ഓരോ പിറന്നാളിനും ഒരോ വയസ്സുകൂടും. പക്ഷേ അമ്മമാരുടെ മനസ്സില് മാത്രം മക്കള്‍ക്ക് പ്രായമാകാറില്ല. കുഞ്ഞുന്നാളിലെപ്പോലെ തന്നെയായിരിക്കും എന്നും.
വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്-മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. എനിക്കു മാത്രം അന്നും ഇന്നും എന്നും മമ്മൂഞ്ഞ്. ചിങ്ങമാസത്തിലെ വിശാഖത്തിനാണ് അവന്‍ ജനിച്ചത്. ഇംഗ്ലീഷ് തീയതിയാണ് സപ്തംബര്‍ ഏഴ്. കുട്ടിക്കാലത്തും പിറന്നാള്‍ വലിയ ആഘോഷമൊന്നുമായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒരു പായസം വയ്ക്കും. പ്രാര്‍ഥന മാത്രം മുടക്കാറില്ല. യാസീന്‍ ഓതി ദു അ്‌വ ചൊല്ലും. ആയുസ്സും ആരോഗ്യവും കൊടുക്കണേയെന്ന് പടച്ചോനോട് പറയും. ഇന്നും എനിക്ക് അതേ പടച്ചോനോട് അപേക്ഷിക്കാനുള്ളൂ.
കല്യാണം കഴിഞ്ഞ് അഞ്ചുകൊല്ലം കാത്തിരുന്നു അവനുവേണ്ടി. കൊതിച്ചിരുന്നുണ്ടായ കുട്ടിയായതുകൊണ്ട് എല്ലാവരും പുന്നാരിച്ചു. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. എട്ടുമാസമായപ്പോഴേ മുലകുടി നിര്‍ത്തി. പിന്നെ പാലും ഏത്തപ്പഴവുമായി പ്രധാന ആഹാരം. പാലൊക്കെ അന്നേ കുടിച്ചു തീര്‍ത്തതുകാരണമായിരിക്കാം ഇപ്പോ അവന് പാല്‍ച്ചായ വേണ്ട. കട്ടന്‍മതി.
ഇടയ്ക്ക് രണ്ടുവര്‍ഷം എന്റെ നാടായ ചന്തിരൂരിലാണ് അവന്‍ വളര്‍ന്നത്. രണ്ടു പിള്ളേരുണ്ടായിരുന്നു അവന്റെ കൂടെ. അതുങ്ങള് എപ്പോഴും ഉപദ്രവിക്കും. ശല്യം സഹിക്കാതെയായപ്പോഴാണ് സ്‌കൂള്‍ മാറ്റിയത്. ചെറുപ്പത്തിലേ ഓട്ടവും ചാട്ടവും തന്നെയായിരുന്നു. അടങ്ങിയിരിക്കൂല. പതിനാലുവയസ്സുള്ളപ്പോ ചെമ്പീന്ന് ഒറ്റയ്ക്ക് കെട്ടുവളളമൂന്നി അക്കരെ പൂച്ചാക്കല് വരെപ്പോയി. തുഴയാനൊക്കെ നല്ല മരുങ്ങായിരുന്നു. തിരിച്ചുവന്നപ്പോ നല്ലത് കൊടുത്തു. അടികൊണ്ട് വള്ളത്തില് വീണു.
അവന്റെ മനസ്സില് പണ്ടുകാലം തൊട്ടേ സിനിമയായിരുന്നു. ബാപ്പയാണ് ആദ്യം ചെമ്പിലെ കൊട്ടകയില് സിനിമയ്ക്ക് കൊണ്ടുപോയിരുന്നത്. കുറച്ചുമുതിര്‍ന്നപ്പോ അനിയന്മാരുമായി പോകാന്‍ തുടങ്ങി. ഒറ്റ സിനിമ വിടില്ല. രാത്രിയില്‍ അവര് വീടിന്റെ ടെറസില് കിടക്കും. എഴുന്നേറ്റ് സിനിമയ്ക്ക് പോണത് നമ്മളറിയൂല. കോളേജില്‍പോകാന്‍ തുടങ്ങിയപ്പോഴാണ് അഭിനയിച്ചുതുടങ്ങിയത്. അവിടത്തെ ഓരോ വിശേഷവും വീട്ടില്‍ വന്നുപറയും. അഭിനയിച്ചുകാണിക്കും. പാട്ടുപാടിക്കൊണ്ടുനടക്കും.

ചെറുപ്പത്തിലേ അവന്‍ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലേ പോയി. പടച്ചോന്റെ കൃപ കൊണ്ട് നല്ലതിലേക്കായിരുന്നു. അവന്റെ ആദ്യത്തെ ഒന്നുരണ്ടുസിനിമകളൊക്കെ ഒപ്പം തീയറ്ററില് പോയി കണ്ടിട്ടുണ്ട്. ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോ അവന് പോകാന്‍ പറ്റാതെയായി. അവന്റെ ബാപ്പ മരിച്ചതിനുശേഷം ഞാന്‍ സിനിമകാണാന്‍ പോയിട്ടുമില്ല. ഇപ്പോ പുതിയ സിനിമ അവന്റെ വീട്ടിലിരുന്ന് കാണാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് എന്നെ വിളിക്കും,ചിലപ്പോ ഞാന്‍ ഒപ്പമിരുന്ന് കാണും. അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് ഇഷ്ടംതന്നെ. അതങ്ങനെയല്ലേ വരൂ. 'കാണാമറയത്ത്' നല്ലൊരു സിനിമയായിരുന്നു. പിന്നെ 'തനിയാവര്‍ത്തനം'. അതില് സ്വന്തം അമ്മതന്നെ വിഷം കൊടുത്ത് കൊല്ലുന്നതുകണ്ടപ്പോ നെഞ്ചില് എന്തോ ഒന്നു കുത്തിക്കൊണ്ടപോലെ. ഞാന്‍ അവന്റെ ഉമ്മയല്ലേ...
സിനിമയ്ക്കുവേണ്ടി അവന്‍ പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ പോലും ഉപേക്ഷിച്ചു. കൊഴുവയായിരുന്നു പണ്ട് അവന് ഏറ്റവും ഇഷ്ടമുള്ള മീന്‍. ചെമ്മീന്‍പൊരിച്ചതിനോടും പ്രിയമായിരുന്നു. കോളേജിലായിരുന്ന കാലത്ത് രാത്രിയാകുമ്പോ കൂട്ടുകാരെയൊക്കെക്കൂട്ടി വരും. പിന്നെ അവര്‍ക്കുവേണ്ടി രണ്ടാമത് ചോറും ഇഷ്ടമുള്ള കറികളുമൊക്കെ ഉണ്ടാക്കും. അവന്റെ കൂട്ടുകാരൊന്നും എന്റെ വയറ്റില്‍ ജനിച്ചില്ലെന്നേയുള്ളൂ. എന്റെ മക്കള് തന്നെയായിരുന്നു. ഇന്നും ചിലപ്പോഴൊക്കെ അവന്‍ ചോദിക്കാറുണ്ട്,ഉമ്മ അടുക്കളയില്‍ കയറി പണ്ടത്തെരുചിയുള്ള മീന്‍കറിയൊക്കെ ഉണ്ടാക്കിത്തരുമോയെന്ന്. ഞാന്‍ ചെമ്പിലായിരുന്നപ്പോ അവന്റെ വീട്ടിലേക്ക് പലതും ഉണ്ടാക്കിക്കൊടുത്തുവിടുമായിരുന്നു. ചക്കപ്പഴം വലിയ ഇഷ്ടമാണ്. ചക്കയും മാങ്ങയുമൊക്കെ ധാരാളം ഉണ്ടായിരുന്നു വീട്ടില്‍.
ബാപ്പ അവനെ ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു. അവന്‍ സിനിമാനടനായി. ഇപ്പോ മക്കളും പേരമക്കളുമൊക്കെ സിനിമാക്കാര്‍. മകന്‍ വലിയ ആളായി എന്ന് ഞാന്‍ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെയൊരിക്കലും തോന്നാന്‍ പാടില്ല. എല്ലാം ദൈവത്തിന്റ നിശ്ചയം. അതുമാതിരി നടക്കുന്നു. നമ്മള്‍ക്ക് അതിലെന്ത് പങ്ക്? ഇപ്പോ അവനെ കാണാന്‍ സാധിക്കുന്നല്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ. എപ്പോഴും കാണണമെന്ന് തോന്നും. അവന്റെ തിരക്കുകള്‍ മറ്റാരെക്കാളും നന്നായി എനിക്കറിയാ.ം പിന്നെ വിരലുകൊണ്ട് ഒന്നമര്‍ത്തിയാല്‍ അവനെ കാണാമല്ലോ..ടി.വിയില് ദിവസം എത്രപ്രാവശ്യം അവന്‍ വന്നുപോകുന്നു. അതുകാണുമ്പോ ഞാന്‍ ചെമ്പിലെ അവന്റെ കുട്ടിക്കാലം ഓര്‍ക്കും. ഞങ്ങള്‍ക്കുമുമ്പില് അഭിനയിച്ച, പാട്ടുപാടിയ,ഞാന്‍ ചോറുരുട്ടിക്കൊടുത്ത കുട്ടിയല്ലേ ഇത്...എന്റെ സ്വന്തം മമ്മൂഞ്ഞ്...
(ചിത്രഭൂമിക്ക് വേണ്ടി ശരത് കൃഷ്ണ തയ്യാറാക്കിയത്.)