
എല്ലാകാര്യത്തിലും, എപ്പോഴും എവിടെയും വൈകിയെത്തുകയെന്നത് എന്റെ ജന്മ സ്വഭാവമെന്ന് പറഞ്ഞാല്‍, തെറ്റായിപ്പോകും. കാരണം ഉമ്മച്ചിയുടെ വയറ്റില്‍ നിന്ന് രണ്ടുമാസം നേരത്തെ ലഹള കൂട്ടി ഇറങ്ങിയവളാണ് ഞാന്‍. ലഹളകൂട്ടല്‍ ഇപ്പോഴും തുടരുന്നു. ഒപ്പം, വൈകിപ്പറക്കലും വൈകിയെത്തലുമൊക്കെ കൂട്ടുകാരുമായി. അതുപോലെ, മാതൃദിനത്തില്‍ അമ്മമാരെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന അഞ്ജനയുടെ മെസേജ് കണ്ടത് വളരെ വൈകി. വൈകിയല്ലോ, സോറിയെന്ന മറുപടിക്ക് അഞ്ജന നല്‍കിയ മറുസന്ദേശം കാണാന്‍ പിന്നെയും വൈകി. 'ഇനിയും വൈകിയിട്ടില്ല, സമയമുണ്ട്. വേഗം ചെയ്യൂ...' ഇതുകണ്ടത് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി, കിടക്കാറായപ്പോള്‍.
എങ്കിലും, എല്ലാവരും എഴുതി, എനിക്കുമാത്രം പറ്റിയില്ലല്ലോ...ആകപ്പാടെ വിഷമമായി. എന്തായാലും ഓണ്‍ലൈനില്‍ വന്നാലും ശരി, വന്നില്ലെങ്കിലും ശരി, 12.45ന്, മോനെ ഉറക്കിക്കഴിഞ്ഞ് എഴുതാന്‍ ഇരുന്നു. ഓണ്‍ലൈന്‍ ഡെസ്‌കില്‍ ആരെങ്കിലും കാണും, പാവം തോന്നി എടുത്താലോ...
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ വായിച്ചിക്കുട്ടിയാണ്. വായിച്ചി(ഉപ്പ)യെയാണ് കൂടുതല്‍ ഇഷ്ടം എന്നെല്ലാം മുഖത്തുനോക്കി പറയും. എങ്കിലും ഉമ്മച്ചി പാവമാണ് എന്ന് അഡീഷനലായി ചേര്‍ക്കും. ശാസിച്ചും ഉപദേശിച്ചും ഒരു കൂട്ടുകുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന വായിച്ചിയുടെ ചില രീതികള്‍ ഞാനും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എങ്കിലും, വീടിനു വെളിയില്‍ വളരെ 'ശാന്ത' സ്വഭാവിയായിരുന്നു. ഈയൊരു രീതി ഉമ്മച്ചിയില്‍ നിന്ന് കിട്ടിയതാണെന്നുതോന്നുന്നു. ഉമ്മച്ചിയുടെ മട്ടും ഭാവവുമൊക്കെ ഞാന്‍ സ്വീകരിച്ചു. ആരോടും വഴക്കുകൂടാതെ, ഒരു വാക്കുകൊണ്ടും വിഷമിപ്പിക്കാതെ...ഒരു പാവം പെണ്‍കുട്ടി ഇമേജ് പലയിടത്തും ഉണ്ടായിട്ടുണ്ട് (കുടുംബത്തിനകത്ത് ഇതൊന്നുമല്ല കെട്ടോ, പുലിയാണ് പുപ്പുലി...).
ദൂരെ ഇങ്ങ് ദുബായിലിരുന്ന് ഉമ്മച്ചിയെ കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ആദ്യം മുമ്പില്‍ വരുന്ന ചിത്രം, നല്ല പോഷകങ്ങളടങ്ങിയ നാടന്‍ ഭക്ഷണം തിരഞ്ഞെടുത്ത് കഴിപ്പിക്കുന്ന ഉമ്മച്ചിയെയാണ്. പത്താംക്ലാസില്‍ തോറ്റ, ഉറുദു ക്ലാസിന് പോയി, അതും തോറ്റ ഉമ്മച്ചിക്കെങ്ങനെ ഇത്തരത്തിലുള്ള അറിവുകള്‍ കിട്ടിയെന്ന് പിന്നീട് പലപ്പോഴും അന്താളിച്ചിട്ടുണ്ട്. വീട്ടില്‍ നെല്ലു കുത്തുമ്പോള്‍ ഉരലിനകത്തു നിന്ന് തവിട് വടിച്ചെടുത്ത് പഞ്ചസാരയിട്ടുതരുമായിരുന്നു. സുന്ദരിയാകുമെന്നോ മറ്റോ ഒരിക്കല്‍ പറഞ്ഞതുകൊണ്ട് തവിടിന്റെ രുചിയൊന്നും നോക്കാതെ, ആസ്വദിച്ചുതന്നെ കഴിച്ചു. വെള്ളരി മുറിച്ചാല്‍ അതിനകത്തെ പൂവ് (വിത്തുകളടങ്ങിയ ഭാഗം) വലിയൊരു തമാശപോലെ പോലെ കഴിക്കാന്‍ തന്നു. ഞങ്ങള്‍ മൂന്നുപേരും മത്സരിച്ചു കഴിച്ചു. തേങ്ങാ ചിരണ്ടുമ്പോള്‍ പച്ചത്തേങ്ങ വാരിത്തരും. വൈകുന്നേരം ഇടയ്ക്കിടെ ശര്‍ക്കരയാണി കൈയ്യില്‍ എടുത്തുതന്നു. നെല്ലിക്കക്കാലം ആകുമ്പോള്‍, നെല്ലിക്ക ഭരണിയിലിട്ട് മണ്ണില്‍ കുഴിച്ചുവെച്ചു സത്തെടുത്തുവെക്കും. കുറച്ചുമാസത്തേക്ക് ഞങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇതുതന്നെ ധാരാളം. പല ദിവസങ്ങളിലും രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം മുളപ്പിച്ച ചെറുപയര്‍ ആയിരിക്കും. വീട്ടില്‍ കൃഷിയുള്ള കാലത്തും അല്ലാത്തപ്പോഴും എള്ള് ധാരാളമായി കഴിപ്പിച്ചു. വറുത്തുവെച്ച എള്ളില്‍ പച്ചത്തേങ്ങയും ശര്‍ക്കരയും കൊത്തിയിട്ടു തട്ടില്‍ വെച്ചുതന്നു. കൂവയുടെ കൃഷിയൊന്നുമില്ലെങ്കിലും ഉമ്മച്ചിയുടെ സ്വന്തക്കാരില്‍ ചിലര്‍ നല്‍കുന്നതും പണം കൊടുത്തു് വാങ്ങുന്നതുമൊക്കെയായി കുറെ കൂവപ്പൊടിസൂക്ഷിപ്പ് വീട്ടിലുണ്ടാകും. അവ ദിവസേനയെന്നോണം കാച്ചിത്തന്നു. കൊച്ചുകുട്ടികള്‍ക്ക് മാത്രം നല്‍കുന്ന റാഗി ഞങ്ങള്‍ വളരെ വലിയതായപ്പോഴും കഴിച്ചു. പായസം വെച്ചും കുറുക്കായുമൊക്കെ... വെക്കേഷന്‍ കാലം മഞ്ഞെളെണ്ണയുടേത് കൂടിയാണ്. എന്നും വൈകുന്നേരം കളി കഴിഞ്ഞെത്തിയാല്‍ പിന്നെ മഞ്ഞെളെണ്ണ തേപ്പും കുളിയുമാണ്. നാട്ടില്‍ പൊതുവെയുണ്ടായിരുന്ന ധാരണ, ചെറുനാരങ്ങ വെള്ളം വിരുന്നുകാര്‍ക്ക് മാത്രമുള്ളതാണ് എന്നായിരുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് ഇടക്കിടെ ചെറുനാരങ്ങ കലക്കിയത് കിട്ടി. വിരുന്നുകാര്‍ വരുമ്പോഴും അല്‍പം കൂടുതല്‍ കലക്കും. ബാക്കിവരുന്നത് പിന്നെ ഞങ്ങളുടെ അവകാശമാണ്. ഇതൊന്നും പോരാഞ്ഞ് ഞങ്ങളുടെ വക, തേങ്ങാല്‍ പിഴിഞ്ഞുള്ള വെള്ളം കലക്കലും. ഇത്രയ്ക്ക രുചിയുള്ള, ആരോഗ്യദായകമായ ഒരു പാനീയം എവിടെക്കിട്ടാനാണെന്ന് ഇപ്പോള്‍ ആലോചിച്ചുപോകുന്നു. പണ്ട് കൂപ്പില്‍ കണക്കെഴുത്തായിരുന്നു ഉപ്പയ്ക്ക് ജോലി. പിന്നീട് മരക്കച്ചവടം തുടങ്ങിയപ്പോഴും കാടുമായുള്ള ബന്ധം വിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ വരവിനും കുപ്പിക്കണക്കിന് തേന്‍ കൊണ്ടുവന്നു. അതിന്റെ ബഹുഭൂരിഭാഗവും ഞാന്‍ തന്നെ അകത്താക്കി.

(എങ്കിലും എല്ലാ മുസ്ലിം വീടുകളിലും ഉണ്ടായിരുന്നതുപോലെ, എല്ലാ വെള്ളിയാഴ്ചയും ബീഫ് ഉലര്‍ത്തിയത്, പൊരിച്ചകോഴിക്കാല്...ഇതെല്ലാം ആഘോഷവേഷകളില്‍ മാത്രമായിരുന്നു കെട്ടൊ. പിന്നെ, മറ്റൊരു കുഴപ്പം, ഇന്നു രാവിലെ ഓട്ടടയാണെങ്കില്‍ നാളെയും മറ്റന്നാളും ഉമ്മച്ചി അതുതന്നെ ഉണ്ടാക്കിക്കളയും. പിന്നെ ഒരാഴ്ചത്തേക്ക് പുട്ട്. പിറ്റത്തെയാഴ്ച പത്തിരി തന്നെ പത്തിരി. കൂടെ തേങ്ങാക്കറിയും.)
ഇതെല്ലാം കഴിച്ചിട്ട് ഇപ്പോ എന്തുകാര്യം എന്ന് നിങ്ങളിപ്പോള്‍ ആലോചിച്ചതുപോലെ, ഞാനും കുത്തിയിരുന്ന് ചിന്തിച്ചിട്ടുണ്ട്, പണ്ട്. അതിനൊരു മറുപടി തന്നത് യൂ.പി. ക്ലാസില്‍ എന്റെയൊപ്പം പഠിച്ച നിഷാനയാണ്. യു.പി. ക്ലാസ് കഴിഞ്ഞതിന് ശേഷം നിഷാനയും ഞാനും നേരില്‍ കണ്ടത് ഒരു കല്ല്യാണ വീട്ടില്‍ വെച്ചാണ്. അപ്പോഴേക്കും ഞാന്‍ പഠിത്തമൊക്കെക്കഴിഞ്ഞ് ജോലിചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നെ കണ്ടയുടന്‍ തന്നെ നിഷാനയുടെ മുഖത്ത് വന്ന നിരാശ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നെ, ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു-'പണ്ടു പൊയിലിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെയൊക്കെ ആഗ്രഹം രഹനയുടെ ചോറ്റുപാത്രത്തില്‍ ഉണ്ടാകുന്നപോലത്തെ കറികള്‍ കിട്ടിയിരുന്നെങ്കില്‍ എന്നായിരുന്നു. നീ ഉടുക്കുന്നത്ുപോലത്തെ ഉടുപ്പുകള്‍ വേണം, അതുപോലെ മുടികെട്ടണം എന്നൊക്കെ വീട്ടില്‍ പോയി പറഞ്ഞിട്ടുണ്ട്. എന്നിട്ടിപ്പോ...നിന്റെ കോലമെന്താ ഇങ്ങനെ...നീയാകെ മാറിപ്പോയി. അതൊന്നും നിന്റെ ഗുണമായിരുന്നില്ലെന്ന് ഇപ്പോഴാ മനസ്സിലായത്. നിന്റെ ഉമ്മച്ചിയുടെ ഉഷാറ് ആയിരുന്നു അതെല്ലാം..'
അതൊരു കണ്ണു തുറപ്പിക്കുന്ന പ്രസ്താവനയായിരുന്നു, സത്യം. ഇപ്പോള്‍, ഏഴുവയസ്സുകാരി മകള്‍ ഉടുപ്പൊന്നുംമാറാതെ, അഴിച്ചിട്ട മുടിയുമായി ടെലിവിഷന് മുമ്പില്‍ ചടഞ്ഞിരിക്കുമ്പോള്‍ ഞാന്‍ വീണ്ടും ഉമ്മച്ചിയുടെ വിലയറിയുന്നു. മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഉമ്മച്ചി.