഴം പെയ്തു. പെറുക്കിക്കൊണ്ടുവന്ന പഴങ്ങള്‍ വലിയ കുട്ടകത്തിലെ ജലത്തില്‍ നീന്തി.