കര്‍ക്കടകപ്പേച്ചുകള്‍

എന്‍ .ശശിധരന്‍ Posted on: 25 Jun 2013


ദൈവത്തിന്റെ കുപ്പായക്കീശയിലെ നാണയത്തുട്ടുകളാണ് മഴയായി പെയ്യുന്നത് എന്ന്, നന്നേ ചെറുപ്പത്തില്‍ എപ്പോഴോ, എന്നോട് പറഞ്ഞത് ദേവകി ഇളയമ്മയിയിരിക്കണം. ഇളമനസ്സിന്റെ സങ്കല്‍പങ്ങള്‍ക്ക് വഴിമരുന്നിടാന്‍ പാകത്തില്‍, നാടന്‍കഥകളും, ഈണങ്ങളും പുരാണങ്ങളിലെ സുക്തങ്ങളും പഴംചൊല്ലുകളും എപ്പോഴും അവരുടെ നാവിന്‍തുമ്പിലുണ്ടാവും. കര്‍ക്കടകമാവുമ്പോഴേക്കും ദൈവത്തിന്റെ നാണയശേഖരം തീര്‍ന്നുതുടങ്ങുമെന്നും നാട്ടില്‍ ദാരിദ്ര്യവും പട്ടിണിയുമുണ്ടാകുന്നത് അങ്ങനെയാണെന്നും അവര്‍ പറഞ്ഞത്, പക്ഷേ എനിക്ക് ഉള്‍ക്കൊള്ളാനായില്ല. എന്റെ ഓര്‍മ്മകളിലെ കര്‍ക്കടകങ്ങളത്രയും കാക്കക്കണ്ണുതുറക്കാത്ത പെരുമഴയുടെ ദിനങ്ങളായിരുന്നു. നാലും അഞ്ചും ദിവസങ്ങളോളം നിര്‍ത്താതെ ഇരുട്ടടച്ച് പെയ്യുന്ന മഴക്കു ശേഷം മിനുട്ടുകളോളം ഇളിഭ്യച്ചിരിയുമായി പ്രത്യക്ഷപ്പെടുന്ന വെയിലിനോട് എനിക്ക് വെറുപ്പായിരുന്നു. തൊലിപ്പുറത്ത് തീത്തലോടലായി നീറ്റുന്ന അതിന്റെ ചൂട്, വീണ്ടും മഴയെ സ്‌നേഹിച്ചുതുടങ്ങുനുള്ള ഉള്‍വിളികളായി. ആനത്തോലുണക്കാവുന്ന വെയില്‍ എന്ന് പ്രായം ചെന്നവര്‍ പറഞ്ഞുകേട്ട ഉപമ, പാവം ആനകളെയോര്‍ത്ത് എന്നില്‍ ഖേദം നിറച്ചു. വെളിമ്പറമ്പുകളില്‍ ഉണക്കാനായി ചിക്കിയിട്ട ആനത്തോലിന്റെ ഒരു വലിയ പരപ്പ് അപ്പോള്‍ അറിയാതെ സങ്കല്പിച്ചുപോകും. മഴത്തുള്ളികളുടെ നാണയക്കിലുക്കം, ഏതാണ്ട് പത്ത് വയസ്സു വരെ എന്റെ ഗവേഷണവിഷയമായിരുന്നു. ഇത്രയേറെ വിസ്തൃതിയില്‍, ഇത്രയധികം കാലം തുടര്‍ച്ചയായി, മഴ പെയ്യിക്കണമെങ്കില്‍ ദൈവത്തിന്റെ നാണയശേഖരം എത്ര ബൃഹത്തായിരിക്കണം, ആ കുപ്പായക്കീശ എത്ര വലുതായിരിക്കണം എന്നോക്കെ ആലോചിച്ചുണ്ടാവുന്ന അത്ഭുതം, അഞ്ച്-ആറ് വയസ്സുകാലത്തെ എന്റെ മുഖ്യമായ ദാര്‍ശനിക പ്രതിസന്ധിയായിരുന്നു. ഓടു മേഞ്ഞ മേല്പുരയിലും അടുക്കളക്കോലായിക്ക് മുകളിലെ പുല്ലുമേഞ്ഞ ചാവടിയിലും മുറ്റത്തും നടവഴികളിലും ഇലച്ചാര്‍ത്തുകളിലും മൈതാനത്തും തോട്ടുവെള്ളത്തിലും നെല്‍നാമ്പുകളെ മൂടി കവിഞ്ഞൊഴുകുന്ന വയലിലും, മഴ ഉണ്ടാകുന്ന വ്യത്യസ്ത ശബ്ദങ്ങളില്‍ നാണയക്കിലുക്കം തേടി ഞാന്‍ ഹതാശനായി. വരാന്തയിലെ സിമന്റിട്ട അരഭിത്തിയിലേക്ക് മുക്കാലിന്റേയും അരയണയുടേയും നാണയങ്ങള്‍ വീഴ്ത്തി മുറ്റത്ത് പെയ്യുന്ന മഴയുടെ ശബ്ദവുമായി താരതമ്യം ചെയ്ത് കര്‍ക്കടകപ്പകലുകളെ ഞാന്‍ അതിജീവിച്ചു. അമ്മയുടെ ശാസനകളും അച്ചാച്ഛന്റെ ഈര്‍ഷ്യയും ജ്യേഷ്ഠന്റെ അവഗണനയും അതിജീവിക്കാന്‍ അക്കാലത്ത് എനിക്ക് തുണയായതും ആ മഴക്കിലുക്കങ്ങളാണ്.

പിന്നെയും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മഴയുടെ നാണയക്കിലുക്കം ഞാന്‍ ശരിക്കും കണ്ടെത്തുന്നത്. ഓലക്കുട ചൂടി സ്‌ക്കൂളിലേക്ക് പോകുന്ന വഴിയില്‍ , പനമ്പിന്റെ ചീളുകളില്‍ കെട്ടിയുറപ്പിച്ച പനയോലയുടെ പൂര്‍ണ്ണവൃത്തിന് മുകളില്‍ പെയ്യുന്ന മഴകളില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന മുക്കാലിന്റേയും അരയണയുടേയും ഒരണയുടേയും കിലുക്കങ്ങള്‍ ഞാന്‍ ശരിക്കും വായിച്ചു. വട്ടം ചുഴറ്റുന്ന കാറ്റിനൊപ്പം, ഇപ്പോള്‍ കൈവിട്ട് കുട പറന്നു പോകുമോ എന്ന് സംശയിച്ചുകൊണ്ട് പെയ്യുന്ന ശാപമഴകള്‍ക്ക് ഒരണക്കിലുക്കം; നെന്മണികള്‍ വീഴുംപോലെ ഏകതാനമായി ഓലക്കുടയ്ക്കു മുകളില്‍ അണിച്ചു പെയ്യുന്ന പാവം മഴകള്‍ക്ക് അരയണക്കിലുക്കം; ഇടവഴിയെ മൂടിനില്‍ക്കുന്ന വൃക്ഷശാഖികളില്‍ നിന്ന് എണ്ണം തെറ്റി കുടപ്പുറത്ത് വീഴുന്ന കനത്ത കൊട്ടവെള്ളത്തുള്ളികള്‍ക്ക് ഓട്ടമുക്കാലിന്റെ കിലുക്കം! ദൈവത്തിന്റെ കുപ്പായക്കീശയോര്‍ത്ത് എന്റെ അതിശയങ്ങള്‍ പിന്നെയും വര്‍ദ്ധിച്ചു.

ദാരിദ്ര്യത്തെക്കുറിച്ച് ഇളയമ്മ പറഞ്ഞതും വാസ്തവമാണെന്ന് വൈകാതെ മനസ്സിലായി, കൃഷിയില്ലാത്തവര്‍ പഞ്ഞമാസങ്ങളിലേക്ക് പത്തായത്തില്‍ നെല്ല് സംഭരിച്ചുവയ്ക്കാന്‍ കഴിയാത്തവര്‍, പൊതുവായി അനുഭവിച്ചു തീര്‍ക്കേണ്ട വിധിയായിരുന്നൂ അന്ന് ദാരിദ്ര്യം. അനാദിപ്പീടികയില്‍ നിന്ന് പണം കൊടുത്ത് അരി വാങ്ങാന്‍ ശേഷിയുള്ളവര്‍ നന്നേ കുറവ്. കശുവണ്ടിയോ തേങ്ങയോ അടക്കയോ പകരം കൊടുക്കാനില്ലാത്ത കാലം. കൂലിപ്പണിക്ക് പോയി അന്നന്നത്തെ അന്നത്തിന് വഴി കണ്ടെത്തുന്നവര്‍ക്ക് ഏറ്റവും കഷ്ടകാലം. ചായപ്പീടികക്കോലായില്‍, നിര കളിച്ചും അലസമായി പത്രത്താളുകള്‍ മറിച്ചും വെറുങ്ങലിച്ച് കുത്തിയിരിക്കുന്ന മനുഷ്യരുടെ നിരുന്മേഷകരമായ മുഖങ്ങള്‍ മാത്രം. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്‍ നടപ്പിലാവുന്നതിന് മുമ്പുള്ള കാലമായതിനാല്‍ ടീച്ചറായ അമ്മയുടെ കാര്യവും പരുങ്ങലിലായിരുന്നു. എങ്കിലും മറ്റു വീടുകളെ അപേക്ഷിച്ച് ഞങ്ങളുടെ സ്ഥിതി അല്പം ദേദമായിരുന്നു. എന്നിട്ടും ടീച്ചറാന്ന് പറഞ്ഞാല് കണ്ണന്‍ നമ്പ്യാറ് അരി വെറുതെ തര്വോ എന്ന് ഇടയ്ക്കിടെ പറഞ്ഞ് അമ്മ ദാരിദ്ര്യം കൊണ്ടാടി. അയല്‍പക്കത്തെ രാമന്‍ പണിക്കരുടെ വീട്ടില്‍ എന്റെ സമപ്രായക്കാരായ കൂട്ടുകാര്‍ മിക്കവാറും പട്ടിണിയിലാണെന്ന് വീട്ടില്‍ ചെന്ന് പറയുമ്പോഴും മുറുമുറുപ്പോടെ അമ്മ അതേ പല്ലവി പാടി. ഇല്ലായ്മകള്‍ പങ്കുവെക്കുന്നതിലൂടെ നേടുന്ന സ്‌നേഹത്തിന്റെ പാരസ്പര്യം നിഷേധിക്കപ്പെട്ടതുകൊണ്ടാവാം ആ കര്‍ക്കടകദിനങ്ങളില്‍ അകാരണമായ വിഷാദം എന്നെ ഗ്രസിച്ചു.

ഒരു ദിവസം, സന്ധ്യാനേരത്ത് പണിക്കരുടെ ഇളയ മകന്‍ ബാലന്‍ നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നത് ഓര്‍ക്കുന്നു. പട്ടിണി മനുഷ്യരില്‍ വരുത്തുന്ന രൂപഭേദങ്ങള്‍ ആദ്യമായി ഞാന്‍ കാണുകയായിരുന്നു. കണ്ണുകള്‍ തുറിച്ച് ചുവന്ന്, ഞരമ്പുകള്‍ എഴുന്നുനില്‍ക്കുന്ന അവന്റെ മുഖം പൊള്ളലേറ്റതുപോലെ തുടുത്തിരുന്നു. നെഞ്ചിനും അടിവയറിനുമിടയില്‍ അവന്റെ വയര്‍ ഒരു കാചം പോലെ കുഴിഞ്ഞുതാണിരുന്നു. അത്രയേറെ വിശന്നൊട്ടിയ വയര്‍ അതിന് മുമ്പും പിമ്പും കണ്ടിട്ടില്ല. ആ കുഴിയില്‍ കൈപ്പടമമര്‍ത്തി, അച്ഛനെ നോക്കി എനിക്ക് വിശക്ക്ന്നച്ഛപ്പാ എന്ന് നിലവിളിച്ചുകൊണ്ട് അവന്‍ വരാന്തയിലേക്ക് വേച്ചുവീണു. അച്ഛന്‍ കൊടുത്ത അവിലും കട്ടന്‍ കാപ്പിയും അവന്‍ കഴിക്കുന്നത് നോക്കിയിരിക്കെ എനിക്ക് കരച്ചിലടക്കാനായില്ല. ആ നിമിഷങ്ങളില്‍ ഞാന്‍ എന്നെത്തന്നെ ശപിക്കുകയായിരുന്നു; ബാലന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച് ആ ദൈന്യത അനുഭവിച്ച് തീര്‍ക്കുകയായിരുന്നു. (ബാലന്‍ തിരുവന്തപുരം എന്ന പേരില്‍ പിന്നീട് പ്രസിദ്ധനായ- നാടകപ്രവര്‍ത്തകനും തീവ്രവാദിയും അമ്മ അറിയാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളും- ആ നല്ല സുഹൃത്ത് അകാലത്തില്‍ അന്തരിച്ചു. മരണം വരെ അവന്‍ എന്നില്‍ വര്‍ഷിച്ചുപോന്ന നിരുപാധികമായ സ്‌നേഹം ആ കര്‍ക്കിടക സന്ധ്യയ്ക്കുള്ള കടം വീട്ടലായിരിക്കുമോ...)

ഞങ്ങളുടെ നാട്ടിന്‍ പുറത്ത് രണ്ടോ മൂന്നോ മുസ്ലിം കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. അതിലൊന്ന് ഏറ്റവും ദരിദ്രമായിരുന്നു, നാലപത് കഴിഞ്ഞ ആമിനുമ്മയുടെ വീടാണ്. സമ്പന്ന ഗൃഹങ്ങളിലെ തെങ്ങിന്‍ തോപ്പുകളില്‍ നിന്ന് വലിയ വല്ലം നിറയെ തേങ്ങയുമായി ഊയ്ശ്...ഊയ്ശ്.. എന്ന് ശബ്ദമുണ്ടാക്കി വയല്‍ വരമ്പിലൂടെ റോഡിലേക്ക് നടന്നു നീങ്ങുന്ന ആമിനുമ്മ കുട്ടിക്കാലത്തിന്റെ പതിവു കാഴ്ചകളിലൊന്നായിരുന്നു. കര്‍ക്കടകമാവുന്നതോടെ, അന്ധയായ അമ്മയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന ആമിനുമ്മയുടെ കുടുംബം മുഴുപ്പട്ടിണിയിലാവും. പേമാരിയുടെ തോര്‍ച്ചകളിലൂടെ ചേമ്പിന്റെ ഇല കുടയായി ചൂടി അവന്‍ പാഞ്ഞുവരുന്നത് കാണുമ്പൊഴേ, വീട്ടമ്മമാര്‍ക്ക് കലി കയറും. മഴയില്‍ നനഞ്ഞൊട്ടിയ തട്ടവും കാച്ചിത്തുണിയും പരവശമായ അവരുടെ മുഖവും ഈ കര്‍ക്കടകം തീരാന്‍ ഞാന്‍ ബാക്കിയുണ്ടാവില്ല എന്ന ദൈന്യഭാവവും മറക്കാവതല്ല. വേനല്‍ക്കാലത്ത് കുഴമണ്ണ് പുരട്ടി തട്ടിന്‍പുറത്ത് സൂക്ഷിക്കുന്ന ചക്കക്കുരുവില്‍ നിന്ന് കേടായവ മാത്രം തിരഞ്ഞ് വീട്ടുകാരികള്‍ ആമിനുമ്മയ്ക്ക് നല്‍കും. ഈ കേടായ ചക്കക്കുരു എന്തു ചെയ്യും എന്ന ചോദ്യത്തിന് അവര്‍ ഒരു ചെറുപുഞ്ചിരിയോടെ മറുപടി പറഞ്ഞത് ഓര്‍ക്കുന്നു. തോടും മുകളിലത്തെ പൂപ്പലും കളഞ്ഞ് ചൂടുവെള്ളത്തില്‍ ഇട്ടുവെച്ച ചക്കക്കുരു പിറ്റേ ദിവസമാണ് പാചകം ചെയ്യുക. വിഷബാധയകറ്റാന്‍ ധാരാളം മഞ്ഞളും ഉപ്പും ചേര്‍ത്ത് പുഴുങ്ങി കൊട്ടത്തേങ്ങയുടെ പൂളുകള്‍ക്കൊപ്പം ചവച്ച് തിന്നാല്‍ നല്ല രുചിയാണത്രേ. വറ്റുകള്‍ കുറവായ കഞ്ഞിക്കൊപ്പം വയര്‍ നിറയ്ക്കുന്ന ഒരു വിഭവം. മഴക്കാലം കഴിഞ്ഞ് വീണ്ടും പ്ലാവുകള്‍ കായ്ച്ച് തുടങ്ങിയാലും തട്ടിന്‍പുറത്ത് ഉപയോഗിക്കാതെ ബാക്കിയാവുന്ന ചക്കക്കുരുക്കകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാനനുഭവിച്ച ആത്മനിന്ദ ആമിനുമ്മയ്ക്കറിയില്ലല്ലോ.

വറുതിയുടെ ആ ദിനങ്ങളില്‍ കാത്തിരിക്കാനുള്ള ഒരേയൊരഹ്ലാദം കര്‍ക്കടകവാവാണ്. ഒരു നേരത്തെ നല്ല ഭക്ഷണത്തിന് ശരീരവും മനസ്സും ആര്‍ത്തി പിടിച്ച് നില്‍ക്കുമ്പോള്‍ വാവ് ഒരുത്സവദിനം. ചോറും കറികളും പായസവുമായുള്ള ഉച്ചഭക്ഷണം. രാത്രി മരിച്ചുപോയ കാരണവന്മാര്‍ക്ക് അകത്തുവെച്ച് കൊടുക്കാനായി ഉണ്ടാകുന്ന പ്രത്യേക വിഭവങ്ങള്‍. ''ഇന്ന് ലാസ്റ്റ് ബസ്സിന് നല്ല തിരക്കായിരിക്കും'' എന്ന് ദേവകിഇളയമ്മ എന്നെ നോക്കി നിഗൂഢമായ ഒരു ചിരിയോടെ പറയുമ്പോള്‍, സന്ധ്യയ്ക്ക് വാരച്ചാലില്‍ ബസ്സിറങ്ങുന്ന കാരണവന്മാരുടെ ഒരു വലിയ പട സങ്കല്പിച്ച് ഞാന്‍ ആവേശഭരിതനാകും. രാത്രി, പടിഞ്ഞിറ്റയുടെ അടഞ്ഞവാതിലുകള്‍ക്കത് നിരത്തി വെക്കുന്ന വിഭവങ്ങള്‍ കഴിക്കാനെത്തുന്ന കാരണവന്മാര്, എനിക്ക് ഒരു സങ്കല്പമായി തോന്നിയതേയില്ല. വാവ് പ്രമാണിച്ച് ചോലക്കെ കള്ളുഷാപ്പില്‍ നിന്ന് ഞാന്‍ വാങ്ങിക്കൊണ്ടുവന്ന ഒരു കുപ്പിക്കള്ളില്‍ നിന്ന് അച്ഛന്റെ സ്‌നേഹം പകര്‍ന്നുതരുന്ന അരഗ്ലാസ് വയറ്റിലെത്തിക്കഴിയുമ്പോള്‍, ആ കാരണവന്മാരുടെ കോണകവാലുകള്‍ പോലും എനിക്ക് കാണാനാവും. രണ്ടുദിവസം തോരാതെ നിന്നു പെയ്ത മഴയ്ക്കു ശേഷം ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ഒരാഴ്ച മുമ്പ് കടന്നുപോയി. നേരിയ ഗൃഹാതുരത പോലും തോന്നാതെ, തോന്നിപ്പിക്കാതെ, കര്‍ക്കടകവും മഴയും എന്നെ അതിജീവച്ച് തുടങ്ങിയിരുന്നു. ഒരു മഴത്തോര്‍ച്ചയില്‍ തോര്‍ച്ചയ്ക്ക് വേണ്ടി ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുമ്പോള്‍, എന്തിനെന്നറിയാതെ എനിക്ക് നീരസവും ആത്മനിന്ദയും തോന്നുന്നു. ഐ, ദ സുപ്രീം (ക ഠവല ടൗുൃലാല) എന്ന നോവലില്‍ ഔഗുസ്‌തോറോവ ബാസ്‌തോസ് എഴുതിയ ഒരു വാക്യം ഓര്‍മ്മിച്ചുപോവുന്നു: ഓര്‍മ്മകള്‍ ആത്മാവിന്റെ ആമാശയമാണ്.




Photogallery

 

ga