ഈ ലോകത്തിലെത്തന്നെ ഏറ്റവും നല്ല അമ്മ എനിക്കാണെന്ന് ഞാന്‍ സ്വയം വിശ്വസിക്കുന്നു. ഏറ്റവും നല്ല അമ്മമ്മയും എന്റെ അമ്മതന്നെയെന്നു ഞാന്‍ പറയും.
അമ്മ എന്നാല്‍ എനിക്ക് എല്ലാമാണ്. മാതാ പിതാ ഗുരു ദൈവം എന്നു പറയുന്നതില്‍ എനിക്ക് മാതാവും ഗുരുവും ഒരാളാണ്. ജീവിതത്തിലാണെങ്കിലും കലയിലാണെങ്കിലും ജീവിതത്തിലെ കാഴ്ചപ്പാടുകളിലാണെങ്കിലും ഒരു സ്ത്രീ എന്ന നിലയിലാണെങ്കിലും ഒക്കെ എനിക്ക് അമ്മതന്നെയാണ് എല്ലാമെന്ന് ഞാന്‍ സ്വയം വിശ്വസിക്കുന്നു. എല്ലാവരുടെയും അമ്മയിലുമെന്നപോലെ എന്റെ അമ്മയിലും ഒരുപാട് നല്ലഗുണങ്ങളുണ്ട്. അമ്മുടെ സ്വഭാവഗുണങ്ങളാണ് എന്റെ പ്രചോദനം. അമ്മയില്‍നിന്ന് ഞാനറിയാതെ സ്വായത്തമാക്കിയ പലഗുണങ്ങളും എന്നിലുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത് ഇപ്പോള്‍ ഞാന്‍ ഒരു അമ്മയായിക്കഴിഞ്ഞപ്പോഴാണ്.

കുഞ്ഞുനാളില്‍ അമ്മ നൃത്തം പഠിക്കാനായി എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ആ വശത്തേക്ക് തിരിഞ്ഞുനോക്കാറില്ലായിരുന്നു. വീട്ടില്‍ നിറയെ അമ്മ പഠിപ്പിക്കുന്ന കുട്ടികള്‍. എനിക്കുകിട്ടേണ്ട സമയവും സ്‌നേഹവും അവര്‍ പകുത്തെടുക്കുന്നതിന്റെ പരിഭവം. കുശുമ്പ് തന്നെയായിരുന്നു അത്. കുറച്ചുകഴിഞ്‌പ്പോഴാണ് അതിന്റെ വില ഞാന്‍ മനസ്സിലാക്കുന്നത്. ഇപ്പോഴും ഞാന്‍ നൃത്തംചെയ്യുന്നത് എന്റെ സന്തോഷത്തേക്കാള്‍ അമ്മയുടെ സന്തോഷത്തിനുവേണ്ടിയാണ്. ഞാന്‍ ഈ രംഗത്ത് നര്‍ത്തകിയായും അധ്യാപികയായും ഇപ്പോഴും നില്‍ക്കുന്നത് എന്റെ സന്തോഷത്തേക്കാളുപരി അമ്മയുടെ സന്തോഷത്തിനുവേണ്ടിത്തന്നെയാണെന്നത് ഞാന്‍ നിസ്സംശയം പറയും. എന്റെ കൈരളികലാകേന്ദ്രം എന്ന ഈ നൃത്തവിദ്യാലയംതന്നെ അമ്മയ്ക്കുള്ള എന്റെ ഗൂരു ദക്ഷിണയാണ്. അമ്മയ്ക്കായി സ്‌നേഹത്താല്‍ പൊതിഞ്ഞ കെട്ടിപ്പിടിച്ചുള്ള എന്റെ ഉമ്മ. അതാണ് ഈ സ്ഥാപനം.
കല്യാണം കഴിഞ്ഞ് ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്കും നൃത്തത്തിലേക്കും തിരിച്ചെത്തിയപ്പോള്‍ അമ്മ പറഞ്ഞു. 'ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചിരുന്നതാണ്. ശരത്തിനും കുടുംബത്തിനും നല്‍കാന്‍ നന്ദി മാത്രമേയുള്ളു. നീ അഭിനയിക്കുമ്പോള്‍, നൃത്തംചെയ്യുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷം വളരെ വലുതാണ്. നിന്നോട് ഇതുവരെ പറഞ്ഞില്ലന്നേയുള്ളു'. എന്തിനേക്കാളും കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കണമെന്ന് എന്നും എന്നെ ഓര്‍മ്മിപ്പിക്കുന്നു അമ്മ.
എന്റെ നൃത്തപരിപാടികള്‍ക്ക് ഇന്നും അമ്മയാണ് ഗുരുസ്ഥാനത്തിരുന്ന് നെട്ടുവാങ്കം വായിക്കുന്നത്. ചിലങ്കയണിയുമ്പോള്‍ ഞാനിപ്പോഴും ചെറിയ കുട്ടിയാണെന്ന തോന്നല്‍ എന്നിലുണ്ടാക്കുന്നതും അതുതന്നെയാണ്. ആസമയത്ത് പണ്ടത്തെ നാലുവയസ്സുകാരിയായി ഞാന്‍ മാറും.
അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ഏറ്റവും മധുരമുള്ള ഓര്‍മ്മയുമുണ്ട്. അമ്മയും ഞാനും എന്റെ മക്കളും ചേര്‍ന്ന് പെരുമ്പാവൂര്‍ അയ്യപ്പക്ഷേത്രത്തില്‍ അവതരിപ്പിച്ച ത്രികാലം എന്ന നൃത്തപരിപാടി. മൂന്നുതലമുറകളുടെ ഒത്തുചേരല്‍. പുതിയ ഒരു പരീക്ഷണമായിരുന്നു അത്. ഞാന്‍ മക്കളെ ദുബായില്‍നിന്നുതന്നെ നൃത്തം പഠിപ്പിച്ചിട്ടാണ് നാട്ടിലേക്ക് പോയത്. പരിപാടിയുടെ തലേദിവസമാണ് നാട്ടിലെത്തിയത്. അമ്മയ്ക്ക് പഠിച്ചെടുക്കാന്‍ അധികസമയമില്ലായിരുന്നു. ചെറിയ ഒരു രൂപം ഞാന്‍ അമ്മയ്ക്ക് കൊടുത്തു. ആ ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന ഒരു വിഷ്വല്‍ ഉണ്ട്. എന്റെ രണ്ടാമത്തെ മകള്‍, കലാമണ്ഡലം സുമതിയെന്ന, ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള അവളുടെ അമ്മുമ്മയെ നൃത്തം പഠിപ്പിക്കുന്ന ഒരു രംഗം. ഒരു കൊച്ചുകുട്ടി പഠിക്കുന്ന പോലെ കൊച്ചുമകളില്‍നിന്ന പഠിക്കുന്ന അമ്മയുടെ മുഖം.
പരിപാടിയുടെ ദിവസം അമ്മ എന്ന കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ടുപറഞ്ഞു. 'ഞാന്‍ ഇന്ന് ഏറ്റവുമധികം ആനന്ദിക്കുന്ന അമ്മയാണ്. അമ്മൂമ്മയാണ്. ഇതെല്ലാം മറ്റൊരു അമ്മൂമ്മയക്ക്ും കിട്ടാത്ത സൗഭാഗ്യങ്ങളാണ്'. ഇതൊക്കെയല്ലേ നമുക്ക് അമ്മയ്ക്ക് തിരിച്ച് നല്‍കാനാവൂ..
(തയ്യാറാക്കിയത് അഞ്ജന ശശി)