മഴ ഓര്‍മകളെ ഉണര്‍ത്തുന്നു

പി.എന്‍ .ദാസ്‌ Posted on: 25 Jun 2013


മഴക്കാലം ഓര്‍മകളെ ഉണര്‍ത്തുന്ന വേളയാണ്. കാരണം, മഴപെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, ഇടിമുഴങ്ങുമ്പോള്‍, തണുക്കുമ്പോള്‍ ഏതൊരാളും ഒരിടത്തിരുന്നുപോകുന്നു. സംഭവരഹിതമായ ഒരു വര്‍ത്തമാനകാലം മനസ്സില്‍ സ്വാഭാവികമായും ഓര്‍മകള്‍ക്ക് പെയ്തിറങ്ങുവാനുള്ള ഒരു അന്തരീക്ഷം ഒരുക്കുന്നു. മഴപെയ്തുകൊണ്ടിരിക്കുന്ന ഈ വൈകുന്നേരം, ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍, ആകാശം മുഴുവന്‍ പൊട്ടിയൊലിക്കുന്നതുപോലുള്ള പേമാരിയില്‍, കുറസോവയുടെ ഒരു സിനിമയില്‍ ഒരു വനപ്രദേശത്ത് ഒരു സത്രത്തില്‍ നീണ്ടൊരു സമയം ഒരു സാമുറായ് മൗനത്തില്‍, ഓര്‍മയില്‍ മുഴുകിയിരിക്കുന്നത് ഓര്‍ക്കുന്നു.

മഴക്കാലത്ത് അതുണ്ടാക്കുന്ന ഒഴിച്ചുകൂടാനാവാത്ത ഒരു ഭൗതിക സാഹചര്യത്തില്‍, മഴ എപ്പോഴും മനുഷ്യന് തുറന്ന മനസ്സോടെ അനുഭവിക്കാന്‍ പറ്റാത്ത ഒന്നാണ്. പലരും എന്തൊരു നശിച്ച മഴ എന്ന് ശപിക്കുന്നത് കേള്‍ക്കാം. മഴക്കാലം പൊതുവെ വറുതി, രോഗം, മരണം എന്നീ ദുരനുഭവങ്ങള്‍ അധികമാവുന്ന ഒരു കാലമാണ്. അതുകൊണ്ട് മഴക്കാലത്തിന്റെ ഓര്‍മകളില്‍ കണ്ണീരിന്റെ നനവും അധികമായിക്കാണാം.

നിലാവുപോലെ മഴയും ഭൂമിയിലെ അലൗകികമായ അനുഭവങ്ങളില്‍ ഒന്നല്ലേ? നിലാവ് അതിമോഹനമാണ്. പക്ഷേ, നാം എത്രപേര്‍ നിലാവിനെ അനുഭവിക്കുന്നു. മുഴുവനായറിയുന്നു? മഴയുടെ നേരെയുള്ള നമ്മുടെ സമീപനം ഇതിലും മോശമാണ്. മഴയെ ആനന്ദത്തോടെ വരവേല്‍ക്കാനും ആകാശത്തുനിന്ന് വിശുദ്ധമായി, ശീതളമായി വന്നെത്തുന്ന അതിനെ പ്രേമത്തോടെ സ്വീകരിക്കാനും നമ്മില്‍ എത്രപേര്‍ക്ക് കഴിയുന്നു?

ഇതിനെപ്പറ്റി ഇങ്ങനെയൊക്കെ വിചാരിക്കാന്‍ തോന്നിക്കുന്ന സന്തോഷകരമായ ഒരു മഴക്കാലം എന്റെ ജീവിതത്തിലുണ്ടായി. ഈ വര്‍ഷം വൃക്ഷമിത്ര പുരസ്‌കാരം നേടിയ പ്രൊഫ. ശോഭീന്ദ്രന്‍മാഷ് വൃക്ഷങ്ങളെ, പുഴകളെ, കൃഷിയെ മനുഷ്യബന്ധങ്ങളെ ഒരു പുതിയ കാഴ്ചപ്പാടോടെ നോക്കാനും ജീവിതത്തിന് ഒരര്‍ഥമുണ്ടെന്ന് ഓര്‍മിപ്പിക്കാനും വേണ്ടി പല നല്ല പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ചേളന്നൂര്‍, കക്കോടി ഗ്രാമങ്ങളില്‍ ഒരുലക്ഷത്തിലേറെ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന ഒരു ബൃഹത്തായ പ്രവര്‍ത്തനം മാഷിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് നടക്കുകയുണ്ടായി. 'ഈ വൃക്ഷങ്ങള്‍ മുഴുവന്‍ ഭൂമിയുടെ പ്രാര്‍ഥനകളാണ് എന്നോര്‍മപ്പെടുത്തുന്ന ശോഭീന്ദ്രന്‍മാഷെപ്പോലെ വേറൊരാളെ കേരളത്തില്‍ കണ്ടിട്ടില്ല.

കക്കോടിപ്പുഴയുടെ പരിസരങ്ങളില്‍ നാലഞ്ചു കേന്ദ്രങ്ങളിലായി മാഷ് യുവജനങ്ങളെ കേന്ദ്രീകരിച്ച് ഒരു പുതിയ തരം ക്ലബ്ബിന് രൂപംകൊടുക്കുകയുണ്ടായി. നീന്തല്‍ക്ലബ്. ഇതിലാര്‍ക്കും വന്നുചേരാം, നീന്തല്‍ പഠിക്കാം. നീന്തല്‍ പഠിച്ചൊരാള്‍ അഞ്ചുപേരെയെങ്കിലും ഈ വിദ്യ പഠിപ്പിക്കണം, ഇതാണ് ഫീസ്. ഒരുകാര്യം മാഷ് ഓര്‍മിപ്പിക്കാറുണ്ട്. നിങ്ങളാരും നീന്തല്‍മത്സരത്തില്‍ പങ്കെടുക്കാനല്ല ഇത്പഠിക്കുന്നത്. വെള്ളം മനുഷ്യന്റെ ആരോഗ്യത്തിന് ഉത്തമമാണ്. പച്ചവെള്ളത്തില്‍ നീന്തുകയും കുളിക്കുകയും ചെയ്താല്‍ ശരീരവും മനസ്സും കുളിര്‍ക്കും. സ്വഭാവം ശാന്തമാകും, ജീവിതം സ്വസ്ഥമാകും. ലോകത്തിലെ മഹത്തായ എല്ലാ സംസ്‌കാരങ്ങളും നദീതടങ്ങളില്‍നിന്നുയരുവാന്‍ കാരണം ഇതാണ്. അതുകൊണ്ട് കേരളത്തില്‍ പുതിയ ഒരു സംസ്‌കാരം വളര്‍ന്നുവരാന്‍ വെള്ളവുമായി, നദിയുമായി, മഴയുമായി മനുഷ്യന് നല്ല അടുപ്പമുണ്ടാവണം.

2002-ലെ മഴക്കാലത്ത് പുഴകള്‍ നിറഞ്ഞൊഴുകി നീന്തല്‍ക്ലബ്ബുകള്‍ സജീവമായി. അതിനിടയ്ക്ക് മാഷ് ഒരു പുതിയ പരിപാടി പ്രഖ്യാപിച്ചു. മഴധ്യാനം.

തുടര്‍ച്ചയായി മഴയുള്ള കര്‍ക്കിടകമാസത്തിലെ ദിവസങ്ങളിലൊന്നില്‍ ഒരു വൈകുന്നേരം ഒരുമണിക്കൂര്‍നേരം മഴയെ വരവേല്‍ക്കാന്‍, ആദരിക്കാന്‍ നീന്തല്‍ ക്ലബ്ബുകളിലെ അംഗങ്ങളും പരിസ്ഥിതിപ്രവര്‍ത്തകരും കര്‍ഷകരും കവികളും ഒക്കെയടങ്ങുന്ന അമ്പതിലേറെ ആളുകള്‍ പച്ചപിടിച്ച മഴ നനഞ്ഞ് തണുത്ത കുന്നിന്‍പുറത്ത് ഒത്തുചേര്‍ന്നു.

മഴധ്യാനത്തിനു മുമ്പായി ശോഭീന്ദ്രന്‍മാഷ് ആമുഖമായിപ്പറഞ്ഞു. 'മഴയെ നാം ഭയപ്പെടേണ്ടതില്ല. മഴവെള്ളം തീര്‍ത്തും ശുദ്ധമാണ്. നല്ലതാണ്. പ്രകൃതിയുമായി അകന്നുജീവിക്കുന്നതുകൊണ്ട് ചെറിയ ചെറിയ അസുഖങ്ങള്‍ക്കെല്ലാം മരുന്നുകഴിച്ച് ദേഹത്തിന്റെ പ്രതിരോധശേഷി നഷ്ടമായവര്‍ക്കു മാത്രമാണ് മഴകൊണ്ടാല്‍ അസുഖമുണ്ടാകുന്നത്. അങ്ങനെയുള്ളവര്‍ ഈ ധ്യാനത്തില്‍ പങ്കെടുക്കേണ്ടതില്ല. അവര്‍ക്ക് കുടപിടിച്ച് മാറിയിരിക്കാം. അല്ലാത്തവര്‍ക്ക് ഒരുമണിക്കൂര്‍ നേരത്തേക്കുള്ള മഴധ്യാനത്തില്‍ അവനവന് പറ്റുന്നത്ര നേരം പങ്കെടുക്കാം. മഴയുമായുള്ള സമ്പര്‍ക്കം വീണ്ടെടുക്കുകയാണെങ്കില്‍ മനുഷ്യനിലെ ആദിമപ്രകൃതിയുടെ സ്വാഭാവികമായ പ്രതലവുമായി സ്വരൈക്യമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം. മുങ്ങിക്കുളി, നീന്തല്‍, മഴകൊണ്ടുള്ള വയല്‍പ്പണി ഇതില്‍നിന്നെല്ലാം അകന്നുപോയവരാണ് നാം. മഴയെ, വെള്ളത്തെ, മണ്ണിനെ നേരെയറിയാന്‍, അനുഭവിക്കാന്‍ മഴധ്യാനമല്ല വയല്‍പ്പണിയാണ് വേണ്ടത്. നനഞ്ഞ മണ്ണ് സാന്ത്വനത്തിന്റെ, ജീവന്റെ മാതൃസത്തയാവുന്നു.

മാഷിന്റെ സംസാരത്തിന്റെയിടയ്ക്ക് ഉണ്ടായിരുന്ന നേര്‍ത്ത മഴ ശക്തമാവാന്‍ തുടങ്ങി. മഴകൊണ്ടുനില്‍ക്കുന്ന എല്ലാവരോടുമായി അദ്ദേഹം തുടര്‍ന്നു, അവനവന് പറ്റുന്ന ഒരിടത്ത് സമാധാനമായി ഇരിക്കുക. നട്ടെല്ല് നിവര്‍ത്തിയിരിക്കുക. ശ്വാസോച്ഛ്വാസത്തില്‍ മുഴുകി കുറച്ചുസമയം ഇരുന്നശേഷം കണ്ണുകള്‍ പാതിയടച്ച് മഴവെള്ളത്തിന്റെ ഓരോ കണികയും ദേഹത്തില്‍ പതിക്കുമ്പോഴുള്ള തണുപ്പ് ഉണ്ടാക്കുന്ന പ്രത്യേക സ്പര്‍ശം മനസ്സുകൊണ്ട് നിരീക്ഷിക്കുക. മഴയുടെ പ്രത്യേക ശബ്ദം, ഇടയ്ക്ക് കാറ്റടിക്കുന്നുണ്ടെങ്കില്‍ അതിന്റെ നാദഭേദം, ഇടിമുഴക്കത്തിന്റെ ശബ്ദം ഇതൊക്കെയും സൂക്ഷ്മമായി കേള്‍ക്കുക. കുറച്ചുനേരം കണ്ണുകള്‍ മുഴുവനായിത്തുറന്ന് ആകാശത്തിനു നേരെ നോക്കുക. തലയാകെ വെള്ളംകൊണ്ട് നനഞ്ഞ്, അത് താഴേക്ക് ഒഴുകുന്നതില്‍ ശ്രദ്ധാലുവാകുക. ദേഹത്തിന്റെ ഓരോ ഭാഗങ്ങളിലേക്ക് നനവ്, തണുപ്പ് അരിച്ചിറങ്ങുന്നത് അറിയുക. ഇപ്രകാരം കുറച്ചുനേരം നിശ്ചലമായിരിക്കുമ്പോള്‍ ദേഹം കൂടുതല്‍ ശീതളമാവുന്നു. പിന്നീട് ഇപ്രകാരം വിചാരിക്കുക തുറന്ന ആകാശത്തിനു ചുവട്ടില്‍ കോടിക്കണക്കിന് ജീവജാലങ്ങള്‍ മഴയത്ത്. ഞാനും അവരിലൊരാള്‍, ഭൂമിയിലെ ഒരു എളിയ അംഗം... ഇങ്ങനെ ഇരിക്കാന്‍തുടങ്ങുമ്പോള്‍, എത്രയോ കാലമായി മഴയും മഞ്ഞും വെയിലും ഏറ്റുകൊണ്ടിരിക്കുന്ന ചരാചരങ്ങളില്‍പെട്ട ഒരാളായി നിങ്ങളെ സ്വയം സങ്കല്‍പ്പിക്കുക...!





Photogallery

 

ga