vava

ആത്മാവിന്റെ അവതാരം

വയലാര്‍ ശരത് ചന്ദ്രവര്‍മ്മ Posted on: 09 May 2015


ബീജത്തിനെ ബ്രഹ്മമാക്കുവാന്‍ തപസ്സനുഷ്ഠിക്കുന്നവള്‍.....'അമ്മ'........
പ്രമാണമാവശ്യപ്പെടാതെ പ്രാണന്‍ തരുന്നവള്‍.....'അമ്മ'........
നാവില്ലാത്തവനുപോലും ഉരിയാടാവുന്ന നല്ല രണ്ടക്ഷരം.....'അമ്മ'........
പ്രസവവേദനയ്ക്കും ഗര്‍ഭം വളര്‍ത്തിയതിനും കൂലി ചോദിക്കാത്തവള്‍.....'അമ്മ'........

'വര്‍ഗ്ഗീയ സ്വാര്‍ത്ഥയ്ക്കപ്പുറം നില്‍ക്കുന്ന
സ്വര്‍ഗ്ഗീയ സത്യമാണമ്മ
അമ്മയായ്, ഉമ്മയായ് മമ്മിയാണെങ്കിലും
അമ്മിഞ്ഞപ്പാലതിന്‍ വെണ്‍മ
ആചാര വേഷങ്ങള്‍ വേറെയാണെങ്കിലും
ആത്മാവിലെ ഭാഷ നന്മ
വല്ലായ്മ തോന്നിയാ, ലറിയാതെ ചുണ്ടുകള്‍
ചൊല്ലുന്ന മന്ത്രമാണമ്മ.....'

ഏഴ് കടലുകള്‍ മഷിയായി വറ്റിയാലും എഴുതിത്തീര്‍ക്കാനാവാത്ത പൊരുള്‍.....'അമ്മ'........

കാന്തന്റെ പിണക്കത്തിലും ഇണക്കമായ് മാറുന്ന ഈണം.....'അമ്മ'........
അച്ഛന്റെ വാക്‌വീര്യത്തിന്റെ പിന്നിലെ നിശ്ശബ്ദമായ് നില്‍ക്കുന്ന ധൈര്യം.....'അമ്മ'........
ആദത്തിനേദന്‍ തോട്ടമായവള്‍.....'അമ്മ'........
മുരുകന് ശരവണപ്പൊയ്കയായവള്‍.....'അമ്മ'........
നബിക്ക് മരുഭൂമിയിലെ സംസം കിണറായവള്‍.....'അമ്മ'........

'വക്ഷസ്സിലായ് സ്‌നേഹസാഗരം പേറുന്നൊരക്ഷയപാത്രമാണമ്മ.
ദുഃഖങ്ങളൊക്കെയും സമ്പാദ്യമാക്കുന്ന
ദുശ്ശീലവും അതില്‍ മേന്മ
കാളിയനായി ഞാന്‍ മാറിയാലും, സ്‌നേഹകാളിന്ദിയാണെനിക്കമ്മ
കൈചൂണ്ടിയച്ഛനെയാദ്യമായ് കാണിച്ച കൈത്തിരിവെട്ടമാണമ്മ'.

ഗര്‍ഭപാത്രത്തില്‍ കിടന്നപ്പോളറിഞ്ഞ ഹൃദയതാളം,
പൊക്കിള്‍ക്കൊടി മുറിഞ്ഞാലും മാറോട് ചേര്‍ത്തമ്മിഞ്ഞപ്പാല്‍
കൂട്ടി വീണ്ടും വീണ്ടും കേള്‍പ്പിക്കുന്നവള്‍.....'അമ്മ'........

നിദ്രയിലും ഭദ്രതയുറപ്പ് വരുത്തുന്നവള്‍,
കേട്ട് തീരാത്ത താരാട്ടായ് മാറുന്നവള്‍,
ആധുങ്ങളും വാഹനങ്ങളുമില്ലാതെ പ്രത്യക്ഷമായ ദേവീസങ്കല്പം.....
'അമ്മ'....

വാത്സല്യംകൊണ്ട് പിന്നാലെക്കൂടി 'വാല്‍സല്യമാകാത്തവള്‍.....'അമ്മ'........
എന്റെ ഭാരതാംബയുടെ പേര്.....'ഭാരതി'........

ഭൂമിയില്‍ സൂര്യന്‍ വരുന്നതിന്‍ മുമ്പുള്ള
ഭൂപാളമാണെനിക്കമ്മ
രാവിന്റെയാദ്യയാമത്തിലെ വാത്സല്യരാരീരമാണെനിക്കമ്മ
രാവിലെ ചൂടുള്ള പാല് നല്‍കീടുന്ന
രാസ്‌നാദിഗന്ധമാണമ്മ
മനസ്സെത്രവട്ടം തുളുമ്പിയാലും, തീരെ
മതിയാവതില്ലയീയോര്‍മ്മ

 




1
amma

 

ga