വെള്ളം

ദേവകി നിലയങ്ങോട്‌ Posted on: 25 Jun 2013


മൂക്കുതല ദേശത്തിന്റെ മൂന്നുചുറ്റും കായലാണ്. കായലിന് അന്നൊക്കെ പറഞ്ഞിരുന്ന പേര് കടവ് എന്നാണ്. കിഴക്കുഭാഗം സ്രായിക്കടവ്, തെക്കുഭാഗം ഉപ്പുങ്കല്‍ കടവ്, പടിഞ്ഞാറുഭാഗം നരണിക്കടവ് - അങ്ങനെ. വടക്കു കായലില്ല. കരഭൂമിയാണ്. വടക്കുഭാഗത്തുള്ള എടപ്പാള്‍ ചാലിശ്ശേരി ഭാഗത്തേക്കൊഴികെ മറ്റെല്ലാ പ്രദേശങ്ങളിലേക്കും പോവാന്‍ തോണിവേണം. വലിയ ഇല്ലങ്ങള്‍ക്കും തറവാടുകള്‍ക്കുമൊക്കെ സ്വന്തമായി തോണികളുണ്ട്. വാലിയക്കാരില്‍ ഒന്നുരണ്ടുപേര്‍ തോണികുത്താന്‍ അറിയുന്നവരുമായിരിക്കും. ദൂരെയുള്ള കോള്‍പ്പാടങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ് കറ്റ കൊണ്ടുവരുന്നതിനും തെങ്ങിന്‍തോപ്പുകളില്‍നിന്ന് നാളികേരം കൊണ്ടുവരുന്നതിനും വഞ്ചികൂടിയേ കഴിയൂ. വഞ്ചി അടുക്കുന്നസ്ഥലം എന്ന അര്‍ഥത്തിലാവാം കായലിനെ കടവ് എന്നു പറഞ്ഞുപോന്നത്.

കായല്‍ വറ്റിച്ചാണ് കൃഷിയിറക്കുക. ഒറ്റപ്പൂവലാണ് കൃഷി. പുഞ്ച എന്നാണ് പറയുക. കായലില്‍ ആദ്യം വലിയ ബണ്ടുകെട്ടും. ഒരു തോടുകീറി വെള്ളം അതിലേക്കു മാറ്റും. ചക്രം ചവിട്ടിയാണ് വെള്ളം തേവി മാറ്റുക. ബണ്ടിന്റെ അടുത്ത് നിരനിരയായി ഇരുപതും മുപ്പതും ചക്രങ്ങള്‍ ഉണ്ടാവും. പണിക്കാര്‍ ഊഴമിട്ട് രാത്രിയും പകലും ചക്രം ചവിട്ടി വെള്ളം തേവിക്കൊണ്ടിരിക്കും. പൊതുവേ തുലാമാസത്തിലാണിത്. ചവിട്ടുന്നതിന്റെ അധ്വാനം അറിയാതിരിക്കാന്‍ അവര്‍ പാടിക്കൊണ്ടിരിക്കും. പകലും രാത്രിയും പാട്ടുണ്ടാവുമെങ്കിലും സകലവും നിശ്ശബ്ദമാവുന്ന രാത്രകാലങ്ങളിലാണ് ഞങ്ങള്‍ കുട്ടികള്‍ ആ തേക്കുപാട്ട് തെളിഞ്ഞു കേള്‍ക്കുക. പാലാട്ടുകോമന്റെയും മറ്റും കഥകളാണവ. തുലാമാസരാത്രികളില്‍ ദൂരെനിന്ന് ഒഴുകിവരുന്ന ആ പാട്ടുകള്‍ കേട്ടുകൊണ്ടാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കുക. ഇടയ്‌ക്കെങ്ങാനും ഉണര്‍ന്നാല്‍ അപ്പഴും കേള്‍ക്കാം നേര്‍ത്തുനേര്‍ത്ത് എത്തുന്ന ഈണം.

എനിക്ക് ഏഴുവയസ്സായപ്പോഴേക്കും ആ പാട്ടു കേള്‍ക്കാതായിത്തുടങ്ങി. ചക്രങ്ങള്‍ക്കുപകരം കായലില്‍ ഒരു പടുകൂറ്റന്‍ എഞ്ചിന്‍ സ്ഥാനം പിടിച്ചതായിരുന്നു കാര്യം. അത്ഭുതംകലര്‍ന്ന അനേകം കഥകളുടെ അകമ്പടിയോടെയാണ് ഞങ്ങള്‍ ആ എഞ്ചിന്റെ വരവ് കണ്ടത്. കായലിലെ നീണ്ട വെള്ളപ്പരപ്പിന്റെ നടുവില്‍ ആ കൊല്ലം വലിയ പ്ലാറ്റുഫോം ഉയര്‍ന്നു. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു വലിയ തട്ടായിരുന്നു അത്. ഒരു മുളങ്കാടുമുഴുവന്‍ വേണം അത്തരം ഒരു പ്ലാറ്റ് ഫോം നിര്‍മിക്കുവാന്‍. കാളവണ്ടികളിലാണ് അത്രയും മുള വരിക. കടവത്തുനിന്ന് അത് വഞ്ചിയില്‍ കായല്‍മധ്യത്തിലേക്ക് കൊണ്ടുവരും. ഒരേ വലിപ്പത്തില്‍ മുറിച്ചെടുത്ത നല്ല മൂത്ത മുളകള്‍ അരയ്ക്കുമീതെ നില്‍ക്കുന്ന വെള്ളത്തില്‍, ചളിയില്‍ മേടി ഉറപ്പിക്കും. ആവശ്യമായത്ര വിസ്തീര്‍ണ്ണത്തില്‍ മുളങ്കുറ്റികള്‍ അടുത്തടുത്തായി വരിയൊപ്പിച്ചാണ് ഉറപ്പിക്കുക. പിന്നീട് മെടഞ്ഞ ഓലകള്‍കൊണ്ടുവന്ന് ഈ മുളകള്‍ക്ക് ചുറ്റുമായി കെട്ടിഉറപ്പിക്കും. അതോടെ വെള്ളത്തിനു നടുവില്‍ മുളയും ഓലയുംകൊണ്ട് കെട്ടിവരിഞ്ഞുണ്ടാക്കിയ ഒരു കൂറ്റന്‍ പാത്രംപോലെയാവുമത്. നായാടിക്കുന്നുകളിലൊന്ന് ഇടിച്ച് എടുത്ത് തോണിയില്‍ കൊണ്ടുവരുന്ന മണ്ണ് ഈ പാത്രത്തില്‍ നിറച്ച് തറ ഉയര്‍ത്തും. മണ്ണിട്ടും നികത്തിക്കഴിയുന്നതോടെ ഈ മണ്‍തിട്ടയ്ക്ക് പത്തുപതിനഞ്ചു സെന്റ് എങ്കിലും വിസ്തീര്‍ണ്ണം ഉണ്ടാകും. വീണ്ടും ഈ തറ മുളകളോടു ചേര്‍ത്ത് പലകയടിച്ച് നിരപ്പാക്കും. അതോടെ പ്ലാറ്റ്‌ഫോം തയ്യാറാകും. ഇതിനുമുകളിലാണ് എഞ്ചിന്‍ സ്ഥാപിക്കുന്നത്.

എട്ടോ പത്തോ തോണികള്‍ കൂട്ടിക്കെട്ടി അവയ്ക്കുമേല്‍ നിരപ്പലകകള്‍ പാവി, അതിന്റെ മുകളില്‍ വെച്ചാണ് എഞ്ചിന്‍ കൊണ്ടുവരുന്നത്. ഇരുപതോ മുപ്പതോ ചക്രങ്ങള്‍ക്കു പകരമായിട്ടാണ് ഈ ഒരൊറ്റ എഞ്ചിന്‍. നാല്പതു ഹോഴ്‌സ് പവര്‍ എഞ്ചിന്‍ എന്നാണ് പിന്നീട് അതിനെപ്പറ്റി പറഞ്ഞുകേട്ടത്. ചങ്ങാടത്തില്‍ വന്ന എഞ്ചിന്‍ അനവധി ആള്‍ക്കാരുടെ സഹായത്തോടെയാണ് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയിരുത്തിയത്. തിരുവല്ലക്കാരന്‍ ഒരു ഫിലിപ്പോസ് മുതലാളിയാണ് എഞ്ചിന്‍വെച്ച് (ഇഞ്ചന്‍ എന്നായിരുന്നു അന്നത്തെ ഭാഷ) വെള്ളം വറ്റിക്കാമെന്ന അറിവ് മൂക്കോല ദേശത്തെ കോള്‍പ്പാടങ്ങളില്‍ കൊണ്ടുവന്നത്. മുളകൊണ്ടുവരുന്നതു മുതല്‍ക്കുള്ള എല്ലാ പ്രവൃത്തികള്‍ക്കും മേല്‍നോട്ടക്കാരനായി മുതലാളി ഉണ്ടായിരുന്നു. കാട്ടാമ്പാലക്കടവില്‍നിന്നാണ് ചങ്ങാടത്തില്‍ കയറ്റി വന്നത്. എഞ്ചിന്‍ പ്രവര്‍ത്തിക്കാന്‍ എണ്ണവേണം. മണ്ണെണ്ണയാണെന്നു തോന്നുന്നു, (അതോ ഡീസലോ?) വലിയ വീപ്പകളിലാണ് കൊണ്ടുവന്നത്. എഞ്ചിനോടൊപ്പം എണ്ണവീപ്പകളും പ്ലാറ്റ്‌ഫോമില്‍ നിരന്നു. അവയ്ക്കുമീതെ നെടുതായ ഒരു ഓലപ്പുരയും കെട്ടിയുണ്ടാക്കി. പണിക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യാനും താമസിക്കുവാനുംകൂടി ഉദ്ദേശിച്ചുള്ളതാണിത്. തുലാമാസം കഴിയുമ്പോള്‍ തുടങ്ങുന്ന ഈ പണി മൂന്നുമാസം നീണ്ടുനില്‍ക്കും. അത്രയും കാലം രാപ്പകല്‍ ഇല്ലാതെ എഞ്ചിന്‍ അടിച്ചുകൊണ്ടിരിക്കണം. കാലടി മുങ്ങാനുള്ള വെള്ളം എന്ന നില വരുമ്പോഴാണ് എഞ്ചിനടിക്കുന്നത് നിര്‍ത്തുക. അപ്പോള്‍ പാടം കൃഷിയിറക്കാന്‍ പാകമായിരിക്കും.

എല്ലാകൊല്ലവും തുലാം കഴിഞ്ഞ് മൂന്നുമാസത്തോളം കോള്‍പ്പാടങ്ങളില്‍നിന്ന് കേള്‍ക്കുന്ന എഞ്ചിന്റെ ഭയങ്കരമായ മുരള്‍ച്ച ഞങ്ങള്‍ക്ക് ശീലമായി. എങ്കിലും എഞ്ചിന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും അത്ഭുതമായിരുന്നു. ഞങ്ങള്‍ അത് ചെന്നുകാണാന്‍ കൂടെക്കൂടെ വാശിപിടിക്കും. സഹിക്കവയ്യാതാവുമ്പോള്‍ ഇരിക്കണമ്മമാര്‍ ഇടപെട്ട് വാലിയക്കാരെക്കൊണ്ട് തോണിയെടുപ്പിച്ച് ഞങ്ങളെയെല്ലാം അതില്‍ കയറ്റി കോള്‍പ്പാടത്തേക്ക് പുറപ്പെടും. ഇരിക്കണമ്മ ഞങ്ങളെ എല്ലാവരേയും തോണിയില്‍ നിന്നെടുത്ത് പ്ലാറ്റ്‌ഫോമില്‍ കയറ്റി നിര്‍ത്തും. പ്ലാറ്റ്‌ഫോമിന്റെ കിടുകിടുപ്പും എഞ്ചിന്റെ അലര്‍ച്ചയും ഒട്ടും സുഖകരമായിരുന്നില്ല. എങ്കിലും ഒന്നോരണ്ടോ മണിക്കൂര്‍ ഞങ്ങള്‍ ഭ്രമിച്ചിരിക്കും. ഒരു വലിയ കുഴലില്‍ക്കൂടി ഹുങ്കാരത്തോടെ വെള്ളം പുറത്തുചെന്നു വീഴുന്ന കാഴ്ച അത്ഭുതകരമായിരുന്നു. ഫിലിപ്പോസ് മുതലാളിയെ അവിടെ കാണില്ല. പണിക്കാര്‍ മാത്രമാണ് ഉണ്ടാവുക. മുതലാളിയെ കാണുന്നത് അയാള്‍ പണം വാങ്ങുവാന്‍ ഇല്ലത്തെ പൂമുഖത്തുവരുമ്പോഴാണ്. അയാളുടെ കള്ളിമുണ്ടും മീശയുമെല്ലാം ഞങ്ങള്‍ക്ക് പുതുമയായിരുന്നു. പൂമുഖത്തിനടുത്ത് മുതലാളി വിനയംപൂണ്ടു നില്‍ക്കും. തോണിയും വെള്ളവുമൊക്കെയായിട്ടാണ് എന്റെ കുട്ടിക്കാലത്തിനു ബന്ധം. കുളം, കുളി എന്നിങ്ങനെ ഇല്ലത്തും വഞ്ചി, കായല്‍ എന്നിങ്ങനെ പുറത്തും. പക്ഷേ, വെള്ളം ഞങ്ങളെയെല്ലാം ഒരു തവണ ഭയങ്കരമായി പേടിപ്പിക്കുകയും ചെയ്തു. എന്റെ പതിമൂന്നാമത്തെ വയസ്സില്‍ ഒരു കര്‍ക്കടകത്തിലായിരുന്നു അത്. മഴയുള്ള ഒരു സാധാരണ ദിവസമെന്നേ തോന്നിയുള്ളൂ. രാത്രി ഊണുകഴിഞ്ഞ് ഞങ്ങള്‍ കിടക്കാന്‍ തുടങ്ങുമ്പോഴാണ് ഭയങ്കരമായ ഒരു കാറ്റിന്റെ വരവ് കേട്ടത്. അസാധാരണമായ ഒരു മുഴക്കത്തോടെയാണ് അത് വീശിയെത്തിയത്. ദൂരെയുള്ള മരങ്ങളില്‍നിന്ന് കൊമ്പുകളും ഇലകളും പറന്ന് നാലിറയത്തെത്തി നടുമുറ്റം നിറയാന്‍ തുടങ്ങി കുത്തഴി ക്കുള്ളിലൂടെ മുറിയിലേക്കും അവ വന്നുവീണു. വൃക്ഷങ്ങള്‍ ആടി ഉലഞ്ഞ് പൊട്ടിച്ചീന്തുന്ന ശബ്ദം അകത്തുകേള്‍ക്കാമായിരുന്നു. ഉള്ള ജനലുകളും വാതിലുകളും കൊട്ടിയടച്ചു. ഞങ്ങള്‍ പേടിച്ചുവിറച്ച് തെക്കിനിയിലേക്കും വടക്കിനിയിലേക്കും മാറിമാറി ഓടി. എവിടെപ്പോയാലും രക്ഷയില്ല. ഉറങ്ങാന്‍ ആര്‍ക്കും ധൈര്യമില്ല. അപ്പോഴേക്കും മഴയും പൊട്ടിവീണു. മഴയത്തും കാറ്റത്തുമായി ഇല്ലവളപ്പിലെ മരങ്ങള്‍ തലങ്ങും വിലങ്ങും കടപുഴങ്ങി വീഴാന്‍ തുടങ്ങി. മരംവീഴുന്ന കൂറ്റന്‍ അലര്‍ച്ച ഇടവിട്ട് ഇടവിട്ട് കേള്‍ക്കാം. ഭാഗ്യത്തിന് എന്തുകൊണ്ടോ, ഇല്ലത്തിന്റെ മേല്‍പ്പുരയിലേക്ക് മരമൊന്നും വന്നുവീണില്ല.

വെളുപ്പാന്‍കാലമായപ്പോഴേക്കും കാറ്റിന്റെ ശക്തി തെല്ലുകുറഞ്ഞു. അതിന്റെ ചൂളംവിളി ഒന്നു പതിഞ്ഞു. അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. ഉണര്‍ന്നപ്പോളാവട്ടെ പുറത്ത് അതിശക്തിയായി മഴ. അന്തര്‍ജനങ്ങള്‍ക്ക് കുളിക്കാന്‍ പോകാന്‍ പറ്റുന്നില്ല. മുറ്റത്ത് മുഴുവന്‍ മരക്കൊമ്പുകളും ഇലയും വെള്ളവുമാണ്. വെള്ളം കാണെക്കാണെ പൊങ്ങിക്കൊണ്ടിരുന്നു. വടക്കുപുറത്തെ മുറ്റം വെള്ളത്തിലായി. കുളവും മുറ്റവും കിണറും ഒന്നാവാന്‍ തുടങ്ങി. അന്ന് ഞങ്ങള്‍ ക്കാര്‍ക്കും കുളിയുണ്ടായില്ല. തേവാരവും മുടങ്ങി. മഴ അപ്പോഴും തുള്ളിമുറിയാതെ പെയ്തുകൊണ്ടേയിരുന്നു. കാണാവുന്നിടത്തെല്ലാം വെള്ളം. വെള്ളപ്പൊക്കമാണ് ഇതെന്ന് അന്നൊന്നും മനസ്സിലായില്ല. മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് മഴ ശമിച്ചത്. പിന്നെ പിന്നെ വെള്ളം താണു തുടങ്ങി.

1942 ലായിരുന്നു ഇത്. എം.ടി. വാസുദേവന്‍ നായരുടെ 'നാലുകെട്ടി'ല്‍ പരാമര്‍ശിക്കുന്ന വെള്ളപ്പൊക്കം ഇതായിരുന്നിരിക്കണമെന്ന് കാലം വെച്ചുനോക്കുമ്പോള്‍ തോന്നുന്നു. വെള്ളപ്പൊക്കംകൊണ്ട് നാട്ടില്‍ പലര്‍ക്കും വിലകുറവില്‍ ഒട്ടേറെ മരത്തടികള്‍ സ്വന്തമായി കിട്ടി. പുഴയില്‍ ഒലിച്ചുവന്ന കാട്ടിലെ മരങ്ങള്‍ സാഹസികമായി വടമെറിഞ്ഞ് പിടിച്ച് വേണ്ടവര്‍ക്ക് വില്‍ക്കുകയായിരുന്നു. 1943 ല്‍ ഞാന്‍ വിവാഹം കഴിഞ്ഞ് നിലയങ്ങോട്ട് എത്തുമ്പോള്‍ തെക്കേഇറയം മുഴുവന്‍ ഇങ്ങനെ വാങ്ങിക്കൂട്ടിയ വിലപിടിപ്പുള്ള മരങ്ങള്‍ ഈര്‍ന്ന് വൃത്തിയാക്കി അട്ടംമുട്ടെ കൂട്ടിയിട്ടത് കണ്ടിരുന്നു.

വെള്ളം വന്ന് വാതില്‍പ്പടിയില്‍ തൊട്ട ദിവസങ്ങളില്‍ അമ്മമാര്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നത് അതിനുമുമ്പുനടന്ന മറ്റൊരു വെള്ളപ്പൊക്കത്തെക്കുറിച്ചായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇംഗ്ലീഷ് വര്‍ഷപ്രകാരം 1923-24 കാലമാണത്. ഞാന്‍ ജനിക്കുന്നതിന് നാലഞ്ചുവര്‍ഷം മുമ്പ്. ഖിലാഫത്ത് കഴിഞ്ഞ് ഒന്നുരണ്ടുവര്‍ഷം കഴിഞ്ഞിരിക്കും. ഖിലാഫത്ത് മൂക്കുതല പ്രദേശത്തെ നമ്പൂതിരിമാരെ കിടുകിടാ വിറപ്പിച്ചിരുന്നു. അതിനുതൊട്ടുണ്ടായ മറ്റൊരു ഞെട്ടലായിരുന്നു വെള്ളപ്പൊക്കം. ഭാരതപ്പുഴയുടെ വക്കത്തുള്ള ഞങ്ങളുടെ ഒരു ബന്ധുഗൃഹമായ ഇല്ലത്തെ കാര്യമാണ് അമ്മമാര്‍ തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നത്. ഭയങ്കരമായ മഴയോടൊപ്പം ഒരു സന്ധ്യാനേരത്താണ് പെട്ടെന്ന് വെള്ളം പൊങ്ങാന്‍ തുടങ്ങിയത്. പുറവെള്ളം ഏന്തിവരുന്നത് എന്നേ ആദ്യം എല്ലാവരും കരുതിയുള്ളൂ. പക്ഷേ വെള്ളത്തിന്റെ തള്ളിക്കയറ്റം അങ്ങനെയൊന്നും കലാശിച്ചില്ല. തൊടിമുഴുവന്‍ വിഴുങ്ങിയ വെള്ളം ഉമ്മറപ്പടിയിലെത്തി. കുട്ടികള്‍ സന്തോഷിച്ചു. അവരുടെ മേലുകഴുകല്‍ ഉമ്മറപ്പടിയില്‍വെച്ചാവാമല്ലോ. എന്നാല്‍ നോക്കിനില്‍ക്കെ ഉമ്മറപ്പടിയും കടന്ന് വെള്ളം അകത്തേക്ക് കയറിയെത്തി. അപ്പോഴാണ് മുതിര്‍ന്നവരുടെ വയറുകാളിയത്. യാഗം നടത്തിയ ഇല്ലാണത്. യാഗാഗ്നിയായ അഗ്നിഹോത്രം കെടാതെ സൂക്ഷിക്കണം. വടക്കിനിയിലെ മൂന്നു കുണ്ഡങ്ങളില്‍ അണയാത്ത തീയുണ്ട്. കെട്ടുപോയാല്‍ അരണികടയല്‍ തുടങ്ങി അനേകം ചടങ്ങുകളോടെ വേണം അഗ്നിയെ തിരിച്ച് ആവാഹിക്കുവാന്‍. എല്ലാവര്‍ക്കും അതിനെചൊല്ലി പരിഭ്രമമായി. നമ്പൂതിരിമാര്‍ ചേര്‍ന്ന് തീ മൂന്ന് ഉറികളിലാക്കി തല്‍സ്ഥാനങ്ങളില്‍ കെട്ടിത്തൂക്കി. വെള്ളം വീണ്ടും വീണ്ടും പൊങ്ങിക്കൊണ്ടിരുന്നപ്പോള്‍ അതിനനുസരിച്ച് ഉറിയും മേലോട്ട് ഉയര്‍ത്തിക്കെട്ടിക്കൊണ്ടിരുന്നു.

പക്ഷേ വെള്ളം ഉറികള്‍ക്കും മുകളിലെത്തി. അകത്ത് ചുമരുകള്‍ക്കിടയില്‍ വെള്ളം ഓളംവെട്ടി. വാതിലുകളെല്ലാം മലര്‍ക്കെ തുറന്നിട്ടു. കാറ്റുവരുമ്പോള്‍ വാതില്‍ അടയ്ക്കുക! വെള്ളം വരുമ്പോള്‍ വാതില്‍ തുറക്കുക എന്നതായിരുന്നു അന്നത്തെ ഒരു നാട്ടറിവ്. ഇടനാഴികളിലാണ് വെള്ളത്തിന്റെ കുത്തും തള്ളലും ഏറെ ശക്തമായത്. എല്ലാവരും മുകളിലെത്തി. പാത്രങ്ങളും മുകളിലേക്കു കയറ്റി. വെള്ളവും കോണിപ്പടികയറിവരാന്‍ തുടങ്ങി. അഗ്നികുണ്ഡമൊക്കെ എപ്പോഴോ ഒലിച്ചുപോയിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള വഴിയെക്കുറിച്ചുമാത്രമായി ചിന്ത. രാത്രിമുഴുവന്‍ അവര്‍ മുകള്‍നിലയില്‍ കഴിച്ചു. പിന്നീട് തോണിയുമായിവന്ന നാട്ടുകാര്‍ അവരെ രക്ഷപ്പെടുത്തുകയായിരുന്നു.








Photogallery

 

ga