മഴ

എം.എന്‍ .വിജയന്‍ Posted on: 25 Jun 2013


വീണ്ടും മഴ പെയ്യുന്നു. ഓര്‍മ്മകളുടെ എന്തൊക്കെയോ ചിതറിയ ചിത്രങ്ങള്‍ മഴയിലുണ്ട്. ബാല്യത്തിന്റെ പരിസരത്തുവീണ മഴ ഇപ്പോഴും മനസ്സില്‍ നിന്ന് ഒഴുകിത്തീര്‍ന്നിട്ടില്ല. അന്നൊക്കെ ഓരോ മഴയിലും ഭൂമിയും ആകാശവും നനയുമായിരുന്നു. മഴ നനഞ്ഞു കുതിര്‍ന്ന് മുന്നോട്ടുപോകുന്ന ജീവിതം അതിന്റെ മുഴുവന്‍ കരുത്തോടെയും എന്റെ കണ്ണുകളിലുണ്ട്.

അന്ന് കുടയില്ല. അങ്ങനെ പറയാന്‍ വയ്യ. ചിലര്‍ക്കെങ്കിലുമുണ്ട്. അവര്‍ വലിയവര്‍. സാധാരണ സ്‌കൂള്‍ കുട്ടികള്‍ക്ക് കാട്ടുചേമ്പിലയും വാഴയിലയും കുടയാവുന്നു. സ്‌കൂള്‍ തുറക്കുന്ന അന്ന് മഴയാണ്. മഴയില്ലെങ്കില്‍ സ്‌കൂളുകള്‍ക്ക് തുറക്കാന്‍ വയ്യ. പെരുമഴയത്ത് കാട്ടുചേമ്പിലയും വാഴയിലയും ചൂടി കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നു. അല്‍പസമയം മാത്രമേ ഈ തടയുള്ളൂ. ഒരു തണുത്ത കാറ്റില്‍ ചേമ്പിന്‍താളില പറക്കുന്നു. മഴ കുട്ടികളിലേക്ക് വീഴുന്നു. അതാണ് ആവേശം. ജീവിതം മുഴുവന്‍ ഈ മഴയില്‍ നനഞ്ഞ് കുതിര്‍ന്നതാവാന്‍ ഞങ്ങളാഗ്രഹിച്ചിട്ടുണ്ട്.

ഒരുപക്ഷേ, ഒരുപാട് മഴ പെയ്യുന്നതുകൊണ്ടാവും നമ്മള്‍ മഴയെ ചെറുക്കുന്നത്. മഴയ്ക്കും ജീവിതത്തിനുമിടയില്‍ നാം കുടയുടെ ഭിത്തി കെട്ടുന്നത്. ദില്ലിയില്‍ വെച്ച് പെരുമഴയിലൂടെ ചിരിച്ചുകൊണ്ട് മഴ നനഞ്ഞ് പോകുന്നവരെ കണ്ടിട്ടുണ്ട്. രാജസ്ഥാനിലും അങ്ങനെത്തന്നെ. കാളിദാസന്‍ മേഘസന്ദേശത്തില്‍ മേഘം കണ്ട് ഇളകുന്നത്. അതുകൊണ്ടാണ്. മഴ അവിടെ സന്തോഷം കൊണ്ടുവരുന്നു.

വാഴയിലയും ചേമ്പിലയും കഴിഞ്ഞാല്‍ പിന്നെ പാളയാണ് കുട.വലിയ പാള എടുത്ത് തലയില്‍ വയ്ക്കാം. അത് അല്‍പമൊന്ന് നിവര്‍ത്തി മലര്‍ത്തിപ്പിടിച്ചാല്‍ ബുദ്ധന്റെ ഭിക്ഷാപാത്രമായി. അതില്‍തന്നെ കഞ്ഞി കുടിച്ചതിനുശേഷം വെള്ളത്തിലൊന്ന് കഴുകിയാല്‍ പഴയതുപോലെ വൃത്തിയായി.

പെരുമഴയത്ത് പാളയും ചൂടി എന്റെ വീട്ടില്‍ കഞ്ഞി ചോദിച്ചുവന്നിരുന്ന ഒരു സാധാരണ വൃദ്ധനെ എനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ഈ പാളയില്‍ അമ്മ കഞ്ഞി വിളമ്പിക്കൊടുക്കും. അദ്ദേഹം ഇടവിട്ട് ശനിയാഴ്ചകളില്‍ വന്നു. വെളുത്ത നിറമുള്ള വല്ലാതെ വയസ്സായ ഒരാള്‍ ഭക്ഷണത്തിനുശേഷം പാള കഴുകി തലയില്‍ചൂടി അദ്ദേഹം മഴയിലൂടെ നടന്നുപോകും. ഒരിയ്ക്കല്‍ അങ്ങനെ പോയതാണ്. പിന്നെ വന്നില്ല. പെരുമഴ പെയ്യുമ്പോഴൊക്കെ അങ്ങിനെ ഒരാള്‍ കയറിവരുന്നുവെന്ന് ഞാന്‍ വിചാരിക്കും. പക്ഷേ, വരില്ല, ജീവിതത്തിന്റെ ഒരു വലിയ പുഴയില്‍ ഒരു പാള അനാഥമായി ഒഴുകിപ്പോകുന്നത് എനിയ്ക്കു കാണാം.

അക്കാലത്ത് പിന്നെയും കുടകളുണ്ടായിരുന്നു. സ്‌കൂളിലെ അല്‍പം കാശുള്ള വീട്ടിലെ വിദ്വാന്‍മാര്‍ മുളയോ ചൂരലോ വളച്ചുള്ള ശീലക്കുടകൊണ്ടുവരും. പോസ്റ്റ്മാന്‍ കുട എന്നാണ് പറയുക. പോസ്റ്റ്മാന്‍മാര്‍ക്ക് അന്ന് സര്‍ക്കാരില്‍നിന്ന് ഇത്തരം കുട കിട്ടും. ഈ കുട കൊണ്ടുവരുന്നവര്‍ ഗമയുള്ളവരാണ്. മറ്റൊന്ന് കൊളമ്പ് കുടയാണ്. ലങ്കയിലെ കൊളംബോയില്‍ ഹോട്ടലോ കച്ചവടമോ ചെയ്യുന്നവരുടെ മക്കള്‍ ഈ കുടയുമായി വരും. ഒരു കൊളമ്പുകുട കണ്ടാല്‍ അദ്ദേഹത്തിന്റെ അച്ഛനോ അമ്മാവനോ സിലോണിലുണ്ടെന്ന് കരുതണം. ലോഹം വളച്ചാണ് കുട. തീരെ കനമുണ്ടാകില്ല. മഴയത്ത് ഇങ്ങനെ പാറിനടക്കാം. ചിലപ്പോള്‍ വളച്ച ലോഹം ഊഷ്മാവിന്റെ വ്യത്യാസംകൊണ്ട് നിവരും. അത് ഞങ്ങളുടെ ദിനമാണ്. കൊളമ്പുകുടക്കാരനെ ഞങ്ങള്‍ പിച്ചിച്ചീന്തുക തന്നെ ചെയ്യും. അക്കാലത്ത് കേരളത്തില്‍ ബിസ്‌ക്കറ്റില്ല. ബിസ്‌ക്കറ്റ് വരുന്നത് സിലോണില്‍ നിന്നാണ്. ബിസ്‌ക്കറ്റിന്റെ രുചിയറിയാതെ ബിസ്‌ക്കറ്റ് തിന്ന ഭാഗ്യവാന്മാരുടെ ചുണ്ടുകളിലേക്കും വായിലേക്കും നോക്കി ഞങ്ങള്‍ മിഴിച്ചിരിയ്ക്കും.

പിന്നെ ഓലക്കുട വരുന്നു. അത് അക്കാലത്ത് മരിച്ചിരുന്നില്ല. പാരമ്പര്യവാദികള്‍ക്ക് അതില്ലാതെ വയ്യ. മടക്കാന്‍ വയ്യാത്തതുകൊണ്ട് സ്‌കൂളിന്റെ കഴുക്കോലുകളില്‍ അവരത് ഞാത്തിയിട്ടു. വൈദ്യന്മാരാണ് അവസാനമായി ഈ കുട ഉപയോഗിച്ചുകൊണ്ടിരുന്നത്. പാളകൊണ്ടുള്ള തൊപ്പിക്കുടയെ മറക്കാന്‍ വയ്യ. തൊഴിലാളികളൊക്കെ കര്‍ക്കിടകത്തില്‍ ഇത് അണിയും. പാടത്തു പണിയുമ്പോള്‍ അവര്‍ മഴ നനയുന്നില്ല. കൂടാതെ ബീഡിയും തീപ്പെട്ടിയും മുറുക്കാനും അല്‍പം ചില്ലറയും തലയില്‍ സൂക്ഷിക്കാം.

മഴയത്ത് സ്‌കൂള്‍ ചോരും. സ്‌കൂള്‍ മുറിയുടെ മധ്യത്തിലേക്ക് നടുമുറ്റത്തിലേക്കെന്ന പോലെ മഴ വീഴും. കൂടുതല്‍ മഴ പെയ്താല്‍ വെള്ളപ്പൊക്കമായി. പിന്നെ ഒരു മാസം ലീവാണ്. അന്നൊക്കെ മഴക്കാലത്ത് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂടുതല്‍ മഴ പെയ്യണേ എന്നു പ്രാര്‍ത്ഥിക്കും. മഴ പെയ്യണം, വെള്ളപ്പൊക്കം വരണം, അപ്പോള്‍ സ്‌കൂള്‍ അടയ്ക്കുന്നു. വീട്ടില്‍ വെള്ളം കയറിയവരൊക്കെ സ്‌കൂളിലായിരിക്കും താമസം. സ്‌കൂള്‍ വീടാകുന്നു. രാത്രിയില്‍ സ്‌കൂളില്‍ ചിമ്മിനി വിളക്ക് എരിയും. സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്വാന്‍മാര്‍ മഴ കോരിച്ചൊരിയുമ്പോള്‍ തണുത്ത് വിറങ്ങലിച്ച് സ്‌കൂള്‍ മൂലയില്‍ ചുരുണ്ടുകൂടും.

1963 ല്‍ ഞാന്‍ തലശ്ശേരിയിലുള്ളപ്പോള്‍ ഏഴു ദിവസം തുടര്‍ച്ചയായി മഴപെയ്തു. മൂന്ന് ആളിന്റെ ഉയരത്തില്‍ വെള്ളം റെയില്‍വേ ട്രാക്ക് പുഴയായി. കടകള്‍ തകര്‍ന്ന് അടച്ചുവെച്ച മിഠായി ഭരണികള്‍ ഈ പുഴയിലൂടെ ഒഴുകി വന്നു. കുട്ടികള്‍ റയില്‍വേട്രാക്കില്‍ കമ്പും പിടിച്ചിരുന്ന് മിഠായി ഭരണികള്‍ ശേഖരിച്ചു. ജീവിതത്തിലാദ്യമായി വയറുനിറയെ മിഠായി തിന്നു.

ഞങ്ങള്‍ മണല്‍പ്പുറത്തുള്ളവര്‍ക്ക് വേനലില്‍ വിരിയുന്ന മത്തങ്ങയും കുമ്പളങ്ങയുമായിരുന്നു ഭക്ഷണം. ഇത് വീടിന്റെ മോന്തായത്തില്‍ കെട്ടിത്തൂക്കിയിട്ടിരിക്കും. രുചി നോക്കാന്‍ പാടില്ല. വയറുനിറയണം എന്നതാണ് നിയമം. അന്ന് കപ്പ മലബാറിലേക്ക് വന്നിട്ടില്ല. തിരുവിതാംകൂറിലെയുള്ളൂ. രൂക്ഷമായ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമത്തെ പരിഹരിച്ചത് പിന്നീടുവന്ന കപ്പയായിരുന്നു. കപ്പ ഒരു തലമുറയുടെ വിശപ്പുമാറ്റി. അന്ന് കൊടുങ്ങല്ലൂരിലെ ഹോട്ടലുകളില്‍ ഒരു പ്ലെയിറ്റ് സ്വദേശി എന്നു പറഞ്ഞാല്‍ ഒരു പ്ലെയ്റ്റ് കപ്പയാണ്.

കുട്ടിക്കാലത്ത് മഴ നനഞ്ഞാല്‍ അമ്മ ചീത്തപറയും. ജലദോഷം വരുമെന്നാണ് പറയുക. പലരും അങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ദിവസവും കുളിക്കുമ്പോള്‍ എന്തേ ജലദോഷം വരുന്നില്ല എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ട് കുട്ടികള്‍ മഴ നനയുമ്പോള്‍ അവര്‍ നനയട്ടെ എന്ന് ഞാന്‍ വിചാരിക്കുന്നു.

ഇടിയും മിന്നലും കാറ്റുമുള്ള പെരുമഴ ഞാന്‍ കുട്ടിക്കാലത്ത് പുറത്തിറങ്ങി നിന്ന് കണ്ടിരുന്നു. പെരുമഴ വീഴുമ്പോള്‍ എനിക്ക് അകത്തിരിക്കാന്‍ വയ്യ. യുവാവായിരിക്കുമ്പോഴും അങ്ങനെത്തന്നെ. എപ്പോഴും വീട്ടുകാരുടെ ചീത്ത. വാര്‍ദ്ധക്യത്തില്‍ ഞാന്‍ ഇടിയും കാറ്റുമുള്ള പെരുമഴ അറിയുന്നില്ല. മഴ എന്റെ മുറ്റത്തുവീണ് എങ്ങോട്ടോ ഒഴുകുന്നു. ഞാന്‍ വാതിലുകള്‍ അടയ്ക്കുകയാണ്........

(കാലിഡോസ്‌കോപ്പ് എന്ന പുസ്തകത്തില്‍ നിന്ന്)




Photogallery

 

ga