എന്റെ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?

പ്രൊഫ.ടി.വി.ഈച്ചരവാരിയര്‍ Posted on: 25 Jun 2013

എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്‍മാല്യം പോലെ ചേര്‍ത്തു പിടിക്കുന്നു.

രാജന്‍ നന്നായി പാടുമായിരുന്നു. അവന്‍ അവന്റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോള്‍ എന്റെ പെണ്‍കുട്ടികള്‍ പിണങ്ങി. രാജന്‍ അവര്‍ക്കുവേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവന്‍ പാടിയില്ല. അവന്റെ പാട്ടു കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോര്‍ഡു ചെയ്യപ്പെട്ട തന്റെ പാട്ടുകള്‍ മരണം വരെ അച്ഛന്‍ കേട്ടിരിക്കണമെന്ന് അവന്‍ നിശ്ചയിച്ചു കാണണം.

ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തു വീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു. പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ ആത്മാവിന് പൂര്‍വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.

മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്‌റെക്കോര്‍ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു.

പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?

ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.

(ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)




Photogallery

 

ga