'ആകാശത്തുനിന്ന് ചൊരിമണല്‍ വാരി വിതറിയതുപോലെ മഴ എന്നെ പൊതിഞ്ഞു. കടവില്‍നിന്ന് തോണി മറുകരയിലേക്ക് നീങ്ങുമ്പോള്‍ പുഴയുടെ നെഞ്ചിലേക്ക് മഴ ആഞ്ഞിറങ്ങി' - മഴയുടെ നിത്യകാമുകനായ പ്രശസ്ത ചലച്ചിത്രകാരന്‍ കമല്‍ മഴയോര്‍മകളില്‍ നനഞ്ഞു കുതിരുമ്പോള്‍...

ഒരു മഴക്കാറ്റ് എന്റെ മുടിയിഴകളില്‍ തട്ടിക്കടന്നുപോകുമ്പോള്‍ ഇരുണ്ട ആകാശത്തേക്കു നോക്കി ഞാന്‍ മലര്‍ന്നുകിടക്കുകയായിരുന്നു. അല്ല, ആയാസപ്പെട്ട് എന്നെയുംകൊണ്ട് പായുന്ന ആരുടെയൊക്കെയോ ചുമലുകളില്‍ കിടന്ന് ഞാന്‍ ആഞ്ഞുലയുകയായിരുന്നു. പറമ്പില്‍ കിളയ്ക്കാന്‍ വന്ന പണിക്കാര്‍ തണുത്തു തുടങ്ങിയ എന്റെ കിളുന്തുദേഹവും കൊണ്ട് ഓട്ടത്തിന് വേഗം കൂട്ടിയപ്പോള്‍, എതിരെ വന്ന ചെറുമിക്കിടാത്തികളില്‍ ഒരാള്‍ വിളിച്ചുചോദിക്കുന്നതു കേട്ടു-''ഉണ്ണിക്കെന്താ പറ്റീത്...?'' ആരും മറുപടി പറഞ്ഞില്ലെങ്കിലും എന്റെ നാവു വരളുന്നതും ദേഹം വലിഞ്ഞു മുറുകുന്നതും ഞാനറിഞ്ഞു. ആകാശത്തിന്റെ പടിഞ്ഞാറേ ചെരുവില്‍നിന്ന് മഴയുടെ വരവറിയിച്ചുകൊണ്ട് ആദ്യത്തെ കൊള്ളിമീന്‍ മിന്നി. കൊടുംവേനലിന്റെ അവസാന പകലുകളില്‍ എല്ലാ വര്‍ഷവും പതിവുള്ളതുപോലെ അന്ന് തറവാട് വീടിന്റെ പറമ്പിലെ വലിയ കുളം വറ്റിച്ചു വൃത്തിയാക്കുകയായിരുന്നു പണിക്കാര്‍. അഞ്ചുവയസ്സുകാരനായ ഞാനും അനിയനും അയല്‍പക്കത്തെ കൂട്ടുകാരും കുളത്തിലെ ചെളിവെള്ളത്തില്‍ മീന്‍പിടിച്ചും ചാടിക്കളിച്ചും രസിക്കുകയായിരുന്നു. ഇടയ്ക്ക് തളര്‍ന്ന്, കുളത്തിന്റെ വശങ്ങളില്‍ മാടിവെച്ച പുതുമണ്ണില്‍ മലര്‍ന്നുകിടക്കുമ്പോള്‍, കുളക്കരയിലെ ഇല്ലിക്കാട്ടില്‍നിന്ന് ഊര്‍ന്നിറങ്ങിയ ഒരു വിഷപ്പാമ്പ് എന്റെ കൊച്ചുപാദങ്ങളെ ഉമ്മവെച്ച് താഴേക്കുവീണു. അലറിക്കരഞ്ഞ് എണീറ്റ എന്റെ കണങ്കാലില്‍നിന്ന് ചോര പൊടിയുന്നതുകണ്ട പണിക്കാരിലാരോ വിളിച്ചുകൂവി-''ഉണ്ണിയെ വിഷംതീണ്ടിയേ...'' ആ അലര്‍ച്ചയ്‌ക്കൊപ്പം പണിക്കാരുടെ തോളിലേക്ക് വീണുലഞ്ഞ ഞാന്‍ ദൂരെ എവിടെയോ നിന്ന് എന്റെ ഉമ്മയുടെ കരച്ചില്‍ കേട്ടു-''എന്റെ മോനേ..!''
പണിക്കാര്‍ ഓട്ടത്തിന് വേഗംകൂട്ടിയപ്പോള്‍ മയക്കത്തിലേക്ക് വഴുതിപ്പോയ കണ്ണുകള്‍ തുറക്കാന്‍ പണിപ്പെട്ട് ഞാന്‍ കൂടുതല്‍ ഉലഞ്ഞു. മേടച്ചൂടിനെ ഉരുക്കിയൊലിപ്പിച്ച് വീണ്ടും തണുത്ത കാറ്റ്-കാറ്റിന്റെ താളത്തിനൊപ്പം പുതുമഴയുടെ ആദ്യകണിക എന്റെ കണ്‍പീലികളിലേക്ക് വന്നുവീണു. ഓര്‍മകളില്‍ ഇന്നും സൂക്ഷിക്കുന്ന ആദ്യത്തെ 'മഴസ്പര്‍ശം'; കണ്‍പീലികളില്‍നിന്ന് വരണ്ട ചുണ്ടുകളിലേക്കടര്‍ന്നുവീണ മഴയുടെ 'ആദ്യമധുരം'.
ആകാശത്തുനിന്ന് ചൊരിമണല്‍ വാരിവിതറിയ പോലെ മഴ എന്നെ പൊതിഞ്ഞു. കടവില്‍നിന്ന്, തോണി മറുകരയിലേക്ക് നീങ്ങുമ്പോള്‍ പുഴയുടെ നെഞ്ചിലേക്ക് മഴ ആഞ്ഞിറങ്ങി. അക്കരെ കടവില്‍നിന്ന് പണിക്കാരുടെ നനഞ്ഞ തോളുകളില്‍ വീണ്ടും ഞാന്‍ ആഞ്ഞുലഞ്ഞ്, ഇരുട്ടുവീണ വിഷവൈദ്യന്റെ തണുത്ത തറയിലേക്ക് കിടക്കുമ്പോള്‍ മഴ അലറിവിളിച്ചുകരഞ്ഞു. പാതിരാത്രിവരെ കണങ്കാലില്‍ വിഷവൈദ്യന്‍ വെച്ചുതന്ന വിഷക്കല്ലുമായി ഞാന്‍ തളര്‍ന്നുകിടന്നു. മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയ ആ രാത്രിയില്‍ എനിക്ക് കൂട്ടുകിടന്ന മഴയെ ഞാനെങ്ങനെ എന്റെ ജീവിതത്തില്‍നിന്ന് അടര്‍ത്തിമാറ്റും! കടിച്ചത് വിഷപ്പാമ്പല്ലെന്നും വിഷം ഉള്ളില്‍ചെന്നിട്ടില്ലെന്നും വൈദ്യര് പറഞ്ഞ വെളുപ്പാന്‍കാലത്ത് എന്റെ ബാപ്പയുടെയും ഉമ്മയുടെയും പണിക്കാരുടെയും തെളിഞ്ഞ മുഖങ്ങള്‍ കണ്ടിട്ടാവാം മഴയും ചിരിച്ചു മാറിനിന്നു.
പിറ്റേന്ന് പുത്തനുടുപ്പും പുതിയ കുടയുമായി സ്‌കൂളിലേക്ക് പടികടന്നുചെല്ലേണ്ട ആദ്യ ദിവസം എനിക്ക് നഷ്ടമായി. കിടപ്പുമുറിയുടെ ജനല്‍പ്പാളിയില്‍ മറഞ്ഞുനിന്ന് എന്നെ പാളിനോക്കിയ മഴയോട് കിന്നാരം പറഞ്ഞ് ഒരാഴ്ചയോളം ഞാന്‍ പനിച്ചുകിടന്നു. എന്റെ വീടിന്റെ തൊട്ടുമുമ്പിലായിരുന്നു സ്‌കൂള്‍. നാലും അഞ്ചും കിലോമീറ്റര്‍ നടന്ന്, വയലും തോടും മുറിച്ചുകടന്ന് സ്‌കൂളിലെത്തുന്ന കൂട്ടുകാര്‍ മഴ നനഞ്ഞ് ക്ലാസ് മുറിയിലേക്ക് വരുമ്പോള്‍ അസൂയയോടെ നോക്കി ഒരുപാട് കൊതിച്ചിട്ടുണ്ട് ഞാന്‍ അതുപോലെ മഴ നനയാന്‍; മഴയില്‍ നനഞ്ഞ്, തോട് നീന്തി, വഴിവക്കില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ 'പടക്കം' പൊട്ടിച്ച് നടക്കാന്‍. കുട്ടിക്കാലത്ത് ഇടയ്ക്കിടെ അലോസരപ്പെടുത്തുന്ന പനിയും മറ്റ് ബാല്യകാല രോഗപീഢകളും മഴ നനയുക എന്ന 'സൗഭാഗ്യ'ത്തില്‍ നിന്ന് എന്നും എന്നെ അകറ്റി നിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ അകലത്തുനിന്നുകൊണ്ടുള്ള ഒരു മൗനാനുരാഗം ഞാനും മഴയും തമ്മില്‍ എങ്ങനെയോ വളര്‍ന്നുവന്നു.
കൊടുങ്ങല്ലൂരിലെ മതിലകം പ്രദേശത്തെ ഭൂവുടമയായിരുന്ന മക്കാര്‍ഹാജിയുടെ മകനാണ് എന്റെ ബാപ്പ. കാക്കാത്തുരുത്തിപ്പുഴയുടെ തീരത്ത് ബാപ്പാക്ക് പാരമ്പര്യമായി കിട്ടിയ തെങ്ങിന്‍തോപ്പില്‍ ബാപ്പയും കാര്യസ്ഥന്‍ കുഞ്ഞാവാക്കയും മാസത്തിലൊരിക്കല്‍ തെങ്ങുകയറ്റിക്കാന്‍ പോകും. മതിലകം കടവില്‍ നിന്ന് വലിയൊരു വഞ്ചിയില്‍ മൂന്നോ നാലോ കിലോമീറ്റര്‍ പുഴയിലൂടെ സഞ്ചരിച്ചാണ് കാക്കാത്തുരുത്തിലെത്തുക. അല്പം മുതിര്‍ന്ന കുട്ടിയായപ്പോള്‍ ബാപ്പാക്ക് പകരം ഇടയ്ക്ക് കുഞ്ഞാവാക്കയുടെ കൂടെ തെങ്ങുകയറ്റിക്കാന്‍ ഞാന്‍ പോകും. സാധാരണ കാക്കാത്തുരുത്തിക്ക് മുമ്പുള്ള കുറ്റിലക്കടവില്‍ വഞ്ചിനിര്‍ത്തി, കടവിലെ ചായക്കടയില്‍ നിന്ന് പുട്ടും കടലയും കഴിച്ചാണ് തെങ്ങുകയറ്റം തുടങ്ങുക. ഉച്ചയൂണും ആ കടയില്‍ നിന്നുതന്നെ. സെയ്ദാലിക്കായുടെ കടയിലെ ആഹാരത്തിന്റെ രുചിയില്‍ ആര്‍ത്തിപൂണ്ടാണ് തെങ്ങുകയറ്റിക്കാന്‍ പോകാനുള്ള എന്റെ ഉത്സാഹം. മഴക്കാലത്തും തെങ്ങുകയറ്റത്തിന് മുടക്കമില്ല. ഒരു കര്‍ക്കടകപ്പെയ്ത്തില്‍, പുഴ കവിഞ്ഞ്, മലവെള്ളം കയറി പറമ്പ് മുഴുവന്‍ പുഴയായി മാറിയ ഒരു നാളില്‍ മതിലകം കടവില്‍നിന്ന് നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുടചൂടി തെങ്ങുകയറ്റിക്കാന്‍ പോയത് അസുലഭമായ ഒരു 'മഴയനുഭവം'.

അന്ന് കുറ്റിലക്കടവില്‍ വഞ്ചി നിര്‍ത്തിയില്ല. പുഴയായി മാറിയ പറമ്പിലൂടെ ഓരോ തെങ്ങിന്റെ ചുവട്ടിലും വഞ്ചി തുഴഞ്ഞെത്തി തെങ്ങുകയറ്റക്കാര്‍ വള്ളത്തിലിരുന്നുകൊണ്ടുതന്നെ ഏണി തെങ്ങിലേക്ക് ചാരി തെങ്ങില്‍ കയറും. വെള്ളത്തിലേക്ക് വീഴുന്ന തേങ്ങയും ഓലയും മടലും കൂലിക്കാര്‍ വഞ്ചിയില്‍ നിറച്ചു. കുടചൂടി വഞ്ചിയിലിരുന്ന് ഞാനത് കൗതുകത്തോടെ കണ്ടു. വഞ്ചിയിലിരുന്നുതന്നെ സെയ്താലിക്കയുടെ കടയുടെ മുമ്പില്‍ എത്തി പ്രാതലും ഉച്ചയൂണും കഴിച്ചു. ഒടുവില്‍, സന്ധ്യയ്ക്ക് വഞ്ചിയില്‍ കുന്നുകൂടിയ നാളികേരത്തിനുമുകളില്‍ കുട ചൂടിയിരുന്ന് പുഴയിലൂടെ മഴയില്‍ മടക്കയാത്ര-പിന്നീട് കുട്ടനാടന്‍ കായലിലൂടെ മഴയിലും അല്ലാതെയും ചമ്പക്കുളം തച്ചനും അഴകിയ രാവണനും ചിത്രീകരിക്കാന്‍ നിരവധി തവണ സഞ്ചരിച്ച ചലച്ചിത്രകാരന്‍ കാണാത്ത 'മായക്കാഴ്ച'യാണ് അന്ന് മതിലകം കടവിലേക്കു വരുമ്പോള്‍ നാലാം ക്ലാസുകാരന്‍ കണ്ട അത്യപൂര്‍വ 'മഴക്കാഴ്ച'.
കുട്ടിക്കാലത്ത് തറവാടിന്റെ തട്ടിന്‍പുറത്ത് ഗസല്‍ ശീലുകളുടെ തേന്‍മഴ പെയ്യിച്ച ബാപ്പയുടെ അനുജന്‍ യൂസഫ് എളാപ്പ. പഴയ ഗ്രാമഫോണ്‍ പെട്ടിയില്‍ മെഹ്ദി ഹസ്സനും ബീഗം നൂര്‍ജഹാനും സൈഗാളും റഫിസാബുമൊക്കെ പെയ്തുനിറയുമ്പോള്‍ സിരയില്‍ നുരയുന്ന ലഹരിയുമായി തട്ടിന്‍പുറത്ത് മയങ്ങിക്കിടക്കുന്ന യൂസഫ് എളാപ്പ എന്റെ കുരുന്നുമനസ്സില്‍ ഗസലിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും 'വിസ്മയമഴ' പെയ്യിച്ചു. ഒടുവില്‍, ആറാംക്ലാസിലേക്ക് സ്‌കൂള്‍ തുറന്ന ഒരു മഴക്കാലസന്ധ്യയില്‍ മയ്യത്തുകട്ടിലില്‍ കിടത്തി തറവാടിന്റെ എതിരില്‍, സ്‌കൂളിന്റെ അതിരിലെ പള്ളിപ്പറമ്പിലേക്ക് എളാപ്പയെ ആരൊക്കെയോ താങ്ങിയെടുത്തപ്പോള്‍ മഴ തേങ്ങലോടെ പാടി-'സോജാ രാജകുമാരാ...' അന്ന് തട്ടിന്‍പുറത്തെ കിളിവാതിലിലൂടെ നോക്കിയപ്പോള്‍ പള്ളിക്കാടിനും മീസാന്‍ കല്ലുകള്‍ക്കും മീതെ കണ്ട മഴയാണ് ജീവിതത്തിലെ ആദ്യത്തെ 'സങ്കടമഴ'. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞ് പള്ളിപ്പറമ്പിലെ കശുമാവിന്‍ ചുവട്ടില്‍, തൊട്ടടുത്ത ഖബറുകളില്‍ ഉറങ്ങുന്ന ബാപ്പയുടെയും ഉമ്മയുടെയും മുമ്പില്‍ 'അനാഥനാ'യി നിന്നപ്പോള്‍ വീണ്ടും ആ സങ്കടമഴ 'മരമഴ'യായി പെയ്തത് നഷ്ടപ്പെടലിന്റെ ഏറ്റവും വലിയ 'തീമഴ'യായി.
ഓരോ ജീവിതസന്ധികളിലും ഓരോ ഓര്‍മകളിലും മഴയ്ക്ക് വിഭിന്നമായ നിറങ്ങളും ഭാവങ്ങളും. പ്രണയമായ്, വിരഹമായ്, നൊമ്പരമായ്, കാതരമായ തലോടലായി കൂടെ വരുന്ന മഴ. ഞാനെന്നാണ് മഴയെ ഇങ്ങനെ തീവ്രമായി പ്രണയിച്ചുതുടങ്ങിയത്...? തീര്‍ച്ചയായും എന്റെ മദിരാശി ജീവിതകാലത്താണ്.
1979-ല്‍ മദിരാശിയിലെ കൊടും ചൂടിലേക്ക് ആദ്യമായി ട്രെയിനിറങ്ങുമ്പോള്‍ നാട്ടില്‍ ഇടവപ്പാതി തിമിര്‍ത്ത് പെയ്യുകയായിരുന്നു. പിന്നെ, മദിരാശിയില്‍ സ്ഥിരതാമസമാക്കിയ ആ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ എനിക്ക് നഷ്ടമായ മഴക്കാലങ്ങള്‍. ലോഡ്ജിന്റെ ടെറസ്സില്‍ അനേകം അന്തേവാസികളോടൊപ്പം അന്തിയുറങ്ങിയ വരണ്ട രാത്രികളില്‍ മഴയെ ഞാനൊരുപാടൊരുപാട് മോഹിച്ചു. പിന്നെ ഒരു നവംബറില്‍ അപ്രതീക്ഷിതമായി നഗരത്തിന്റെ നെഞ്ചില്‍ മഴ മുടിയഴിച്ചാടിയ പ്രളയനാളുകള്‍. ടൈഫോയിഡ് വന്ന് തണുത്തുവിറച്ച്, പുറത്തിറങ്ങാന്‍പോലുമാവാതെ കോടമ്പാക്കത്തെ ലോഡ്ജ് മുറിയില്‍ കഴിച്ചുകൂട്ടിയ ഒരാഴ്ചക്കാലം.
ഏതാണ്ടെല്ലാ ചിത്രങ്ങളിലും മഴ ചിത്രീകരിച്ചിട്ടുള്ള എന്റെ സിനിമാ ലൊക്കേഷനുകളെ മഴ അലോസരപ്പെടുത്തിയ സന്ദര്‍ഭങ്ങളും ധാരാളം. ചിത്രീകരണത്തിനിടയ്ക്ക് അനവസരത്തിലും ഔചിത്യമില്ലാതെയും കടന്നുവരുന്ന മഴയെ പലപ്പോഴും ശകാരിച്ചിട്ടുണ്ട് ഞാന്‍, ശപിച്ചിട്ടുമുണ്ട്. എങ്കിലും ഷൂട്ടിങ് കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുമ്പോള്‍ പെയ്യുന്ന മഴയെ വീണ്ടും ഞാന്‍ പ്രണയിക്കും. മുറിവേറ്റു പിടയുന്ന മനസ്സുമായി മഴയെ ശപിച്ച രാത്രിയുമുണ്ടായിട്ടുണ്ട് ജീവിതത്തില്‍. ആദ്യം ചെയ്യാനാഗ്രഹിച്ച സിനിമ മുടങ്ങിയപ്പോള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ ഇരുമ്പുബെഞ്ചില്‍ ഇനിയെന്താണെന്നറിയാതെ, എങ്ങോട്ടുപോകണമെന്നറിയാതെ ഒറ്റയ്ക്കായിപ്പോയ ഒരു രാത്രി-എന്നെന്നേയ്ക്കുമായി സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ച രാത്രി, കണ്ട സ്വപ്നങ്ങളൊക്കെയും അവസാനിക്കുകയാണെന്നു തോന്നിയ രാത്രി, നനഞ്ഞുവന്ന ഒരു ട്രെയിനില്‍ കയറി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ബിസ്മില്ലാഖാന്റെ ഷഹനായിപോലെ മഴ കരഞ്ഞു. നാലു കിലോമീറ്റര്‍ ദൂരെയുള്ള ടൗണിലെ ഭാര്യവീട്ടിലേക്ക് നനഞ്ഞു നടക്കുമ്പോള്‍ പിറകേ കൂടും തെരുവുനായയെ ഭയന്നോടിയ വിഹ്വലരാത്രി-വഴിനീളെ തെരുവുനായയെപ്പോലെ പിറകെ കൂടിയ മഴയെ ഞാന്‍ ഒരു മാമുനിയെപ്പോലെ ശപിച്ചു.
പ്രിയപ്പെട്ടവരുടെ വേര്‍പാടുകളുടെ മഴക്കാലമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടന്നുവരുന്നത്. പ്രത്യേകിച്ച് സിനിമയില്‍ ഒരു കര്‍ക്കടകപ്പെയ്ത്തില്‍ എങ്കക്കാട്ടു നിന്ന് പടിയിറങ്ങിപ്പോയ ഭരതേട്ടന്‍, മറ്റൊരു കര്‍ക്കടകത്തില്‍ ലക്കിടിയിലെ മഴ കുതിര്‍ന്നമണ്ണില്‍ കത്തിയമര്‍ന്ന ലോഹി, ആ മഴക്കാലം കടന്നുപോകും മുമ്പ് യാത്രയായ മുരളി... പിന്നെയും ഒത്തിരി പ്രിയപ്പെട്ടവര്‍. ഏറ്റവും ഒടുവില്‍ എല്ലാ കാലവര്‍ഷങ്ങള്‍ക്കു മേലെ ഗസലിന്റെ അമൃത മഴ പെയ്യിച്ച മാന്ത്രിക ഗായകന്‍ മെഹ്ദി ഹസ്സന്‍ - പ്രിയഗായകാ... എന്റെ എത്രയെത്ര ഏകാന്തസ്വപ്നങ്ങളില്‍ പാട്ടിന്റെ സാന്ത്വനസുഖം പകര്‍ന്ന അങ്ങും അരങ്ങൊഴിഞ്ഞ് പോകാന്‍ ഒരു മഴക്കാലം തന്നെ തിരഞ്ഞെടുത്തതെന്തിന്...?
'ഏക് ബസ്‌തോഹി നഹി. മുഛ്‌സേ ഖഫാഹോ ബൈഠാ...' പെയ്തുതോര്‍ന്ന ഈ വൈകുന്നേരം ഇതെഴുതാനിരിക്കുമ്പോള്‍ ഓര്‍മകളില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഒരു മഴയാത്രയുണ്ട്. കണ്ടുമുട്ടുമ്പോഴൊക്കെ മഴയനുഭവങ്ങള്‍ പങ്കുവെച്ചിരുന്ന പ്രിയ സ്‌നേഹിതന്‍ ലോഹിതദാസുമായി ഒരു വ്യാഴവട്ടം മുമ്പ് കഥതേടി നടത്തിയ ഒരു യാത്ര - പാതിവഴിയിലുപേക്ഷിച്ച 'ചക്രം' സിനിമയ്ക്കു മുമ്പ് ലോഹിയുടെ ലക്കിടിയിലെ വീടിന്റെ പൂമുഖത്തും കുളപ്പടവിലും മഴ നനഞ്ഞും നനയാതെയും 'കഥകിട്ടാതെ' കര്‍ക്കടകം പിന്നിട്ടപ്പോള്‍ ഒരു നാള്‍ ലോഹി പറഞ്ഞു- ''നമുക്ക് കടലിലൂടെ ഒരു യാത്ര പോയാലോ'' കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കു ഞങ്ങള്‍ കപ്പല്‍ കയറി. ഞാനും ലോഹിയും നിര്‍മാതാവും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും. ഓണം കഴിഞ്ഞു തെളിഞ്ഞ ഒരു പകലില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. തിര മുറിച്ച് കപ്പല്‍ നീങ്ങിയപ്പോള്‍ എനിക്ക് നിരാശയായി. നനഞ്ഞു കുതിര്‍ന്നുകൊണ്ടൊരു മഴയാത്രയായിരുന്നു എന്റെ മനസ്സില്‍. ലോഹിയും അതുതന്നെ പറഞ്ഞു.
പക്ഷേ, എന്റെ പ്രിയകാമുകിക്ക് എന്നെ കൈവിടാനാവുമായിരുന്നില്ല, പാതിവഴി പിന്നിട്ടപ്പോള്‍ ആകാശം കറുത്തു. കടലിന്റെ ഭാവം മാറി. ആടിയുലയുന്ന കപ്പലിന്റെ മുകള്‍ത്തട്ടിലിരുന്ന് ആര്‍ത്തലച്ച് എത്തുന്ന മഴയെ ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു. ആ രാത്രി മഴ തോര്‍ന്നതേയില്ല. പുലര്‍ച്ചെ കവറത്തി ദ്വീപിന്റെ തീരത്ത് കപ്പല്‍ അടുക്കുമ്പോഴും മഴയുടെ ആവേശം അടങ്ങിയില്ല. തീരത്തോടടുക്കാനാവാതെ പുറംകടലില്‍ നിര്‍ത്തിയിട്ട കപ്പലില്‍ നിന്ന് ബോട്ടിലേക്ക് മാറിക്കയറി വേണം കരയിലെത്താന്‍. ചിരപരിചിതരായ ദ്വീപുവാസികള്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്ന് ബോട്ടിലേക്കിട്ട കയര്‍ ഗോവണിയിലൂടെ സര്‍ക്കസിലെ ട്രപ്പീസ് കളിക്കാരെപ്പോലെ ഊര്‍ന്നിറങ്ങി ബോട്ടില്‍ കയറി. വീശിയടിക്കുന്ന കാറ്റില്‍, ഭയത്തോടെ അപരിചിതരായ ഞങ്ങള്‍ മടിച്ചുനിന്നു. ഞാന്‍ നോക്കുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതി ഭര്‍ത്താവിന്റെ സഹായത്തോടെ സര്‍ക്കസ് അഭ്യാസിയെപ്പോലെ കയര്‍ ഗോവണിയിലൂടെ താഴേക്കിറങ്ങുന്നു. അവര്‍ക്കോ, കണ്ട് നിന്ന മറ്റ് ദ്വീപുകാര്‍ക്കോ അത് പതിവു കാഴ്ചയാകുമ്പോള്‍, അത് കണ്ട് ഞാനും ലോഹിയും വീര്‍പ്പടക്കിനിന്നു. പിന്നെ ഞങ്ങളുടെ ഊഴമായി. കയര്‍ ഗോവണിയുടെ ഓരോ ചുവടുവെക്കുമ്പോള്‍ ആര്‍ത്തലയ്ക്കുന്ന കടലും അട്ടഹസിക്കുന്ന മഴയും ഉറഞ്ഞുതുള്ളുന്ന കാറ്റും - ജീവിതത്തിലെ ഭയാനകമായ 'മഴപ്പേടി'യായി.
പത്തു ദിവസത്തോളം വേറിട്ടനുഭവങ്ങളുമായി ദ്വീപില്‍ നിര്‍മാതാവിന്റെ പരിചയത്തിലുള്ള ഒരു വീട്ടില്‍ അതിഥികളായപ്പോള്‍ യാദൃച്ഛികതയെന്നോണം ആ ഗര്‍ഭിണിയും ഭര്‍ത്താവും ഞങ്ങളുടെ അയല്‍ക്കാരായി.
കാറ്റും കോളും നിറഞ്ഞ മഴ കനത്ത ഒരു വൈകുന്നേരം ഞങ്ങളുടെ വീട്ടുടമസ്ഥന്‍ ഓടിവന്നു പറഞ്ഞു. യുവതിക്ക് പ്രസവവേദന, അല്പം കോംപ്ലിക്കേറ്റഡാണ്. എന്തു ചെയ്യുമെന്ന ചോദ്യത്തിന് എമര്‍ജന്‍സി ഘട്ടത്തില്‍ രോഗികളെ മെയിന്‍ ലാന്‍ഡിലെത്തിക്കാന്‍ നേവിയുടെ വക ഹെലികോപ്റ്ററുണ്ട്, അതില്‍ യുവതിയെ കൊണ്ടുപോവുകയാണെന്നു പറഞ്ഞു. നടന്നെത്താവുന്ന ദൂരത്തുള്ള ഹെലിപാഡില്‍ കോപ്റ്റര്‍ തയ്യാറായി. ഭര്‍ത്താവ് യുവതിയെ കോപ്റ്ററിലേക്ക് കയറ്റിയിരുത്തി. മഴ കൂടുതല്‍ രാക്ഷസഭാവം പൂണ്ടു. ഉയര്‍ന്നുപൊങ്ങാന്‍ ഒരുങ്ങിയെങ്കിലും പൊടുന്നനെ പൈലറ്റ് പറഞ്ഞു- മോശം കാലാവസ്ഥയില്‍ പറക്കുന്നത് അപകടകരമാണ്. യുവതി വലിയ വായില്‍ കരഞ്ഞു. എല്ലാവരും പരിഭ്രാന്തരായി. വിവരമറിഞ്ഞെത്തിയ സ്ത്രീകളുടെ തോളില്‍ ആഞ്ഞുലഞ്ഞ് ഉറക്കെക്കരയുന്ന യുവതിയെയുംകൊണ്ട് അവര്‍ ഓടിപ്പോകുന്ന ആ ദൃശ്യം ഒരു മണിരത്‌നം സിനിമയുടെ ഷോട്ടുപോലെ മനസ്സില്‍നിന്നു. ഞാന്‍ അന്ന് മഴയെ ശപിച്ചു. ഒടുവില്‍ ആ രാത്രി വീടിന്റെ അടഞ്ഞ മുറിയില്‍നിന്ന് ഒരു 'കുഞ്ഞു കരച്ചില്‍' കേട്ടപ്പോള്‍ എല്ലാവരുടെ മുഖത്തും ആശ്വാസം പരന്നു. ലോഹിയോടൊപ്പം മുറ്റത്തേക്കിറങ്ങിനിന്ന് ഞാന്‍ ഏറെ നേരം മഴ നനഞ്ഞു. മഴയോട് പരിഭവം പറഞ്ഞു.
പൂര്‍ണമായും മഴയില്‍ ചിത്രീകരിച്ച സിനിമയാണല്ലോ 'പെരുമഴക്കാലം.' ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവലില്‍ ആ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. നിറഞ്ഞ സദസ്സ് കൈയടികളോടെ സ്വീകരിച്ച ആ സിനിമ കണ്ടിറങ്ങിയ പലരും മഴയുടെ അപൂര്‍വ ചാരുതയെക്കുറിച്ച് എന്നോട് വാചാലരായി. കൂട്ടത്തില്‍ ഒരിന്ത്യക്കാരിയോടൊപ്പം വന്ന നാല്പതിനോടടുത്ത പ്രായമുള്ള ജര്‍മന്‍ യുവതി എന്നെ ഞെട്ടിച്ചുകൊണ്ട് മലയാളത്തില്‍ പറഞ്ഞു- ''സിനിമ നന്നായിട്ടുണ്ട്. കേരളത്തില്‍വന്ന് ശരിക്കും മഴ നനഞ്ഞതുപോലെയുണ്ട്.'' അവര്‍ നന്നായി മലയാളം പറഞ്ഞതുകേട്ട് ഞാനമ്പരന്നു നിന്നപ്പോള്‍ അവര്‍ വീണ്ടും മലയാളത്തില്‍- ''ഞാന്‍ നിങ്ങളുടെ കേരളത്തില്‍വന്ന് താമസിച്ചിട്ടുണ്ട്, അവിടത്തെ മഴ നനഞ്ഞിട്ടുണ്ട്.'' ജര്‍മനിയിലെ അവരുടെ വീട്ടില്‍ ജര്‍മന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് അറിയാവുന്ന മറ്റൊരു ഭാഷ മലയാളമാണത്രേ! എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും അവര്‍ പറഞ്ഞു-
''എന്റെ മുതുമുത്തശ്ശിയുടെ മുത്തച്ഛനാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. ആന്‍ഡ് ഐ ആം എല്‍സാ ഗുണ്ടര്‍ട്ട്.'' മലയാളിയുടെ മഴയോടുള്ള ഗൃഹാതുര മനസ്സുമായി ഗുണ്ടര്‍ട്ടിന്റെ കൊച്ചുമകളുടെ കൊച്ചുമകളും ചേരുന്നുവെന്നുള്ളത് ഓര്‍ക്കാന്‍ സുഖമുള്ള മറ്റൊരു മഴയനുഭവം.
പുതുമഴ പെയ്തുവരുമ്പോള്‍ തറവാട് വീടിന്റെ മൂലകളില്‍നിന്ന് പുറത്തേക്കുവരുന്ന പരശ്ശതം ഈയാംപാറ്റകള്‍. എന്റെ ബാല്യകാലങ്ങളിലെ ഒരിക്കലും നിറം മങ്ങാത്ത ചിത്രങ്ങള്‍. എണ്ണിയാലൊടുങ്ങാത്ത ഈയാം പാറ്റകളെപ്പോലെയാണ് ഓരോ മഴയ്ക്കുശേഷവും
പുറത്തേക്കു വരുന്ന മഴ യോര്‍മകളും. ചിറകുകള്‍ പൊഴിഞ്ഞുവീഴുമ്പോഴും പിന്നെയും പിന്നെയും പുതിയവ വന്നുകൊണ്ടേയിരിക്കുന്നു.