Muttom  Adikkatte

മകനെ എങ്ങനെ വളര്‍ത്തണം? എനിക്കറിഞ്ഞുകൂടാ...

സുഗതകുമാരി Posted on: 13 May 2015


സത്യം പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂട. ഈ അന്ധകാരത്തില്‍, സുഖഭ്രമശ്രമങ്ങളുടെ വര്‍ണ്ണശബളിമയില്‍, പ്രലോഭനങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് നടുവില്‍, ടെലിവിഷനും മൊബൈലും ഇന്റര്‍നെറ്റും ചേര്‍ന്നൊരുക്കുന്ന ക്രമാത്മകമായ ഒരു ക്രൂരലോകത്തിന്റെ ലഹരികള്‍ക്ക് നടുവില്‍ എന്റെ കുട്ടിയെ എങ്ങനെ വളര്‍ത്തണമെന്ന് എനിക്കറിഞ്ഞുകൂട.

കൂട്ടുകാരും നാട്ടുകാരും സിനിമ-ടിവി താരങ്ങളും നേതാക്കന്മാരും കാട്ടിത്തരുന്ന വിചിത്ര മാതൃകകളുടെ ചുവട്ടില്‍ അവനെ ആരെ ചൂണ്ടിക്കാണിച്ച് വളര്‍ത്തണമെന്ന് എനിക്കറിഞ്ഞുകൂടാ.

എന്റെ വാക്ക് അവന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ വാക്കുകളെ അമര്‍ത്തിക്കൊണ്ട് പ്രചണ്ഡമായ മേളങ്ങളും വാക്‌ധോരണികളും പൊട്ടിച്ചിരികളും അട്ടഹാസങ്ങളും മുദ്രാവാക്യങ്ങളും കൊലവിളികളും ചുറ്റും മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ വാക്കുകള്‍ അവന്റെ ചെവിയില്‍ പതിയുമോ എന്ന് ഞാന്‍ ആശങ്കിക്കുന്നു.

എങ്കിലും ഞാനവനെ മുറുകെ പിടിക്കുന്നു. വഴിതെറ്റിപോകരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരു മദ്യപാനിയും ക്രിമിനലുമായി മാറരുതേ എന്ന് ഈശ്വരനോട് അപേക്ഷിക്കുന്നു. കൂടെയുള്ള പെണ്‍കുട്ടിയെ പെങ്ങളേ എന്ന് വിളിക്കുന്ന ഒരു സ്‌നേഹത്തിന്റെ മനസ്സ് അവനുണ്ടാകണമെന്ന് ആശിക്കുന്നു.

അഭിമാനമുള്ള, ആര്‍ദ്രതയുള്ള ഒരു മനുഷ്യനായി അവന്‍ വളര്‍ന്നുവരണമെന്ന് ഞാന്‍ ആശിക്കുന്നു. എന്റെ ഭയം എന്റെ ആശങ്ക അവന്‍ അറിയാതിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.



1
amma

 

ga