മഴ ഒരു മലയാളിയാണ്‌

കല്പറ്റ നാരായണന്‍ Posted on: 25 Jun 2013


''മഴ ഒരു മലയാളിയാണ്. ഒളിഞ്ഞും തെളിഞ്ഞും പുഴയായും മരമായും പച്ചപ്പായും മറ്റെവിടെക്കാളും മഴ ഇവിടെയുണ്ട്''

മഴപോലെ മലയാളിക്ക് ഉച്ചാരണസുഖം നല്കുന്ന ഒരു പദവുമില്ല. മലയാളിയിലെ ആദ്യക്ഷരവും മലയാളി കൂടുതലായുരുവിടുന്ന പദങ്ങളിലെ പൊതുഘടകവും ആയ 'മ' യും (മാമ്പഴവും മാമരവും മണവും മദ്യവും മരണവും രമണനും മമ്മൂട്ടിയും മോഹന്‍ലാലും മാതൃഭൂമിയും മനോരമയും... ചങ്ങമ്പുഴ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച അക്ഷരം 'മ'യാണ്. ഈറ വന്നിരിക്കണം മംഗളോദയം ലെറ്റര്‍ പ്രസ്സുകാര്‍ക്ക്. ഒരു ചങ്ങമ്പുഴക്കൃതി അച്ചടിക്കണമെങ്കില്‍ ഒരു കിലോ 'മ' വേണം!) മലയാളിക്കല്ലാതെ അനായാസമായി ഉച്ചരിക്കാനാവാത്ത 'ഴ' യും ചേര്‍ന്നിരിക്കുന്നു 'മഴ'യില്‍. മഴയില്‍നിന്ന് മഴയെ വേര്‍പെടുത്താനാവാത്ത വിധത്തില്‍ രമ്യമാണ് മഴ.

മലയാളിയുടെ ഉണ്മയും അനന്യതയും മഴ എന്ന പദത്തിലുണ്ട്. അഭിമാനവും അഹങ്കാരവും മഴ എന്ന അനുഭവത്തിലുള്ളതുപോലെ.
മഴ ഒരു മലയാളിയാണ്, ഒളിഞ്ഞും തെളിഞ്ഞും പുഴയായും മരമായും പച്ചപ്പായും മറ്റെവിടേക്കാളും മഴ ഇവിടെയുണ്ട്. നീലവാനിനു കീഴെ പച്ചനാക്കിലവെച്ച പോലെയുള്ള ഈ നാട്ടിന്റെ മൗലികത മഴ സമ്മാനിച്ചതാണ്. 'പച്ച'യ്ക്ക് മലയാളത്തിലുള്ള വിവക്ഷകള്‍ മറ്റൊരു പദത്തിനുമില്ലെങ്കില്‍ (പച്ചനിറം, പച്ചപ്പൈ, പച്ചവെള്ളം, പച്ചക്കള്ളം, പച്ചവേഷം, പച്ചപ്പരിഷ്‌കാരി, പച്ചയ്ക്ക് പറഞ്ഞാല്‍, ഉണങ്ങിയതല്ല പച്ച...) അതിനു കാരണവും മഴയാണ്. എത്ര പച്ചയാണ്, എന്ത് പച്ചയാണ് നമ്മുടെ പച്ച! വരള്‍ച്ചയുടെ കാഠിന്യം പരിശോധിക്കാന്‍ വരാറുള്ള ഉത്തരേന്ത്യന്‍ സംഘം പച്ചപ്പിന്റെ ആര്‍ദ്രത കണ്ടമ്പരന്നാണ് മടങ്ങാറ്; അഭാവത്തിലും മഴയുടെ സാന്നിധ്യം!

കുടകള്‍ ഏറ്റവും കൂടുതല്‍ വില്പനയാവുന്ന പ്രദേശം മാത്രമല്ല, വീടുകള്‍കൊണ്ട് ഉടനീളം കുടപിടിച്ച നാടുമാണ് കേരളം. വീട്ടുത്കണ്ഠ കേരളീയരിലുള്ളതുപോലെ മറ്റാരിലുണ്ട്? കേരളീയന്‍ ഇത്രമേല്‍ ഗൃഹസ്ഥനാവാനുള്ള ഒരു കാരണം മഴയാണ്; ഒന്നല്ല രണ്ടാണ് നമുക്ക് മഴക്കാലങ്ങള്‍. പണ്ടാണെങ്കില്‍ മഴയായി പുരകെട്ടണ്ടേ എന്നായിരുന്നു നമുക്കുത്കണ്ഠ. ഇന്ന് നമ്മുടെ പ്രധാന പണി എല്ലാകാലത്തും വീടുപണി തന്നെ (വിവാഹപ്പിറ്റേന്ന് രാവിലെ, നമുക്ക് കല്ലിറക്കണ്ടേ എന്ന് ചോദിച്ചുവത്രേ ഒരു നവവധു). അത് എല്ലാ പണിയെയും വീടുപണിയാക്കുന്നു. വീടാനുള്ളത് ആയി വീടിന്റെ നിരുക്തം സമീപകാലത്ത് (പദങ്ങളുടെ നിരുക്തം പില്ക്കാലത്തും സംഭവിക്കാം എന്നായിരിക്കാം). അണിഞ്ഞൊരുങ്ങിനില്ക്കുന്ന ഓരോ വീടും കടത്തിന്റെകൂടി കഥപറയുന്നു!

മഴയത്ത് കുടുംബത്തിനകത്ത് കഴിയുമ്പോഴാണ് നാം കുടുംബക്കാരാവുക. മഴയാണ് വീടിന്റെ, കുടുംബത്തിന്റെ കാരണം. മഴ വീടിനെ ഉചിതമാക്കുന്നു. കാറ്റും മഴയുമുള്ള സമയത്ത് വീടിനകത്ത് കഴിയുമ്പോള്‍ അനുഭവിക്കുന്ന സ്വസ്ഥതയ്ക്ക്, വീട് സംഗതമാകുന്നതിന്റെ സുഖംകൂടിയുണ്ട്. ദാഹം വെള്ളത്തെ ഉചിതമാക്കുന്നതുപോലെ, സ്വാദുള്ളതാക്കുന്നതുപോലെ മഴ വീടിനെ, ബന്ധങ്ങളെ ഉചിതമാക്കുന്നു, സ്വാദുള്ളതാക്കുന്നു. വൈലോപ്പിള്ളിയുടെ 'അത്യാനന്ദം' എന്ന കവിതയില്‍ ഭര്‍ത്താവിനോട് ഭാര്യ ചോദിക്കുന്നു: നാം ഒന്നുചേര്‍ന്നതില്‍പ്പിന്നെ അങ്ങേക്കേറ്റവും സന്തോഷം നല്കിയ മുഹൂര്‍ത്തമേതായിരുന്നു? അങ്ങ് അനവദ്യമായ ആനന്ദം അനുഭവിച്ച മുഹൂര്‍ത്തം? ഭര്‍ത്താവ് ഓര്‍ത്ത് പറയുന്നു:
''ഒരു മുവ്വാണ്ടായ് വരും, മിഥുനത്തില്‍ പാതിരാവിനു ശേഷം/ഇടിയും കൊടുങ്കാറ്റും മാരിയുമുലകത്തെ/ക്കിടിലം കൊള്ളിച്ചുഗ്രം/വേരോടെയുലയ്ക്കുമ്പോള്‍/ഉണര്‍ന്നുകിടന്നു ഞാന്‍, വലം കൈപ്പടമൊരു/കുനുന്തു ചിറകുപോലെന്‍ മാറിലണച്ചു നീ/ശാസിച്ചു ശാന്തം ഗാഢനിദ്രയില്‍; പുറത്തട്ട/ഹസിച്ചു ഭൂതങ്ങള്‍ തന്നുന്മാദം തകര്‍ക്കവേ'' തന്നെ വിശ്വസിച്ച് സ്‌നേഹ വിശ്വാസ നറുംചൂട് പകര്‍ന്ന് പ്രകൃതിക്ഷോഭത്തിന്റെ പകയേശാതെ അവള്‍ സ്വസ്ഥമായുറങ്ങുന്നത് നോക്കിക്കിടന്ന മുഹൂര്‍ത്തം പ്രണയത്തോടൊപ്പം അതിനെ തീവ്രമാക്കിയ വര്‍ഷകാലവും നല്‍കിയതല്ലേ? ഗൃഹസ്ഥനായ മലയാളിയുടെ നല്ലനാളുകള്‍ (തീര്‍ച്ചയായും ചീത്തനാളുകളും) വര്‍ഷകാലം നല്കിയതല്ലേ? സുഗതകുമാരിയുടെ രാത്രിമഴയിലെപ്പോലെ വര്‍ഷകാലരാത്രികള്‍ക്ക് സാന്ത്വനിപ്പിക്കാനറിയാം, ഓമനിക്കാനറിയാം, രോഗത്തെ മൂര്‍ച്ഛിപ്പിക്കാനറിയാം, വേദനിപ്പിക്കാനറിയാം, അറിയാനുമറിയാം.

മഴക്കാലം എല്ലാറ്റിനെയും തീവ്രമാക്കുന്നു. വേദനയ്ക്ക് കൂടുതല്‍ വേദന. അസ്വസ്ഥതയ്ക്ക് കൂടുതല്‍ അസ്വസ്ഥത. ആനന്ദത്തിന് കൂടുതല്‍ ആനന്ദം. വിശപ്പിന് കൂടുതല്‍ വിശപ്പ്. സ്വാദിന് കൂടുതല്‍ സ്വാദ്. മഴക്കാലത്ത് കഴിച്ച പുഴുക്കിന്റെയും കഞ്ഞിയുടെയും സ്വാദ് മറ്റൊരു കാലം തരുമോ? പുതച്ചുമൂടിയ കിടപ്പിനുള്ള സുഖം മറ്റൊരു കാലത്തിനറിയുമോ? മഴയെ മുന്‍നിര്‍ത്തി മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കവിതകളിലൊന്നില്‍ കാലവര്‍ഷത്തെ ഭൂസ്വര്‍ഗങ്ങളുടെ രതിയായിക്കാണുന്നു എന്‍.വി. കൃഷ്ണവാരിയര്‍. കാമത്താല്‍ക്കണ്ണില്ലാത്ത/കള്ളനിക്കരിങ്കൂറ്റന്‍/കാണുകിപ്പയ്യിന്‍ മെയ്യില്‍/ക്കമിഴ്ന്നു വീഴുന്നല്ലോ! ഭൂമിയിക്കനം പൊറു/ത്തീടുമോ സംഹാരത്തിന്‍/ഭീമമാം ക്രൗര്യാവേഗം/വേണമോ സ്വര്‍ഗത്തിനും (പുതുമഴ).

കാലവര്‍ഷം പോലെ ഗംഭീരമായൊരു സമസ്തപദം മഴയില്‍ വളര്‍ന്ന ഒരു സംസ്‌കാരത്തിനല്ലാതെ ഒരു കവിക്ക് കോര്‍ക്കാനാവുമോ? ആടിയുലയുന്ന വൃക്ഷങ്ങളും ഭൂമിപിളര്‍ക്കുന്ന മിന്നലുകളും കുതിച്ചുവരുന്ന മലവെള്ളവും ചേര്‍ന്നൊരു മഴനാട്ടിനേ അത്തരമൊരു സമസ്തപദം തീര്‍ക്കാനാവൂ. കാലസ്ഖലനം തന്നെ കാലവര്‍ഷം എന്ന് നാം ഓരോ വര്‍ഷകാലത്തെയും ചില രാത്രികളില്‍ അറിയുന്നു. ഇണയെ നാമറിയാതെ മുറുകെപ്പുണരുന്നു. വേരുകള്‍ മണ്ണിലിറങ്ങുന്നു. ഗര്‍ഭധാരണത്തിന്റെ കാലമാണത്. പഴയ കേരളത്തില്‍ ഏറ്റവുമധികം പ്രസവങ്ങള്‍ നടന്നിരുന്നത് മകരം, കുംഭം, മീനമാസങ്ങളിലായിരുന്നു. കാലവര്‍ഷക്കെടുതി എന്ന് പിറുപിറുത്ത് ഭര്‍ത്താക്കന്മാര്‍ പിളരുന്ന വേദനയനുഭവിക്കുന്ന ഭാര്യയുടെ ഈറ്റുമുറിയുടെ കോലായിലൂടെ ചാല്‍വെച്ച് നടന്നു. അതുകൊണ്ടാണ് യക്ഷന്‍ വര്‍ഷകാലമേഘത്തിന്റെ വരവില്‍ അത്രമേല്‍ അസ്വസ്ഥനായത്. സംശയാലുവായ ഏത് പുരുഷനേയുംകാള്‍ ഭാവനാശാലിയായത്. സകലതിലും കാമസാക്ഷാത്കാരം കണ്ടു അയാള്‍ (ഒഥല്ലോയും തലയണമന്ത്രത്തിലെ നായകനുമെല്ലാം ആ യക്ഷന് മുന്നില്‍ തോറ്റുപോവും). ചേതനാചേതനങ്ങള്‍ തമ്മിലുള്ള ഭിന്നതയില്ലായ്മയോളം അവരെത്തിയിരുന്നില്ലല്ലോ.

സുഖവും സുഖത്തേക്കാള്‍ ദുഃഖവുമായിരുന്നു മഴ. ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍, വെള്ളപ്പൊക്കത്താലുള്ള വീടുമാറലുകള്‍, നിലയ്ക്കാത്ത ചോര്‍ച്ച, മരണം. വീഴാറായതിനെയൊക്കെ മഴ വീഴ്ത്തി. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് കേരളീയന്റെ വിളകളും ഉത്സവങ്ങളുമെങ്കില്‍ മഴയില്‍ പ്രവര്‍ത്തിച്ചവയാണ് ദുരിതങ്ങള്‍. മഴയില്‍ പ്രവര്‍ത്തിക്കുന്നവയാണ് പുഴകള്‍/ചോര്‍ന്നൊലിക്കുന്ന പുരകള്‍/മാറാവ്രണങ്ങള്‍/വീഴാറായ മരങ്ങള്‍/പ്രണയങ്ങള്‍/വേദനകള്‍/ഏകാകിതകള്‍/കുടകള്‍ കണ്ണീര്‍ പൊഴിക്കുന്ന/ശവഘോഷയാത്രകള്‍ ...

ഏറ്റവും കൂടുതല്‍ മലയാളികള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന വാക്കായിട്ടും സ്വപ്നംകാണുകയും ശപിക്കുകയും ചെയ്യുന്ന വാക്കായിട്ടും പുതുമ വിട്ടിട്ടില്ല 'മഴ' എന്ന വാക്കിന്. എത്ര പെയ്തിട്ടും പുതുതായിപ്പെയ്യുന്നു ഓരോ വര്‍ഷവും മഴ. മഴക്കാലം/വരുമ്പോള്‍ മധുരം./തോരാനിട്ടതെടുക്കുന്ന യൗവനങ്ങള്‍/തുള്ളിക്കൊരു കുടം തരിച്ചുനില്‍ക്കും.

'നല്ല' എന്ന പദത്തിന് 'ഗുഡ്' എന്നതിനേക്കാള്‍ 'ഗാഢം' (ഡീപ്പ്) എന്നര്‍ഥമാണ് കൂടുതലിണങ്ങുക എന്നെനിക്ക് പറഞ്ഞുതന്നത് 'മഴ'യാണ്. നല്ല മഴ, നല്ല പാമ്പാണ് കടിച്ചത്, നല്ല പനിയാണെന്ന് തോന്നുന്നു. കുഞ്ഞുണ്ണിയെപ്പോലെ നമുക്കും മഴയ്‌ക്കൊപ്പം കൂടാം:

കൊള്ളാമിമ്മഴ/കൊള്ളരുതിമ്മഴ
കൊള്ളാം, കൊള്ളാം പെയ്യട്ടെ.



Photogallery

 

ga